'കായിക മന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്നുവത്രെ! സർക്കാർ ചിലവിൽ. നല്ലത്. അദ്ദേഹം വേഗം സുഖമായി വരട്ടെ .... പക്ഷെ ഈ നാട്ടിൽ ദിവസവും കുഞ്ഞുങ്ങളിങ്ങനെ...പണവും അധികാരവുമില്ലാത്തവരുടെ മക്കൾ ... ഭരണകൂട ഭീകരതയാൽ അര ജീവിതങ്ങളായവർ...' വൈറലായി കുറിപ്പ്
എൻഡോസൾഫാന്‍ വിതച്ച വേദനയുടെ ചൂടിൽ ഉരുകിത്തീരുകയാണ് ഒരു ഗ്രാമം. അവിടെ ഒരു പൈതൽ കൂടി ജീവൻ വെടിഞ്ഞിരിക്കുന്നു. കുഞ്ഞാറ്റ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അഞ്ചു വയസ്സുകാരിയായ അമേയയാണ് വേദനകളില്ലാത്ത ലോകത്തേക്ക് മറഞ്ഞിരിക്കുന്നത്. കാസർഗോഡ് അമ്പലത്തറ മുക്കുഴിയിലെ മനു- സുമിത്ര ദമ്പതികളുടെ മകളാണ്. പ്രശസ്ത സാഹിത്യകാരനും എൻഡോസൾഫാൻ സമരസമിതി നേതാവുമായ അംബികാ സുതൻ മങ്ങാടാണ് ഏറെ വേദനയോടെ ആ വിയോഗ വാർത്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
അത്യന്തം സങ്കടത്തോടെ കുഞ്ഞാറ്റയുടെ മരണ വാർത്ത കൂടി നിങ്ങളെ അറിയിക്കട്ടെ... മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു കുഞ്ഞ് കൂടി... കുഞ്ഞാറ്റ എന്ന് എല്ലാവരും വിളിച്ച അഞ്ചു വയസ്സുകാരി അമേയ. അമ്പലത്തറ മുക്കുഴിയിലെ ദളിത് കുടുംബത്തിലെ മനു- സുമിത്ര ദമ്പതികളുടെ മകൾ. ഞങ്ങളുടെ സ്നേഹ വീട്ടിലെ ഓമന. തല വലുതായ കുട്ടി. കൃഷ്ണേട്ടനും മുനീസയും മറ്റും ആ വീട്ടിലുണ്ട് ഇപ്പോൾ. മുനീസ കരഞ്ഞു കൊണ്ടു ഇപ്പോൾ എന്നെ വിളിച്ചറിയിച്ചതാണ്. അവിടെ പോകുമ്പോഴൊക്കെ കാണുന്ന കുഞ്ഞാണ്. പല ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ആറ് മാസം മുമ്പ് ഈ കുഞ്ഞിനെ തിരുവനന്തപുരത്ത് ശ്രീ ചിത്രയിൽ കുറച്ച് മനുഷ്യ സ്നേഹികളുടെ സഹായത്തോടെ എത്തിച്ച് ചികിസിച്ചിരുന്നു. കിഡ്നി തകരാറായി മരിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലുണ്ട്. ജനപ്രതിനിധികൾക്ക് കാണാം.
ദുരിത ബാധിതരുടെ പട്ടികയിൽ പെടാത്തതിനാൽ ചികിൽസാ സഹായം സർക്കാർ നൽകുന്നില്ല. 2016 ൽ ഞങ്ങൾ തിരുവനന്തപുരത്ത് നടത്തിയ സമരത്തിൽ മുഖ്യമന്ത്രി തന്ന ഉറപ്പ് വർഷംതോറും മെഡിക്കൽ ക്യാമ്പ് നടത്താം എന്നാണ്. നാലു വർഷമായി മെഡിക്കൽ ക്യാമ്പ് നടക്കുന്നില്ല. പിന്നെ എങ്ങനെ കുഞ്ഞാറ്റയെപ്പോലുള്ള കുഞ്ഞുങ്ങൾ പട്ടികയിൽ വരും. 2017ലെ ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ട 511 തീരെ വയ്യാത്ത കുട്ടികളെ ലിസ്റ്റിൽ നിന്നും പുറത്താക്കിയപ്പോൾ നീണ്ട സമരം നടന്നു. അങ്ങനെയാണ് ആ 511 കുട്ടികൾ ലിസ്റ്റിൽ വന്നത്.
അമ്പലത്തറ സ്നേഹവീട്ടിൽ നാല്പതിലധികം ദുരിത ബാധിതരായ കുഞ്ഞുങ്ങൾക്ക് തണലിന്റെ സഹായത്തോടെ എട്ടു തരത്തിലുള്ള സൗജന്യ തെ റൊപ്പി നൽകുന്നുണ്ട്. മനുഷ്യ സ്നേഹികളുടെ സഹായത്തോടെ നടക്കുന്ന, സർക്കാർ ഫണ്ടില്ലാതെ നടക്കുന്ന സ്ഥാപനമാണിത്. കുഞ്ഞുങ്ങൾക്കും അമ്മമാർക്കും വലിയ ആശ്വാസമാണ് ഈ പകൽ വീട്.
കഴിഞ്ഞ മാസം എയിംസ് ന് വേണ്ടി ഇവിടെ ആയിരങ്ങൾ അണിനിരന്ന ബഹുജന റാലി നടന്നു. പിറ്റേന്ന് ആരോഗ്യ മന്ത്രി ഓടിയെത്തി പ്രഖ്യാപിച്ചു. ഡിസംബർ ആദ്യവാരം മെഡി.കോളേജ് ഒ.പി. ആരംഭിക്കും എന്ന് (രണ്ട് കൊല്ലം മുമ്പ് ഒരു സമര സന്ദർഭത്തിൽ ശൈലജ ടീച്ചറും ഇത് പോലെ മാർച്ചിൽ തുടങ്ങും എന്ന് പ്രഖ്യാപിച്ചിരുന്നു. അതിന ശേഷം ഒന്നരക്കൊല്ലം കടന്നു....ഒന്നും നടന്നില്ല. കാസർകോട് നിങ്ങൾക്ക് ജാഥ തുടങ്ങാനുള്ള സ്ഥലമല്ലേ. ഇന്നലെ മുഖ്യമന്ത്രി മെഡിക്കൽ കോളേജിനെക്കുറിച്ച് പ്രഖ്യാപനം നടത്തുമെന്നു തന്നെ ഞങ്ങൾ വിശ്വസിച്ചു. സമരം നടത്തന്നവരെ മുഖ്യമന്ത്രി കാണാതിരിക്കാൻ ഇന്നലെ പൊലീസ് മനുഷ്യ മതിൽ നിർമ്മിച്ചു. അന്ന് ആരോഗ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ഭർത്താവിന് ദേഹാസ്വാസ്ഥ്യമുണ്ടായപ്പോൾ ഉടനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നെ കണ്ണൂർ മെഡിക്കൽ കോളജിലും കെണ്ട് പോയി. കാസർകോട്ടെ ചികിൽസാ പരിമിതി മന്ത്രിക്ക് ബോധ്യപ്പെട്ടിരിക്കുമല്ലോ...
കായിക മന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്നുവത്രെ! സർക്കാർ ചിലവിൽ. നല്ലത്. അദ്ദേഹം വേഗം സുഖമായി വരട്ടെ .... പക്ഷെ ഈ നാട്ടിൽ ദിവസവും കുഞ്ഞുങ്ങളിങ്ങനെ...പണവും അധികാരവുമില്ലാത്തവരുടെ മക്കൾ ... ഭരണകൂട ഭീകരതയാൽ അര ജീവിതങ്ങളായവർ...
തമ്പുരാക്കന്മാരെ കേരളത്തെ നിങ്ങൾ 300 കിലോമീറ്റർ വേഗത്തിലോടിക്കാൻ ഭാവന ചെയ്യുമ്പോൾ നിങ്ങളോർക്കണം , ഇവിടെ മുട്ടിലിഴയാൻ പോലും കഴിയാത്ത, അനക്കറ്റ , വേഗത എന്ന അനുഭവമെന്തെന്നറിയാത്ത നൂറ് കണക്കിന് കുഞ്ഞുങ്ങളുണ്ട് എന്ന്. അവരുടെ അമ്മമാരുടെ കണ്ണീർ ഒഴുകിക്കൊണ്ടേയിരിക്കുന്നുണ്ട് എന്ന് . ഒരേ ഒരു കുഞ്ഞേയുള്ളു സുമിത്രക്കും മനുവിനും .... ആ കുഞ്ഞാറ്റയാണ് പറന്നു പോയത്. മറ്റൊരു കൊലപാതകം കൂടി.
ഈ രാത്രി ഉറങ്ങാനുള്ളതല്ല... രണ്ട് കുഞ്ഞുങ്ങൾ.... ശലഭങ്ങളെപ്പോലെ ചിറകുകൾ വിരിച്ച് ഇവിടത്തെ നരകയാതനകളിൽ നിന്ന് പറന്ന് പോയിരിക്കുന്നു.....വിട....
https://www.facebook.com/Malayalivartha