കാരുണ്യം കൂടിയാല്‍... കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകള്‍ വിപണിയിലെത്തിയതോടെ ആശങ്കയായി; വ്യാജനാണോ എന്ന സംശയം ബലപ്പെട്ടു; ആ നമ്പരിന് സമ്മാനം ലഭിച്ചാല്‍ എന്ത് ചെയ്യും; നിര്‍ണായക തീരുമാനവുമായി ലോട്ടറി വകുപ്പ്

കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ (കെആര്‍ 530) ഒരേ നമ്പറിലുള്ള 2 ടിക്കറ്റുകള്‍ വില്‍പനയ്ക്ക് എത്തിയതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞത്. ഫാക്ട് ജംക്ഷനില്‍ ലോട്ടറി ടിക്കറ്റ് വ്യാപാരം നടത്തുന്ന ഏജന്റ് വേലായുധനാണ് കെഎം 171363 നമ്പറിലുള്ള 2 ടിക്കറ്റുകള്‍ ലഭിച്ചത്. ടിക്കറ്റുകള്‍ വില്‍ക്കാതെ വേലായുധന്‍ സൂക്ഷിച്ചിരിക്കുകയാണ്. 80 ലക്ഷമാണ് ഒന്നാം സമ്മാനം.
സംഭവം വാര്‍ത്തയായതോടെ ലോട്ടറി വകുപ്പ് ഇടപെട്ടു. കെ ആര്‍ 530 കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകള്‍ വിപണിയിലെത്തിയ വിഷയത്തില്‍ ടിക്കറ്റ് അച്ചടി നിര്‍വഹിച്ച കെ ബി പി എസിനോട് വിശദീകരണം തേടുമെന്ന് വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ അറിയിച്ചു. അച്ചടിയില്‍ വന്ന പിഴവു മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.
അത്യപൂര്‍വമായാണ് ഇങ്ങനെ സംഭവിക്കാറുള്ളതെങ്കിലും ഇത് ഗൗരവമായി കാണും. തികച്ചും വിശ്വസ്തവും സുതാര്യവുമായാണ് അച്ചടി മുതലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വകുപ്പ് നിര്‍വഹിക്കുന്നത്. അച്ചടിപ്പിഴവ് മൂലം ഒരേ നമ്പറില്‍ ഒന്നിലധികം ടിക്കറ്റുകള്‍ വിപണിയിലെത്തുകയും ഈ നമ്പറിന് സമ്മാനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ സമ്മാനാര്‍ഹര്‍ക്ക് വകുപ്പ് സമ്മാനത്തുക നല്‍കും. അച്ചടി സ്ഥാപനത്തില്‍ നിന്ന് ഈ തുക ഈടാക്കാന്‍ ഇത് സംബന്ധിച്ച കരാറില്‍ വ്യവസ്ഥയുണ്ടെന്നും ലോട്ടറി ഡയറക്ടര്‍ വ്യക്തമാക്കി.
അതേസമയം തുടര്‍ച്ചയായി ഒരേ നമ്പറില്‍ ഭാഗ്യ പരീക്ഷണം നടത്തിക്കൊണ്ടിരുന്ന വനിതക്ക് ഒരേ നമ്പറിലെ ലോട്ടറി ടിക്കറ്റ് വീണ്ടും കിട്ടിയത് വാര്‍ത്തയായി. ലോട്ടറിയിലൂടെ കൈ വന്ന ഭാഗ്യം 8.8 കോടി രൂപ. യുഎസിലെ മിച്ചിഗണിലാണ് സംഭവം.
മിച്ചിഗണ്‍ ലോട്ടറി.കോം എന്ന സൈറ്റില്‍ നിന്ന് ഓണ്‍ലൈന്‍ ആയാണ് ടിക്കറ്റ് വാങ്ങിയത്. ആഗസ്റ്റില്‍ ലോട്ടറി എടുത്തപ്പോള്‍ ലഭിച്ച 050611364047 എന്ന നമ്പറില്‍ 47 ലോട്ടില്‍ തന്നെ വീണ്ടും വീണ്ടും ഭാഗ്യ പരീക്ഷണം നടത്തുകയായിരുന്നു. ഓണ്‍ലൈന്‍ 47 ലോട്ട് ജാക്ക്‌പോട്ടിന് ഏറ്റവുമധികം സമ്മാനത്തുക നേടിയ രണ്ടാമത്തെ വ്യക്തി കൂടിയാണ് ഇപ്പോള്‍ ഈ വനിത. 12 ലക്ഷം ഡോളറാണ് അപ്രതീക്ഷിതമായി സമ്മാനത്തുകയായി ലഭിച്ചത്. ഇതിന് മുമ്പ്, വെയ്ന്‍ കൗണ്ടിയില്‍ നിന്നുള്ള ഒരാള്‍ 47 ലോട്ട് ഓണ്‍ലൈന്‍ ടിക്കറ്റിലൂടെ 25 ലക്ഷം ഡോളര്‍ സമ്മാനമായി നേടിയിരുന്നു.
നികുതികള്‍ക്ക് ശേഷം മൊത്തം 7,34,000 ഡോളറാണ് കൈയില്‍ കിട്ടിയത്. 30 തവണകളായി മൊത്തം സമ്മാനത്തുകയും ലഭിക്കുന്ന ഓപ്ഷനു പകരം നികുതി കിഴിച്ചുള്ള തുക മുഴുവന്‍ ഒറ്റത്തവണയായി ഒരുമിച്ചു വാങ്ങാന്‍ തീരുമാനിച്ചതിനാല്‍ ആണിത്. തന്റെ വിവരങ്ങള്‍ പുറത്തു വിടരുതെന്ന് വനിത ആവശ്യപ്പെട്ടിട്ടുണ്ട്.
ലോട്ടറിയടിച്ച തുക എന്തുചെയ്യുമെന്ന അധികൃതരുടെ ചോദ്യത്തിന് വെക്കേഷനായി കുറച്ച് തുക ചെലവഴിച്ചതിന് ശേഷം കുടുംബാംഗങ്ങളുമായി കുറച്ചു തുക പങ്കിടും എന്നായിരുന്നു മറുപടി. ബാക്കിയുള്ള തുക റിട്ടയര്‍മന്റ് ആവശ്യങ്ങള്‍ക്കായി നിക്ഷേപിക്കും.
ലോട്ടറി ടിക്കറ്റുകള്‍ക്ക് അപ്രതീക്ഷിതമായി കോടികളും ലക്ഷങ്ങളുമൊക്കെ സമ്മാനത്തുക ലഭിച്ചതിനാല്‍ ഒറ്റ രാത്രി കൊണ്ട് ലക്ഷപ്രഭുക്കളും കോടിശ്വരന്‍മാരും ഒക്കെ ആയിത്തീര്‍ന്നവരുണ്ട്. ലോട്ടറിയടിച്ച വ്യക്തികളുടെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ സഹായ അഭ്യര്‍ത്ഥനകള്‍ മുതല്‍ ലോട്ടറിയോ ലോട്ടറിത്തുക തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ വരെ നടക്കാറുണ്ട്. അതുകൊണ്ട് ചില സ്ഥലങ്ങളില്‍ വിജയികളുടെ പേരു വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താറില്ല. സമ്മാനം ലഭിച്ചവരും ഇത് അങ്ങനെ പുറത്ത് വിടാറില്ല. പക്ഷെ കേരളത്തിലങ്ങനെയല്ല. വലിയ ആഘോഷമാക്കും. ആ പാവപ്പെട്ട പണക്കാരന് പുറകെയാകും കുറേക്കാലത്തേക്ക് എല്ലാവരും.
"
https://www.facebook.com/Malayalivartha