തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനെതിരേ ഉദ്യോഗസ്ഥരുടെ പരാതി.... ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും സൗജന്യങ്ങള്‍ കൈപ്പറ്റുന്നതായുമാണ് പരാതി...

ദേവികുളം, ഉടുമ്പന്‍ചോല മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനെതിരേ ഉദ്യോഗസ്ഥർ പരാതി നൽകി. നിരീക്ഷകനായ നരേഷ് കുമാര്‍ ബന്‍സാലിനെതിരെയാണ് പരാതി ലഭിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യുന്ന 42 ഉദ്യോഗസ്ഥര്‍ ഒപ്പിട്ട പരാതിയാണ് നല്‍കിയിരിക്കുന്നത്.
നിരീക്ഷകനായ നരേഷ് കുമാര്‍ നിരന്തരം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും സൗജന്യങ്ങള്‍ കൈപ്പറ്റുന്നതായുമാണ് പരാതി നൽകിയത്. ചില കടകളില്‍ പോയി നിരീക്ഷകന്‍ വിലകൂടിയ സാധനങ്ങള്‍ വാങ്ങി പണം കൊടുക്കാറില്ല. തുടര്‍ന്ന് കീഴുദ്യോഗസ്ഥര്‍ ഇതിന്റെ പണം നല്‍കാന്‍ നിര്‍ബന്ധിതാരാവുകയാണ്.
സ്ഥാനാര്‍ഥികളെയും പോളിങ് ഏജന്റുമാരെയും മറ്റും ഇയാൾ ഭീഷണിപ്പെടുത്തുന്നു. കീഴുദ്യോഗസ്ഥരോട് ഷൂ പോളിഷ് ചെയ്തു തരാന്‍ പല തവണ ആവശ്യപ്പെടുകയും ചെയ്തു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് അനുകൂലമായി മാത്രമായാണ് സംസാരിക്കുന്നതും.
വീഡിയോ നിരീക്ഷണ സംഘത്തിന്റെ വാഹനം നിര്‍ബന്ധപൂര്‍വം പിടിച്ചു വാങ്ങി കുടുംബ സമേതം മധുരയിലേക്ക് ഉല്ലാസയാത്ര നടത്തി. ഗസ്റ്റ്ഹൗസിലെ താമസ സൗകര്യം പോരെന്നും സ്വകാര്യ ഹോട്ടലിലേക്ക് താമസം മാറ്റണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി തുടങ്ങിയവയാണ് പരാതിയിലെ മറ്റ് ആരോപണങ്ങള്‍.
നരേഷ് കുമാര്‍ ബന്‍സാലിന് കീഴില്‍ ജോലിചെയ്യുന്ന 42 ഉദ്യോഗസ്ഥര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കുമാണ് പരാതി നല്‍കിയത്. അതേസമയം, പരാതി രമ്യമായി പരിഹരിച്ചിരുന്നെന്ന് സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടർ പ്രതികരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha