തിരുവനന്തപുരം നഗരസഭ 2022 ജനുവരി മാസം പതിനഞ്ചോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുകയാണ്;പ്ലാസ്റ്റിക്ക് മുക്ത നഗരം എന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കിൽ നിരവധിയായിട്ടുള്ള പ്രവർത്തനങ്ങൾ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം എന്ന നിലയിൽ ഏറ്റെടുക്കേണ്ടതുണ്ട്; നഗര ശുചീകരണത്തിനായി നമ്മുക്ക് ഒരുമിച്ച് അണിനിരക്കാമെന്ന് മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം നഗരസഭ 2022 ജനുവരി മാസം പതിനഞ്ചോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുകയാണെന്ന് മേയർ ആര്യ രാജേന്ദ്രൻ. ആര്യയുടെ വാക്കുകൾ ഇങ്ങനെ; തിരുവനന്തപുരം നഗരസഭ 2022 ജനുവരി മാസം പതിനഞ്ചോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുകയാണ്.
പ്ലാസ്റ്റിക്ക് മുക്ത നഗരം എന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കിൽ നിരവധിയായിട്ടുള്ള പ്രവർത്തനങ്ങൾ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം എന്ന നിലയിൽ ഏറ്റെടുക്കേണ്ടതുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ നഗരസഭയുടെ ഭരണ സമിതി വിശദമായ ചർച്ചകൾക്ക് ശേഷം ആക്ഷൻ പ്ലാനിന് രൂപം നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് നിരവധി സംഘടനകളുടെ യോഗവും വിളിച്ചു ചേർത്തു. യോഗത്തിലുടനീളം എല്ലാവരും ആവശ്യപ്പെട്ടത് ബദൽ ഉൽപ്പനങ്ങളെ പരിചയപ്പെടുത്തുക എന്നതാണ്. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ 2021 ഡിസംബർ 31, 2022 ജനുവരി 1,2 തീയതികളിലായി ബദൽ ഉല്പന്നങ്ങളുടെ പ്രദർശന - വിപണന മേള സംഘടിപ്പിക്കുകയാണ്.
അതിന് മുന്നോടിയായി ഈ പരിപാടിയുടെ പ്രചരണാർത്ഥം നഗരസഭയുടെ മുഴുവൻ കൗൺസിൽ അംഗങ്ങളുടെയും, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരുടെയും, ഇൻഡസ് സൈക്ലിംഗ് എംബസിയുടെയും പുതിയതായി രൂപീകരിച്ച ഹരിത കർമ്മസേന അംഗങ്ങളുടെയും, വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.
കക്ഷി രാഷ്ട്രീയ ഭേദമന്യേ നമ്മുടെ നഗരത്തെ സുന്ദരമാക്കാൻ, മാലിന്യ മുക്തമാക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കും എന്ന പ്രതീക്ഷ കൂടിയായിരുന്നു ഇന്നത്തെ ഘോഷയാത്ര. വിളംബര ഘോഷയാത്ര ബഹു.പൊതുവിദ്യാഭ്യാസ,തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
നാളെ രാവിലെ 9:30ന് ബഹു:പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി ശ്രീ.പി.എ.മുഹമ്മദ് റിയാസ് മേളയുടെ ഉദ്ഘാടനം നിർവ്വഹിക്കും. മൂന്ന് ദിവസം തുടർച്ചയായി സംഘടിപ്പിക്കുന്ന മേളയിലേക്ക് പ്രിയപ്പെട്ട നഗരവാസികളെ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു. നമ്മുക്ക് ഒരുമിച്ച് അണിനിരക്കാം നഗര ശുചീകരണത്തിനായി.
https://www.facebook.com/Malayalivartha