ഒന്നിലേറെ വിവാഹം കഴിക്കാൻ മതം മാറി; പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളായതിനാല്‍ ഐസിസില്‍ ചേരാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല, ഒൻപത് വര്ഷം മുൻപ് തന്നെപ്പിരിഞ്ഞ് വേറെ വിവാഹം കഴിച്ചെന്ന് ഭാര്യ, കഴിഞ്ഞ ദിവസം ഐസിസില്‍ ചേര്‍ന്നവരുടെ പേര് വിവരം വെളിപ്പെടുത്തി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞ പ്രജു ആരാണ്?

കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിനിടെ ഐസിസില്‍ ചേര്‍ന്നവരുടെ പേര് വിവരം വെളിപ്പെടുത്തിയ മുഖ്യമന്ത്രി അതിൽ ഒരു പ്രജുവിനെകുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇതുവരെ ഈ പേര് മറ്റെവിടെയും കേട്ടിട്ടില്ലാത്തതിനാലും മറ്റുവിവരങ്ങൾ ലഭ്യമല്ലാത്തതിനാലും തന്നെ ഈ പ്രജു ആരെന്നോ എവിടെയെന്നുമുള്ള കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഇത്തരത്തിൽ ഒരു വ്യക്തിയെ കുറിച്ച് സംസ്ഥാന പൊലീസിനോ കേന്ദ്ര ഇന്റലിജന്‍സിനോ യാതൊരു വിവരവുമില്ല എന്നതാണ് സംഭവം കൂടുതല്‍ ഗൗരവതരമാക്കുന്നത്.
കോഴിക്കോട് ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ പ്രജുവെന്ന ആളെ കാണാതായി എന്ന് ഭാര്യ നല്‍കിയ ഒരു പരാതി മാത്രമാണ് ഇതുവരെ പൊലീസ് രേഖകള്‍ പ്രകാരം കൈവശമുള്ളത്. 2015ൽ ഇയാളെ കാണ്മാനില്ലെന്ന് കാട്ടി പനായി സ്വദേശിനിയായ ഭാര്യയുടെ പരാതിയാണ് പൊലീസിന് ലഭിച്ചത്. എന്നാല്‍ ഈ പ്രജു ഇപ്പോഴും വിദേശത്തു തന്നെയാണോ അതോ ഐസിസില്‍ ചേര്‍ന്നോ എന്നതിന് യാതൊരുവിധ തെളിവുകളൊന്നുമില്ല.
അതോടൊപ്പം തന്നെ 2019 വരെ മലയാളികളായ 100 പേരില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്ക് വിദേശത്തു പോയ ശേഷം ഐസിസ് ആശയങ്ങളില്‍ ആകൃഷ്ടരായി ഭീകരസംഘടയില്‍ അംഗങ്ങളായി എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. ഈ പട്ടികയിലാണ് ബാലുശ്ശേരി തുരുത്യാട് സ്വദേശിയായ പ്രജുവിന്റെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്. കിനാലൂര്‍ മങ്കയം ആമിന ഉമ്മ കൊലക്കേസ് പ്രതികൂടിയായിരുന്നു പ്രജു. പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ഭാര്യയ്ക്കും വീട്ടുകാര്‍ക്കും വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയതിന് പിന്നാലെയാണ് ഇയ്യാൾ നാടുവിട്ടത്.
അതേസമയം പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളായതിനാല്‍ തന്നെ ഐസിസില്‍ ചേരാനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് ഭാര്യ വ്യക്തമാക്കി. ഒമ്പതു വര്‍ഷം മുമ്പ് ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ച് വീടു വിട്ടിറങ്ങിയിരുന്നെന്നും പിന്നീട് വേറൊരു വിവാഹം കഴിച്ചതായി അറിഞ്ഞെന്നും ഭാര്യ പോലീസിനോട് വ്യക്തമാക്കുകയുണ്ടായി.
ഇതുവരെ നാലു വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് അറിവെന്നും കൂടുതല്‍ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് മതം മാറിയതെന്നും ഭാര്യ വ്യക്തമാക്കി. ഏതായാലും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രജുവിന്റെ പേര് പറഞ്ഞതോടെ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തിരക്കി വിവിധ അന്വേഷണ ഏജന്‍സികള്‍ ഭാര്യയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണം ഊർജിതമാക്കാൻ കൂടുതല്പേരെ ഇതിനോടകം തന്നെ സജ്ജമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























