വല്ലാത്തൊരു ദുരന്തം... കള്ളനെന്ന് കരുതി കുത്തിയെന്ന് പറഞ്ഞ സൈമണ് പിടിച്ചു നില്‍ക്കാനായില്ല; കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് സൈമണ്‍; അനീഷിനെ ഇടനെഞ്ചില്‍ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ; ഭാര്യയും മകളും അപേക്ഷിച്ചിട്ടും സൈമണ്‍ ചെവിക്കൊണ്ടില്ല

തിരുവനന്തപുരം പേട്ടയില്‍ മകളുടെ സുഹൃത്തായ അനീഷ് ജോര്‍ജിനെ അച്ഛന്‍ സൈമണ്‍ കുത്തിക്കൊന്ന സംഭവത്തില്‍ വഴിത്തിരിവാകുന്നു. യുവാവിനെ സുഹൃത്തായ പെണ്‍കുട്ടിയുടെ പിതാവ് കുത്തിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അനീഷ് ജോര്‍ജിനെ ഇടനെഞ്ചില്‍ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
ഭാര്യയും മകളും അഭ്യര്‍ത്ഥിച്ചെങ്കിലും മുന്‍വൈരാഗ്യം ഉള്ളത് പോലെയാണ് അനീഷിനെ പ്രതി കുത്തിക്കൊന്നത് എന്നും പോലീസ് കണ്ടെത്തി. കൂടാതെ അനീഷ് ആണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് പ്രതി സൈമണ്‍ ലാല്‍ കുത്തിയത് എന്നും വ്യക്തമായിട്ടുണ്ട്. സൈമണ്‍ ലാലിന്റെ മകളുടെയും ഭാര്യയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. കള്ളനാണെന്ന് കരുതി സ്വയരക്ഷയ്ക്കാണ് കുത്തിയതെന്നായിരുന്നു സൈമണ്‍ പിടിയിലായപ്പോള്‍ പൊലീസിന് നല്‍കിയ മൊഴി. ഇത് തെറ്റാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വീട്ടില്‍ നിന്ന് അനീഷിനെ പുലര്‍ച്ചെ പിടികൂടിയതിന് പിന്നാലെ ഇയാളെ വെറുതെ വിടണമെന്ന് മകളും ഭാര്യയും സൈമണോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇവര്‍ അപേക്ഷിച്ചിട്ടും അത് ചെവിക്കൊള്ളാന്‍ സൈമന്‍ തയ്യാറായില്ല. അനീഷിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇടനെഞ്ചില്‍ കുത്തിയത് എന്നും പോലീസ് പറയുന്നു. ഇടനെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ അനീഷിനെ പിന്നീട് പൊലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിദേശത്തായിരുന്ന സൈമണ്‍ നാട്ടില്‍ വരുമ്പോഴൊക്കെ ഇടയ്ക്കിടെ ഭാര്യയേയും മകളെയും ആക്രമിക്കാറുണ്ടായിരുന്നു. ഈ തര്‍ക്കങ്ങളില്‍ അനീഷ് ഇടപെട്ടിരുന്നതായും സൈമണിന്റെ ഭാര്യയെയും മകളെയും ആശ്വസിപ്പിച്ചിരുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊലയ്ക്ക് കാരണം മുന്‍വൈരാഗ്യമാണെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം അനീഷ് ജോര്‍ജിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഗുരുതര ആരോപണവുമായി യുവാവിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകദിവസം പുലര്‍ച്ചെ മൂന്നു മണിയോടെ അനീഷ് ജോര്‍ജിനെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചുവരുത്തിയത് പെണ്‍കുട്ടിയുടെ അമ്മയാണെന്നാണ് ആരോപണം. കൊലപാതകം ആസൂത്രിതമാണെന്നും, പെണ്‍കുട്ടിയുടെ കുടുംബത്തിന് വര്‍ഷങ്ങളായി തന്റെ മകനുമായി അടുപ്പമുണ്ടെന്നും അനീഷിന്റെ പിതാവ് പറയുന്നു. സംഭവ ദിവസം അനീഷ് പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും ഒപ്പം പുറത്തുപോയി. ഇവര്‍ തിരുവനന്തപുരത്തെ പുതിയ ലുലുമാളില്‍ പോയതായും അനീഷിന്റെ കുടുംബം ആരോപിക്കുന്നു.
പെണ്‍കുട്ടിയുടെ വീടിന് സമീപം ഒട്ടേറെ വീടുകളുണ്ടെങ്കിലും സമീപവാസികള്‍ സംഭവം അറിയുന്നത് പോലീസ് വീട്ടിലെത്തിയപ്പോഴാണ്. നിലവിളിയോ ഒന്നും തന്നെ പുറത്തു കേട്ടില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. പോലീസ് എത്തുമ്‌ബോള്‍ വീട്ടിന്റെ രണ്ടാം നിലയിലെ ഹാളില്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു അനീഷ് ജോര്‍ജ്ജ്. പോലീസാണ് അനീഷിന്റെ വീട്ടിലും വിവരം അറിയിക്കുന്നത്. ആദ്യം അപകടമരണം എന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം കാര്യങ്ങള്‍ പറയുകയായിരുന്നു.
കൊലപ്പെടുത്തണമെന്ന് കരുതിയല്ല അനീഷിനെ കുത്തിയതെന്ന് സൈമണ്‍ പിടിയിലായ ശേഷം പോലീസിന് മൊഴി നല്‍കിയിരുന്നു. മകളുടെ മുറിയില്‍നിന്ന് ശബ്ദം കേട്ടാണ് എത്തിയത്. മോഷ്ടാവോ, മക്കളെ അക്രമിക്കാനെത്തിയ മറ്റാരെങ്കിലുമാകാമെന്നാണ് കരുതിയത്. വീട്ടിലുണ്ടായിരുന്ന നീളം കുറഞ്ഞ കത്തി അനീഷിന്റെ നെഞ്ചിലെ മര്‍മ്മ സ്ഥാനത്തുതന്നെ ആഴ്ന്നിറങ്ങി. വീട്ടിലെത്തിയ ആളെ താന്‍ കുത്തിയെന്നും ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും പേട്ട പോലീസില്‍ ലാലന്‍ നേരിട്ടെത്തി സഹായം തേടി. പിന്നീട് പോലീസ് എത്തിയാണ് ആംബുലന്‍സില്‍ അനീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടു.
https://www.facebook.com/Malayalivartha