കൊറോണ പേടി..! ലോക്ഡൗൺ ഭയന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടാത്തോടെ നാടുവിടുന്നു... ഇന്നലെ മാത്രം മടങ്ങിയത് 650 ല്‍പരം പേർ...

അതിതീവ്രവും ഗുരുതരവുമായ സ്ഥിതിവിശേഷം സംജാതമായ കോവിഡ് രണ്ടാം തരംഗത്തിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിട്ടൊഴിയുന്ന കാഴ്ചയാണ് നമ്മുടെ നാട്ടിൽ കാണാൻ കഴിയുന്നത്. രണ്ട് ജനിതകമാറ്റം വന്ന രോഗാണുവിന് പിന്നാലെ മൂന്ന് ജനിതകമാറ്റം വന്ന വൈറസിന്‍റെ വകഭേദവും ഇന്ത്യയില്‍ കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ 3 ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. കോവിഡ് ഭീതിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ സ്വദേശത്തേക്ക് മടങ്ങുന്ന കാഴ്ച കഴിഞ്ഞ ദിവസം ഡൽഹിയിൽ കണ്ടതായിരുന്നു.
സമാന രീതിയിലാണ് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇന്നലെ മാത്രം മടങ്ങിയത് 650 ല്‍പരം തൊഴിലാളികളാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊഴിലാളികള്‍ കൂട്ടമായി എത്തിയത് റെയില്‍വേ ഉദ്യോഗസ്ഥരേയും പോലീസിനേയും ഒരു പോലെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് ഇത്രയധികം തൊഴിലാളികള്‍ എത്തിയതെന്ന് റെയില്‍വേ ഉദ്യോഗസ്ഥരും ആശങ്ക പങ്കുവയ്ച്ചു.
കൊല്‍ക്കത്തയിലേക്ക് നേരിട്ട് പോകുന്ന ഡിബ്രുഗര്‍ എക്സ്പ്രസ്സ് ട്രെയിന്‍ ഇന്നലെയാണ് ഉണ്ടായിരുന്നത്. ബംഗാളില്‍ നിന്നുള്ള തൊഴിലാളികളിൽ അധികവും ഈ ട്രെയിനിലാണ് യാത്ര ചെയ്യുന്നത്.
ഇന്നലെ എത്തിയ തൊഴിലാളികളില്‍ കുറച്ചു പേര്‍ മാത്രമാണ് ടിക്കറ്റ് എടുക്കാൻ എത്തിയത്. ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് തീവണ്ടിയില്‍ യാത്ര ചെയ്യാന്‍ സാധിക്കുക. ഒരാള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഫോണില്‍ ലഭിക്കുന്ന സന്ദേശം വാട്ട്‌സ്ആപ്പ് മുഖേന പലര്‍ക്കും കൈമാറി ഇത് കാണിച്ചാണ് യാത്ര തരപ്പെടുത്തുന്നത്.
ഇതിന്റെ പേരില്‍ ശനിയാഴ്ച വൈകിട്ട് റെയില്‍വേ പോലീസും തൊഴിലാളികളുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. പോലീസ് പരിശോധന തുടങ്ങിയപ്പോള്‍ തൊഴിലാളികള്‍ കൂട്ടമായി എത്തി പ്രതിരോധിച്ചു. ആള്‍ബലം കുറവായിരുന്നതിനാല്‍ പോലീസ് പിന്‍വാങ്ങുന്ന സാഹചര്യമാണ് ഉണ്ടായത്.
വരും ദിവസങ്ങളിലും തൊഴിലാളികള്‍ ധാരാളമായി മടങ്ങുമെന്നാണ് കരുതുന്നത്. ചെങ്ങന്നൂർ റെയിൽവേ സ്േറ്റഷനിൽനിന്ന് ദിവസവും 500 മുതൽ ആയിരത്തോളം ആളുകളാണ് ജന്മനാട്ടിലേക്ക് മടങ്ങുന്നത്.
സമാന രീതിയിൽ കഴിഞ്ഞ ദിവസം കോഴിക്കോടും നാട്ടിലേക്ക് മടങ്ങുന്ന സ്ഥിതിയുണ്ടായി. ഹോട്ടൽ, നിർമാണ മേഖലയിൽ പണി കുറഞ്ഞതും ബീച്ചുകളിലും മറ്റും നിയന്ത്രണം ഏർപ്പെടുത്തിയതോടെയുമാണ് ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായും ഒറ്റയ്‌ക്കും സ്വദേശങ്ങളിലേക്ക് മടങ്ങുന്നത്‌ിന് കാരണമായത്.
പശ്‌ചിമബംഗാൾ, ഒഡിഷ, ഉത്തരാഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയുമായി ആയിരത്തി ഇരുന്നൂറോളം പേരാണ് ട്രെയിൻ കയറിയത്. തമിഴ്നാട്ടുകാരും മടങ്ങിയിട്ടുണ്ട്. സ്വദേശത്തെ തെരഞ്ഞെടുപ്പിനെ തുടർന്ന് കുറച്ചു നാളുകൾക്കു മുമ്പ് ചിലർ നാട്ടിലേക്ക് തിരിച്ചിരുന്നു. ഇത് കൂടാതെയാണ് വീണ്ടും മടക്കം.
ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതൽ ജോലിയെടുക്കുന്ന ഹോട്ടൽ മേഖലയിലും നിർമാണമേഖലയിലും വിൽപ്പന കേന്ദ്രങ്ങളിലും കോവിഡ് വ്യാപനം പ്രതിസന്ധി തീർത്തിട്ടുണ്ട്. ബീച്ചുകളിലും മറ്റും വിൽപ്പന നടത്തിയിരുന്ന തൊഴിലാളികൾക്ക് പണിയില്ലാതായി.
ഹോട്ടൽ മേഖലയിൽ 40 ശതമാനത്തോളം തൊഴിലാളികളാണ് പണി നിർത്തി സ്വദേശങ്ങളിലേക്ക് തിരിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഹോട്ടലുകളിൽ കച്ചവടം കുറഞ്ഞിരുന്നു. റമദാൻ മാസത്തിൽ പലതും അടച്ചിടുകയും ചെയ്‌തു.
അതേസമയം, കോവിഡിനെ തുടർന്ന് വീണ്ടും ഹോട്ടലുകൾ അടച്ചിടേണ്ടിവന്നാൽ ഇവിടെയുള്ള അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസവും അടക്കമുള്ള സൗകര്യങ്ങൾ എങ്ങനെ ഒരുക്കുമെന്ന ആശങ്കയിലാണ് ഉടമകൾ.
ബീച്ചുകളിൽ കോവിഡ് നിയന്ത്രണം ഏർപ്പെടുത്തിയതും കച്ചവടക്കാരായ അതിഥി തൊഴിലാളികൾക്ക് പ്രതിസന്ധിയായി. കോഴിക്കോട് ബീച്ചിൽ മാത്രം കളിക്കോപ്പുകളടക്കം വിൽപ്പന നടത്തി ഉപജീവനം തേടുന്നവർ അനവധിയാണ്.
https://www.facebook.com/Malayalivartha

























