ഇനി ജിത്തുവാണ് എല്ലാമെല്ലാം... യുവതി വീട്ടില്‍ പൊള്ളലേറ്റു മരിച്ചതിന് പിന്നാലെ കാണാതായ സഹോദരി ജിത്തുവിനെ പൊക്കാന്‍ പോലീസ് പഠിച്ച പണി പലതും നോക്കി; മുമ്പും കാണാതായിട്ടുള്ളതിനാലും നാല് ഭാഷകള്‍ അറിയാമായിരുന്നതിനാലും കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടേണ്ടി വരുമെന്ന് കരുതി; അവസാനം പിടികൂടിയത് മേനകാ ജങ്ഷനില്‍ നിന്ന്

എറണാകുളം പറവൂര്‍ പെരുവാരത്ത് യുവതി വീട്ടില്‍ പൊള്ളലേറ്റു മരിച്ചതിന് ശേഷം സഹോദരി ജിത്തുവിനെ (20) കാണാതായതോടെ പോലീസിന്റെ അന്വേഷണം ആ വഴിയ്ക്കായി. ജിത്തുവിനെ പിടികൂടുകയായിരുന്നു ലക്ഷ്യം. ജിത്തുവിനായി സംസ്ഥാനമാകെ വലവിരിച്ചു. സംസ്ഥാനത്തിന് പുറത്ത് പോകാനുള്ള സാധ്യതയും നോക്കി.
ജിത്തുവിനെ മുമ്പ് പലവട്ടം കാണാതായിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് കാണാതായപ്പോള്‍ എളമക്കരയില്‍ നിന്നാണ് കണ്ടെത്തിയത്. വീട്ടുകാരോടൊപ്പം പോകാന്‍ ഇഷ്ടമില്ലെന്നു പറഞ്ഞതിനാല്‍ കോടതി ഹോം ഷെല്‍ട്ടറിലാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കാണാതായപ്പോള്‍ തൃശൂരില്‍ നിന്നാണ് കണ്ടെത്തിയത്. മലയാളം, ഇംഗ്‌ളീഷ്, ഹിന്ദി, തമിഴ് ഭാഷകള്‍ അറിയാം. അതെല്ലാം കാരണം ജിത്തു സംസ്ഥാനം കടക്കുമെന്ന ആശങ്കയുമുണ്ടായി.
അവസാനം ജിത്തു പൊലീസിന്റെ പിടിയിലായി. കൊച്ചി കാക്കനാട് കളക്ടറേറ്റിനു സമീപത്തെ തെരുവോരം പുനരധിവാസ കേന്ദ്രത്തിലാണ് ജിത്തുവിനെ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി എറണാകുളം മേനക ജംഗ്ഷനില്‍ അലഞ്ഞു നടന്നിരുന്ന ജിത്തുവിനെ എറണാകുളം വനിതാ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയും സംഘവുമാണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്ക് തെരുവോരം മുരുകന്‍ നടത്തുന്ന കേന്ദ്രത്തില്‍ എത്തിച്ചത്. വൈകിട്ട് അഞ്ചരയോടെ വടക്കേക്കര പൊലീസെത്തി മാനസികാസ്വാസ്ഥ്യമുള്ള ജിത്തുവിനെ കസ്റ്റഡിയിലെടുത്തു.
എറണാകുളത്ത് ചോദ്യം ചെയ്തതിന് ശേഷം രാത്രി ഒമ്പതോടെ പറവൂര്‍ സ്‌റ്റേഷനിലെത്തിച്ചു.
വാക്കുതര്‍ക്കത്തിനിടെ സഹോദരി വിസ്മയയെ (22) കുത്തിവീഴ്ത്തി മണ്ണെണ്ണയൊഴിച്ച് കത്തിച്ചതായി ജിത്തു പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. കറുത്ത പര്‍ദ്ദയും മാസ്‌കും ധരിച്ച യുവതിയെ പെട്ടെന്ന് തിരിച്ചറിയാനായില്ലെന്ന് തെരുവോരം മുരുകന്‍ പറഞ്ഞു. സുബൈദയെന്നാണ് പേരു പറഞ്ഞത്. കൈയിലെ മുറിവില്‍ നിന്ന് ദേഹത്തും വസ്ത്രത്തിലും രക്തം പടര്‍ന്ന നിലയിലായിരുന്നു. എറണാകുളം സിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടിയതിന്റെ രേഖകളും ബാഗിലുണ്ടായിരുന്നു. കാമുകനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടതായും മുരുകന്‍ പറഞ്ഞു.
പൊലീസുകാര്‍ക്കും ആശുപത്രിയിലും തെരുവോരത്തിലും വ്യാജ വിലാസമാണ് ജിത്തു നല്‍കിയത്. ലക്ഷദ്വീപിലാണ് വീടെന്നാണ് വനിതാ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഇന്നലെ രാവിലെ ലക്ഷദ്വീപ് പൊലീസ് സംഘം കാക്കനാടെത്തി വിവരങ്ങള്‍ തേടിയിരുന്നു.
പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെയും ജിജിയുടെയും രണ്ടാമത്തെ മകളാണ് ജിത്തു. മൂത്തമകള്‍ വിസ്മയയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് പറവൂര്‍ നഗരത്തിലേക്ക് പ്രവേശിക്കുന്ന വഴിയിലൂടെ ജിത്തു പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. അന്ന് വൈകിട്ട് 6.30ന് എടവനക്കാട് ടവര്‍ ലൊക്കേഷനിലാണ് ഇവരുടെ മൊബൈല്‍ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത്.
മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനം നിലച്ചതോടെ ജിത്തു ബോധപൂര്‍വം സുച്ചോഫാക്കി മുങ്ങിയതായി ബോധ്യമായി. തുടര്‍ന്ന് ജിത്തു പോകാന്‍ സാധ്യതയുള്ള പല പ്രദേശങ്ങളും അരിച്ചു പെറുക്കി. എങ്കിലും കണ്ടെത്താനായില്ല. അവസാനമാണ് അധികം ദൂരമല്ലാതെ ജിത്തുവിനെ കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ കേസ് എത്രത്തോളം നിലനില്‍ക്കുമെന്ന കാര്യത്തിലും സംശയമുണ്ട്.
https://www.facebook.com/Malayalivartha