കൊല്ലം കുളത്തുപ്പുഴയില്‍ ആത്മഹത്യ ചെയ്ത പ്ളസ്ടു വിദ്യാര്‍ഥിനി ആഴ്ചകള്‍ക്ക് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ഫോണും അപ്രത്യക്ഷമായി: കിണർ വറ്റിച്ചിട്ടും കിട്ടാത്ത ഫോൺ ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ച വില്ലന്മാർ മുക്കിയതോ?

കൊല്ലം കുളത്തുപ്പുഴയില്‍ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ 17 കാരി ആഴ്ചകള്‍ക്ക് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ചന്ദനക്കാവ് വടക്കേചെരുകര സ്വദേശിനിയായ പ്ളസ്ടു വിദ്യാര്‍ഥിനി ദിവ്യയാണ് മരിച്ചത്. കുളത്തൂപ്പുഴ വടക്കേ ചെറുകര ദീപവിലാസത്തില്‍ കൃഷ്ണന്‍കുട്ടി ദീപ ദമ്പതികളുടെ മകള്‍ ദിവ്യയെയാണ് വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മ തിരുവനന്തപുരത്ത് ഹോംനഴ്‌സായി ജോലി ചെയ്യുന്നതിനാൽ അമ്മയുടെ അച്ഛന്‍ തങ്കപ്പനോടൊപ്പമായിരുന്നു വീട്ടില്‍ താമസം.
രാവിലെ എട്ടുമണിയോടെ മുത്തച്ഛന്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് 17കാരിയെ അടുക്കളയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ രാവിലെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ ബിസിയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ഈ ഫോണും നഷ്ടമായിട്ടുണ്ട്. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാവിലെ കടയില്‍ പോയി മടങ്ങി വന്ന തങ്കപ്പന്‍ വീടിന് പുറത്തു നിന്ന് വിളിച്ചിട്ടും ദിവ്യ വീടിന്റെ കതക് തുറന്നില്ല. തുടര്‍ന്ന് നോക്കിയപ്പോഴാണ് അടുക്കളയില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ നാട്ടുകാരെയും പഞ്ചായത്ത് അംഗത്തെയും വിവരം അറിയിച്ചു.
കുളത്തുപ്പുഴ പൊലീസും കൊല്ലത്ത് നിന്നുളള ഫൊറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴി ശേഖരിച്ചിരുന്നു. സംഭവ ദിവസം രാവിലെ കുട്ടിയെ വീടിന് മുന്നില്‍ കണ്ടിരുന്നതായി സമീപവാസികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. വീട്ടില്‍ നിന്ന് ലഭിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ ചില വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം. ലൈംഗിക പീഡനം കൂടി തെളിഞ്ഞതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സൈബര്‍ സെല്ലും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
അതേ സമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ചിറ്റാരിക്കാല്‍ കടുമേനി പട്ടേങ്ങാനം സ്വദേശി ആന്റോ ചാക്കോച്ചനെന്ന 28കാരൻ ജാമ്യത്തിലിറങ്ങി വീണ്ടും അതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയെന്ന് പരാതിയ്ക്ക് പിന്നാലെ അറസ്റ്റ് വൈകുന്നതില്‍ കടുത്ത പ്രതിഷേധമായി നാട്ടുകാർ രംഗത്ത്. ഒരു വര്‍ഷം മുമ്പാണ് പതിനാലുകാരിയെ പീഡിപ്പിച്ചതിന് ചിറ്റാരിക്കാല്‍ പൊലീസ് ആന്റോയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് അന്ന് പീഡനവിവരം പുറത്തറിഞ്ഞത്.
റിമാന്‍ഡിലായിരുന്ന ആന്റോ ആറു മാസത്തിനുശേഷം ജാമ്യത്തിലിറങ്ങി. ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ജൂലായ് 13-ന് അമ്മ പൊലീസില്‍ പരാതി നല്‍കി. ഒരു മാസമായി ഇയാള്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്നുതന്നെ കേസെടുത്തിട്ടുണ്ടെന്നും പ്രതി ഒളിവിലായതിനാല്‍ പിടിക്കാനായില്ലെന്നുമാണ് ചിറ്റാരിക്കാല്‍ പൊലീസിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha


























