കേരളം ഞെട്ടുന്നു... ഉയിരെടുത്ത് ഭർത്താക്കന്മാർ; ശുചിമുറിക്കുള്ളിൽ കഴുത്തിൽ ഷാൾ കുരുങ്ങി അവശനിലയിൽ കണ്ടെത്തിയ യുവതി മരിച്ചു; പണ്ടാരത്തുരുത്തിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി:- സംശയ രോഗം മൂത്ത് ബേഡകത്ത് ഭാര്യയെ ഒരു രാത്രി മുഴുവൻ മർദ്ദിച്ച് അവശയാക്കി വിറകുകൊണ്ട് തലക്കടിച്ച് ഭർത്താവ് കൊലപ്പെടുത്തി

കുടുംബ വഴക്കിന് പിന്നാലെ ആലപ്പാട് പണ്ടാരതുരുത്തില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പണ്ടാരതുരുത്ത് മൂക്കുംപുഴ ക്ഷേത്രത്തിന് സമീപം തെക്കേ തുപ്പാശ്ശേരില്‍ വീട്ടില്‍ മണികണ്ഠനാണ് ഭാര്യ ബിന്‍സിയെ (38) കുത്തിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ കൃത്യം നടത്തിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മണികണ്ഠനെ കരുനാഗപ്പള്ളി പൊലീസ് പണിക്കര്‍കടവ് കൊച്ചോച്ചിറ ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മില്‍ എന്നും കുടുംബവഴക്ക് നടക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മണികണ്ഠന് വന്‍ തുക വായ്പയെടുത്തതുമായി ബന്ധപ്പെട്ട് വഴക്ക് നടന്നിരുന്നു. വിഷയമറിഞ്ഞ് ബിന്‍സിയുടെ മാതാപിതാക്കള്‍ തിങ്കളാഴ്ച വന്ന് പരിഹാരശ്രമം നടത്തിപ്പോയി. പിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നെന്നും മണികണ്ഠന് ഭാര്യയെ കത്തികൊണ്ട് ഇടത് നെഞ്ചിന് താഴെ കുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ആഴത്തിലുള്ള മുറിവേറ്റ ബിന്‍സിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഐ.ആര്‍.ഇ വെള്ളനാതുരുത്ത് മൈനിങ് വിഭാഗം തൊഴിലാളിയായിരുന്നു മണികണ്ഠന്.
മറ്റൊരു സംഭവത്തിൽ കാസർഗോഡ് ബേഡകം കുറിത്തിക്കുണ്ടിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുറത്തിക്കുണ്ട് കോളനി സ്വദേശിനി സുമിതയാണ് മരിച്ചത്. സുമിതയെ ഭർത്താവ് അനിൽകുമാർ വിറക് തടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഒരു രാത്രി മുഴുവന്‍ യുവാവ് ഭാര്യയെ ഇടിച്ചും തൊഴിച്ചും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. യുവതിയുടെ ദേഹമാസകലം പരിക്കുണ്ട്.
മദ്യപിച്ചെത്തിയ അരുണ്‍കുമാര്‍ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ഭാര്യയുമായി വഴക്കിട്ടിരിന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നാലുവര്‍ഷം മുമ്പ് പ്രണയിച്ചാണ് യുവതിയും യുവാവും വിവാഹിതരായത്. കൂലിപ്പണിക്കാരനാണ് അരുണ്‍കുമാര്‍. കൊല നടക്കുമ്പോൾ സുമിതയുടെ മാതാവ് ജാനകിയും അരുണ്‍കുമാറിന്റെ അനുജനും വല്യമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. സുമിതയ്ക്ക് മറ്റൊരു യുവാവുമായി പ്രണയ ബന്ധം ഉണ്ടെന്ന സംശയം ഇയാളെ പ്രകോപിതനാക്കി. ഇരുവരും പട്ടിക വിഭാഗക്കാരാണ്. പിടിയിലായ അരുണ്‍കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കൊലയ്ക്കുള്ള കാരണം വ്യക്തമായത്. കാസര്‍കോട് ആര്‍ ഡി ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തും.
അതേ സമയം കൊല്ലം വിളക്കുടിയിൽ വീട്ടമ്മയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് യുവതിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം എസ്പിക്ക് പരാതി നൽകി. ഇളമ്പൽ കോട്ടവട്ടം വളവുകാട് താന്നിക്കല്‍ വീട്ടില്‍ ജോമോന്‍ മാത്യുവിന്റെ ഭാര്യ ജയമോള്‍ (34) ആണ് മരിച്ചത്. സംഭവത്തിൽ പിതാവിന്റെ പരാതിയെത്തുടർന്ന് ഭർത്താവ് ജോമോന്‍ മാത്യുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെ ശുചിമുറിയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി അവശനിലയിൽ തിങ്കളാഴ്ച ഉച്ചയോടെ ജയമോളെ കണ്ടെത്തുകയായിരുന്നു. പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും മരുമകളും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അമ്മായി അമ്മയുമായുള്ള തര്‍ക്കത്തിനിടയില്‍ ബാത്ത്‌റൂമിലേക്ക് ഓടിക്കയറിയ മരുമകളെ റെയില്‍വേയില്‍ ട്രാക്ക് മെയ്‌ന്റെയ്‌നര്‍ ആയ ഭര്‍ത്താവ് കഴുത്തിന് ഞെരിച്ച് കൊന്നതാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ജോമോന്‍ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ ജയമോളും ജോമോന്റെ മാതാവ് കുഞ്ഞുമോള്‍ മത്തായിയും തമ്മില്‍ പാത്രം കഴുകി വയ്ക്കുന്നതിനെച്ചൊല്ലി വാക്കു തര്‍ക്കം നടന്നതായി പൊലീസ് പറഞ്ഞു. പിന്നീട് ജയമോള്‍ ശുചിമുറിയില്‍ കയറി. ഏറെ വൈകിയിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്നു ജയമോളുടെ മകള്‍ ശുചിമുറിയുടെ കതക് തള്ളിത്തുറന്നു നോക്കുമ്പോൾ ജയമോള്‍ അവശ നിലയില്‍ നിലത്ത് കിടക്കുന്നതാണു കണ്ടത്. ഉടന്‍ പുനലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
https://www.facebook.com/Malayalivartha


























