ആംബുലന്‍സ് മരത്തിലിടിച്ച് അപകടം; കോവിഡ് രോഗി മരിച്ചു; ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
ആംബുലന്‍സ് എരമല്ലൂര്‍ ദേശീയപാതയോരത്ത് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ കോവിഡ് രോഗി മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കു പരിക്കേറ്റു. കൊല്ലം തിരുമൂലവാരം ശ്രീ വൈകുണ്ഡം വീട്ടില്‍ പൊന്നപ്പന്‍പിള്ളയുടെ ഭാര്യ ഷീല പി. പിള്ള(66) ആണ് മരിച്ചത്. വാനിലുണ്ടായിരുന്ന ഇവരുടെ മകന് ഡോ. മഞ്ജുനാഥ് (36), ഭാര്യ ഡോ. ദേവിക (31), ആംബുലന്‍സ് ഡ്രൈവര്‍ കൊല്ലം കണ്ണനല്ലൂര്‍ മഞ്ജുവിലാസത്തില്‍ കെ. സന്തോഷ് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ നെട്ടൂര്‍ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷിന്റെ നില അതീവ ഗുരുതരമാണ്. ദേശീയപാതയില്‍ എരമല്ലൂര്‍ സാനിയ തിയറ്ററിനു സമീപം ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വാന്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അരൂര്‍ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടം നടന്ന സമയത്ത് അതുവഴി വന്ന അരൂര്‍ ഗ്രാമ പഞ്ചായത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ ഉണ്ണിയാണ് പരിക്കേറ്റവരെ ആദ്യം തുറവൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചത്.
ഷീല പി. പിള്ളയെ എറണാകുളം അമൃത ആശുപത്രിയിലേക്കും മറ്റു മൂന്ന് പേരെ ലേക് ഷോര്‍ ആശുപത്രിയിലും എത്തിച്ചു. അമൃതയില്‍ എത്തിയപ്പോള്‍ തന്നെ ഷീല പി.പിള്ള മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കൊല്ലത്തേക്കു കൊണ്ടുപോയി. പരിക്കേറ്റ ഡോ. മഞ്ജുനാഥ് കൊല്ലം എന്‍.എസ് ആശുപത്രിയിലെ പീഡിയാട്രീഷ്യനാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ദേവിക കൊല്ലം ഗവ. ആശുപത്രിയിലെ ഡോക്ടറാണ്. മറ്റു മക്കള്‍: ഡോ. അഞ്ജലി (ഗൈനക്കോളജിസ്റ്റ് ഒമാന്‍), അഡ്വ. രഞ്ജിനി (തിരുവന്തപുരം ലോ അക്കാദമി അസി. പ്രഫസര്‍). മറ്റു മരുമക്കള്‍: ഡോ. പ്രേം ഹരിദാസ് മേനോന് (തിരുവന്തപുരം മെഡിക്കല്‍ കോളജ്), ഡോ. സജിത കെ. നായര്‍ (ഓസ്ട്രേലിയ).
https://www.facebook.com/Malayalivartha