അഴിമതിയെ കുറിച്ചുളള വിവരങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ മൂവായിരത്തിലധികം കമ്പ്യൂട്ടര്‍ ഫയലുകളും അഞ്ഞൂറിലധികം പേപ്പര്‍ ഫയലുകളും നശിപ്പിച്ചു; രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് ഈ അഴിമതി നടന്നത്; കോവിഡ് കാലത്ത് നടത്തിയ 1600 കോടി രൂപയുടെ പര്‍ച്ചേസില്‍ വ്യാപക അഴിമതിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കോവിഡ് കാലത്ത് നടത്തിയ 1600 കോടി രൂപയുടെ പര്‍ച്ചേസില്‍ വ്യാപക അഴിമതിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കോവിഡ് കാലത്ത് നടത്തിയ 1600 കോടി രൂപയുടെ പര്‍ച്ചേസില്‍ വ്യാപക അഴിമതിയാണ്. അഴിമതിയെ കുറിച്ചുളള വിവരങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ മൂവായിരത്തിലധികം കമ്പ്യൂട്ടര്‍ ഫയലുകളും അഞ്ഞൂറിലധികം പേപ്പര്‍ ഫയലുകളും നശിപ്പിച്ചു.
രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് ഈ അഴിമതി നടന്നത്. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് രാഷ്ട്രീയ നേതാക്കളെ രക്ഷപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല. ഒരു മന്ത്രിയും അഴിമതിയെ ന്യായീകരിക്കേണ്ട.ശിഖണ്ഡി, ആണുംപെണ്ണും കെട്ടത്... തുടങ്ങിയ വാക്കുകളൊന്നും ഈ കാലഘട്ടത്തിന് പറ്റിയതല്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനെ ഓര്‍മ്മിപ്പിക്കുന്നു.
പകല്‍ പിണറായി വിരോധം, രാത്രിയാകുമ്പോള്‍ പിണറായിയുടെ അടുത്തു പോയി കേസ് സെറ്റില്‍ ചെയ്യുക. അദ്ദേഹത്തിന്റെ ആ സ്വഭാവത്തെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? കെ റെയിലിന് എതിരായി സമരം ചെയ്യുമെന്നു പറയും. എന്നിട്ട് റെയില്‍വെ മന്ത്രാലയത്തെക്കൊണ്ട് കെ- റെയിലിന് അനുകൂലമായ സത്യാവാങ്മൂലം കോടതിയില്‍ കൊടുപ്പിക്കും. പറയുന്നതിനു നേരെ വിപരീതമായി പ്രവര്‍ത്തിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ആളാണ് മുരളീധരന്‍.
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്ന ലഘുലേഖ യു.ഡി.എഫ് പുറത്തിറക്കിയിരുന്നു. പദ്ധതിയെ കുറിച്ച് സര്‍ക്കാരിനോടുള്ള ചോദ്യങ്ങളും പദ്ധതിയുടെ അശാസ്ത്രീയതയും വിശദീകരിക്കുന്ന ലഘുലേഖ എല്ലാ വീടുകളിലുമെത്തിക്കും. കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്ഥിരം സമര വേദികള്‍ തുറക്കും. ഭൂമി നഷ്ടപ്പെടുന്നവരെയും പദ്ധതിയെ എതിര്‍ക്കുന്ന ജനകീയ സമിതികളെയും യോജിപ്പിച്ച് ഈ മാസം 100 ജനകീയ സദസുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ സംഘടിപ്പിച്ച് പ്രത്യേക ചര്‍ച്ചയും നടത്തും. മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന് എതിരെ സമരം ചെയ്ത അതേ സി.പി.എം കേരളത്തിൽ നിൽവർ ലൈൻ നടപ്പാക്കാൻ ശ്രമിക്കുന്നത് ഇരട്ടത്താപ്പാണ്. ഏതു വിധേനയും പദ്ധതി നടപ്പാക്കുമെന്ന വാശിയിലാണ് മുഖ്യമന്ത്രിയെങ്കിൽ നടപ്പാക്കില്ലെന്നതാണ് പ്രതിപക്ഷത്തിൻ്റെ മറുപടി.
https://www.facebook.com/Malayalivartha