തൃക്കാക്കരയിൽ ആരാകും പി.ടി തോമസിന്റെ പിൻഗാമി ? മണ്ഡലത്തിൽ ആറ് മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ്; സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുന്നു

പി. ടി തോമസ് എംഎൽഎയുടെ വിയോഗത്തെത്തുടർന്ന് തൃക്കാക്കരയിൽ ആറ് മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കും. ഡിസംബർ 22 മുതൽ മണ്ഡലത്തിൽ ഒഴിവ് വന്നതായി നിയമസഭ സെക്രട്ടറിയേറ്റിന്റെ പേരിൽ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പി.ടിയുടെ വേർപാട് അപ്രതീക്ഷിതമായതിനാൽ തന്നെ അദ്ദേഹത്തിന്റെ പിൻഗാമി ആരെന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. അതേസമയം പി. ടി തോമസിന്റെ ഭാര്യ ഉമ മത്സരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും അത്തരമൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയമല്ല ഇതെന്നുമായിരുന്നു ഉമ മുൻപ് പ്രതികരിച്ചിരുന്നത്. അതേസമയം സ്ഥാനാർഥിത്വത്തിനായി മറ്റ് നേതാക്കൾ ചരട് വലി ആരംഭിച്ചിട്ടുണ്ട്. യുവത്വം ആഗ്രഹിക്കുന്നത് പി. ടിയെ പോലെ നിലപാടുകളിൽ ആർജവമുള്ള നേതൃത്വത്തെയാണെന്നാണ് ഐവൈസി സൈബർ വിങ് എന്ന പേരിൽ ഇറക്കിയ പോസ്റ്ററിൽ പറയുന്നു. എറണാകുളത്ത് നിന്നുള്ള ഒരു നേതാവിനെ തന്നെയാണ് യുഡിഎഫ് പി.ടി തോമസിന്‍റെ പിൻഗാമിയായി പരിഗണിക്കുന്നതെങ്കിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിനുമാകും സാധ്യത കൂടുതൽ. ഇപ്പോൾ നിയമസഭയിൽ കോൺഗ്രസിന് വനിത അംഗങ്ങൾ ആരും ഇല്ല. യുഡിഎഫ് പിന്തുണയോടെ ജയിച്ച കെ.കെ രമ മാത്രമാണ് പ്രതിപക്ഷ നിരയിലെ ഏക വനിത അംഗം.
https://www.facebook.com/Malayalivartha