മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു; ഭക്തര്‍ക്ക് നാളെ മുതല്‍ പ്രവേശനം

ഭക്തര്‍ക്ക് അനുഗ്രഹമായി മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ച് മണിക്കാണ് മേല്‍ശാന്തി ദീപം തെളിയിച്ച് നട തുറന്നത്. പിന്നീട് ആഴിയിലും ദീപം പകര്‍ന്നു.
വെളളിയാഴ്ച (നാളെ) പുലര്‍ച്ചെ 4 മണി മുതലാണ് ഭക്തരെ ദര്‍ശനത്തിനായി മല കയറ്റി വിടുക. ഇന്ന് ഭക്തര്‍ക്ക് പ്രവേശനമില്ല. ഇന്ന് രാവിലെ മുതല്‍ സ്‌പോട്ട് ബുക്കിംഗ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
മണ്ഡലപൂജയ്ക്ക് ശേഷം കഴിഞ്ഞ ദിവസം വൈകിട്ടാണ് നട അടച്ചത്. 11 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഇത്തവണ സന്നിധാനത്തെത്തിയത്. വരുമാനം 90 കോടി പിന്നിട്ടതായി ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മണ്ഡലകാലത്ത് 8 കോടി മാത്രമായിരുന്നു വരുമാനം. കൊറോണ നിയന്ത്രണങ്ങള്‍ ഇല്ലാതിരുന്ന 2019 ല്‍ മണ്ഡല, മകര വിളക്കുകാലത്തെ വരുമാനം 156 കോടിയായിരുന്നു.
മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന കൊറോണ നിയന്ത്രണങ്ങളില്‍ പിന്നീട് ഇളവുവരുത്തിയതോടെ സന്നിധാനത്ത് തിരക്കേറിയിരുന്നു. മകരവിളക്ക് ഉത്സവത്തിനും കൂടുതല്‍ ഭക്തര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം.
https://www.facebook.com/Malayalivartha