ആനകളെയും കൊവിഡ് ബാധിച്ചു! കഴിഞ്ഞ 37 മാസത്തിനിടയില്‍ ചരിഞ്ഞത് 74 ആനകള്‍; കാരണമിതെന്ന് വിലയിരുത്തല്‍ : ആനകളുടെ മാനസിക നിലയിലും മാറ്റം

കൊവിഡ് മനുഷ്യരെ മാത്രമല്ല മൃഗങ്ങളുടെ ജീവിത ശൈലിയിലും ഒട്ടനേകം മാറ്റങ്ങളുണ്ടാക്കി. കൊവിഡ് കാലത്ത് സംസ്ഥാനത്ത് ആനകള്‍ കൂട്ടത്തോടെ ചരിയുന്നതായി കണക്കുകള്‍.
കൊവിഡ് കാലഘട്ടത്തില്‍ വ്യായായ്മ ഇല്ലാത്തതിനെ തുടര്‍ന്നുണ്ടാകുന്ന ജീവിത ശൈലീ രോഗങ്ങളാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 37 മാസത്തിനിടയില്‍ ചരിഞ്ഞ 74 ആനകളില്‍ ഇരുപത്തിയഞ്ചോളം ആനകള്‍ക്ക് ജീവിതശൈലി രോഗമുണ്ടായിരുന്നതായി രേഖകള്‍ പറയുന്നു.
ആനകള്‍ ദിവസവും ചുരുങ്ങിയത് 10 കിലോമീറ്ററെങ്കിലും നടക്കണമെന്നാണ് പറയുന്നത്. എന്നാല്‍ കൊവിഡ് വന്നതോടെ ആനകള്‍ കെട്ടിയിട്ട സ്ഥലത്തു തന്നെ നില്‍ക്കേണ്ട അവസ്ഥ ഉണ്ടായി. ഏതെങ്കിലും ഒരു സ്ഥലത്ത് ഒറ്റപ്പെട്ടുപപോയാല്‍ മനുഷ്യനുണ്ടാകാന്‍ സാധ്യതയുള്ള മാനസിക, ആരോഗ്യ പ്രശ്‌നം തന്നെയാണ് ആനകള്‍ക്കുമുണ്ടാകുന്നത്. പ്രത്യേകിച്ച് മനുഷ്യരുമായി ധാരാളം ഇടപഴകി പരിചയമുള്ള ആനകളെ ഇത് നന്നായി ബാധിക്കുകയും ചെയ്യും. ശ്വാസകോശത്തിന്റെ ശേഷി കുറയുന്നതും അണുബാധയുണ്ടാകുന്നതുമാണ് ആനകള്‍ ചരിയുന്നതിന് പ്രധാന കാരണം.
ആനകള്‍ നടക്കുകയോ അധ്വാനിക്കുകയോ ചെയ്യുമ്പോള്‍ തുമ്പിക്കൈയിലൂടെ ഒരു ദ്രാവകം പുറത്തേക്ക് വരും. ഇത് മനുഷ്യന്‍ വിയര്‍ക്കുന്നതിന് തുല്യമാണ്. പല ആനകളുടെയും തുമ്പിക്കൈ വരണ്ട അവസ്ഥയിലാണ്. മാത്രമല്ല ഇതിലൂടെ അകത്തേക്ക് എടുക്കുന്ന ശ്വാസത്തിന്റെ അളവും കുറഞ്ഞേക്കും. ശ്വാസകോശ അണുബാധയ്ക്കുള്ള പ്രധാന കാരണവും ഇതു തന്നെ. പ്രായം കൂടുതലുള്ള ആനകള്‍ക്ക് വളരെ പെട്ടെന്നാണ് ഇത്തരം അവസ്ഥയുണ്ടാകുന്നത്. എന്നാല്‍ ഇങ്ങനെ മരണപ്പെടുമ്പോള്‍ അത് പ്രായാധിക്യമുള്ള മരണമായാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 29 ആന ചരിഞ്ഞിട്ടുണ്ട്. ഇതില്‍ 15 ആനകളുടെ മരണവും ജീവിത ശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
എന്നാല്‍ ഇതിന്റെ കൃത്യമായ പഠന രേഖ ലഭ്യമല്ല. ആനകളുടെ മരണത്തിനുള്ള മറ്റൊരു കാരണം എരണ്ടക്കെട്ടാണ്.
പിണ്ഡം പുറത്തു പോകാതെയുള്ള മരണമാണിത്. എന്നാല്‍ ഇപ്പോള്‍ അതിലും എത്രയോ കൂടുതലാണു മറ്റ് അസുഖങ്ങള്‍ മൂലമുള്ള മരണം. 2018ലെ കണക്കനുസരിച്ചു കേരളത്തില്‍ 524 നാട്ടാനകളാണുള്ളത്. ഇതിനു ശേഷം നൂറോളം ആനകള്‍ ചരിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഇത്രയേറെ ആനകള്‍ തുടര്‍ച്ചയായി ചരിയുന്നത്.
അതേസമയം കൊവിഡ് കാലത്ത് കേരളത്തിലെ മൃഗസംരക്ഷണ പാര്‍ക്കുകളിലെ മൃഗങ്ങളുടെ മരണങ്ങള്‍ മുന്‍പ് ചര്‍ച്ചയായിരുന്നു.
ആനകളില്‍ പടര്‍ന്നു പിടിക്കുന്ന ഹെര്‍പിസ് വൈറസ് ബാധ മൂലവും ആനകള്‍ ചരിഞ്ഞിരുന്നു. രക്തക്കുഴലുകളുടെ ആവരണം നശിപ്പിക്കുന്ന വൈറസാണ് ഹെര്‍പിസ്. ഈ വൈറസ് ബാധിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ കുട്ടിയാനകള്‍ ചരിയും. കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിലെ ഒന്നരവയസുകാരി ശ്രീക്കുട്ടി എന്ന കുട്ടിയാന ഹെര്‍പിസ് ബാധിച്ച് മരിച്ചത് ഏവരേയും നൊമ്പരപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha