രക്ഷകനായ പി.സി. ജോര്‍ജ്... രണ്ടു ജഡ്‌ജിമാര്‍ ഒരുമിച്ചു പറഞ്ഞതാണ്, രാജിവയ്‌ക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സ്വയം തോന്നണം, മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നത് കാര്യങ്ങള്‍ വഷളാക്കും, ധാര്‍മികത എന്താണന്ന് വ്യക്തമാക്കണം

സര്‍ക്കാരിന് താങ്ങും തണലുമായിരുന്ന പിസി ജോര്‍ജ് അവസാനം ഉമ്മന്‍ ചാണ്ടിയെ തള്ളിപ്പറഞ്ഞു. മൂത്രമൊഴിക്കാന്‍ പോയാല്‍ തീരുന്ന ഭൂരിപക്ഷത്തില്‍ നിന്നും സര്‍ക്കാരിന്റെ രക്ഷകനായി മാറിയതും ഈ പിസി ജോര്‍ജ് തന്നെ. കോടതി വിധിയെ തുടര്‍ന്ന് പിസി ജോര്‍ജ് ഉമ്മന്‍ ചാണ്ടിക്കെതിരായി തന്റെ നിലപാട് തുറന്നു പറഞ്ഞു. രണ്ടു ജഡ്ജിമാര്‍ ഒരുമിച്ച് മുഖ്യമന്ത്രിക്കെതിരേ പരാമര്‍ശം നടത്തിയിരിക്കുന്നു. ഇത് അസാധാരണമാണ്. താനായിരുന്നെങ്കില്‍ പണ്ടേ രാജിവച്ച് വീട്ടില്‍ പോകുമായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് അതിനു കഴിയില്ല. രാജിവെക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് സ്വയം തോന്നണം.
ഘടകകക്ഷികള്‍ അദ്ദേഹത്തിന്റെ രാജി ആവശ്യം ഉന്നയിക്കുന്നത് ശരിയല്ല. ധാര്‍മികത ഓരോരുത്തരും അവരവരുടെ ചിന്തയ്ക്കനുസരിച്ചാണ് തീരുമാനിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതുകൊണ്ട് ധാര്‍മികത എന്താണന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നത് കാര്യങ്ങള്‍ വഷളാക്കുമെന്നും അപഹാസ്യരാകണോ എന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്വയം തീരുമാനിക്കണമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പല മാന്യന്മാരുമുണ്ട്. ചുറ്റും നില്‍ക്കുന്ന ചില ഉപഗ്രഹങ്ങള്‍ മുഖ്യമന്ത്രിയെ നശിപ്പിക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
45 വര്‍ഷത്തെ പൊതുജീവിതം ഇത്തരത്തില്‍ അവസാനിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകില്ലെന്നും അദ്ദേഹത്തോട് മാനുഷിക പരിഗണന കാട്ടണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.
അതേസമയം പിസി ജോര്‍ജിന്റെ അഭിപ്രായം പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് കെ.എം. മാണി പ്രതികരിച്ചു.
https://www.facebook.com/Malayalivartha