മരുമകൻ സഖാവേ, പോലീസിനെ കുറ്റപ്പെടുത്തിക്കൊളളൂ.....അളളിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്....!അളളിനെ തൊട്ടു കളിക്കരുത്, അള്ള് കണ്ടുപിടിച്ചതേ....കേരളത്തിലെ സഖാക്കളാണ്, സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റ്

പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ‘അള്ള്’ പ്രസ്താവന സമൂഹമാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ചയ്‌ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.വിദേശപൗരനു നേരെ അപമര്യാദയായി പോലീസ് പെരുമാറിയ സംഭവം വിമർശിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ അള്ള് പ്രയോഗം.
സർക്കാരിനൊപ്പം നിന്ന് അള്ള് വെയ്‌ക്കുന്ന പരിപാടി അനുവദിക്കില്ല.ഒരു തരത്തിലും ഇത്തരം നടപടികള്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്. ഇതിന് പിന്നാലെ അള്ളിനെ ചുറ്റിപറ്റി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച പൊടിപൊടിക്കുകയാണ്.
അള്ളിനെ പറ്റിയുള്ള രാഷ്‌ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. കേരളത്തിലെ സഖാക്കളാണ് അള്ള് കണ്ടുപിടിച്ചതെന്നാണ് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
അളളിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് !
1969ൽ രണ്ടാം ഇ.എം.എസ് മന്ത്രിസഭയുടെ പതനത്തിന് ശേഷം സി അച്യുതമേനോൻ ബദൽ മന്ത്രിസഭ രൂപീകരിച്ച സമയത്ത്, മാർക്‌സിസ്റ്റു ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത രഹസ്യായുധമാണ് ‘അളള്’. നാല് ആണിയുണ്ടെങ്കിൽ ഒരു അളളുണ്ടാക്കാം. ബസ്സിന്റെ ടയർ പഞ്ചറാക്കാൻ അത്യുത്തമം.ലോക സംസ്‌കാരത്തിന് സഖാക്കൾ നൽകിയ ഏറ്റവും വലിയ സംഭാവനയാണ് അളള്.
അളളിനെ തളളിപ്പറയുന്നത് മാർക്‌സിസം- ലെനിനിസത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്. മരുമകൻ സഖാവേ, പോലീസിനെ കുറ്റപ്പെടുത്തിക്കൊളളൂ, പക്ഷേ അളളിനെ തൊട്ടു കളിക്കരുത്
എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേസമയം പൊലീസ് സംവിധാനത്തില്‍ മാറ്റം വരേണ്ടതുണ്ട്. സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമായാണോ നടന്നതെന്നു പരിശോധിക്കണം. മറ്റൊരു വകുപ്പുമായി ബന്ധപ്പെട്ട കാര്യമാണ്. വിഷയം വകുപ്പു മേധാവിയുടെ ശ്രദ്ധയില്‍പെടുത്തി അന്വേഷണം നടത്തി നടപടി സ്വീകരിക്കും. നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ടൂറിസം മേഖലയെ തകര്‍ക്കുന്ന നടപടിയാണെന്നും റിയാസ് പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 'പൊളൈറ്റ് പൊലീസിങ്' സംവിധാനമാണ് വേണ്ടതെന്ന് മുഹമ്മദ് റിയാസ് പിന്നീടു കോഴിക്കോട്ടു പ്രതികരിച്ചു. കോവളത്തു നടന്നത് ഒറ്റപ്പെട്ട സംഭവമായിരിക്കാം. എന്നാല്‍ അത്തരത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും പാടില്ല. കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം വിദേശ വിനോദ സഞ്ചാരികള്‍ കേരളത്തിലേക്ക് ഒഴുകിയെത്തേണ്ട കാലമാണിത്.
വിദേശ സഞ്ചാരികളോട് മാന്യമായി പെരുമാറാന്‍ പൊലീസ് തയാറാവണം. വിനയത്തോടെയാവണം വിദേശസഞ്ചാരികളോട് പെരുമാറേണ്ടത്. പൊതുജനങ്ങളും യുവജനസംഘടനകളും അതിഥി ദേവോ ഭവ എന്ന മനോഭാവത്തോടെ ഒരുമിച്ചു നില്‍ക്കണം.
അതിനിടെ വിദേശിക്ക് നേരെ തിരിഞ്ഞ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ പോലീസ് അസോസിയേഷന്‍ രംഗത്തെത്തി. ഇതിനെതിരേയും റിയാസ് പ്രതികരിച്ചു. പൊലീസ് അസോസിയേഷന്റെ ആരോപണങ്ങളില്‍ താനല്ല മറുപടി പറയേണ്ടത്. വിദേശിയുടെ ഭാഗത്ത് തെറ്റുണ്ടോ, പൊലീസിനാണോ വീഴ്ച പറ്റിയത്
തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്നും മന്ത്രി റിയാസ് വ്യക്തമാക്കി. ബേപ്പൂര്‍ ഫെസ്റ്റില്‍ ഒരു പെറ്റിക്കേസ് പോലും പൊലീസ് എടുത്തിട്ടില്ല. വിനോദസഞ്ചാരികളോട് പൊലീസിന്റെ നല്ല പെരുമാറ്റത്തിന് ബേപ്പൂര്‍ മാതൃകയാണ്. ഈ ബേപ്പൂര്‍ മാതൃക എല്ലായിടത്തും നടപ്പാക്കണമെന്നും റിയാസ് പറഞ്ഞു.
https://www.facebook.com/Malayalivartha