ഇങ്ങനെയുമുണ്ടോ ദുര്‍വിധി... അവസാനം വരെ നന്നായി കളിച്ചിട്ടും കേരള ബ്ലാസ്റ്റേഴ്‌സിന് കപ്പ് കിട്ടാത്തത് നിര്‍ഭാഗ്യം കൊണ്ട്; ഹൈദരാബാദ് കന്നി ഐഎസ്എല്‍ കിരീടം സ്വന്തമാക്കുമ്പോള്‍ മലയാളികള്‍ക്ക് നിരാശ; പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനു മുന്നില്‍ കീഴടങ്ങിയപ്പോള്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ വീണുപോയി

ഇന്നലത്തെ ഐഎസ്എല്‍ ഫുട്‌ബോള്‍ മത്‌സരത്തിലെ വിധായോര്‍ത്ത് മലയാളികള്‍ കരഞ്ഞുറങ്ങിപ്പോയി. ജയിക്കാമായിരുന്ന മത്സരം കൈവിട്ടു പോയതിന്റെ സങ്കടത്തിലാണ് ഓരോരുത്തരും. 68 മിനിറ്റ് പിടിച്ചുനിന്നു, പിന്നീടുള്ള 20 മിനിറ്റ് കൊതിപ്പിച്ചു. മത്സരം അവസാനിക്കാന്‍ 2 മിനിറ്റ് മാത്രം ശേഷിക്കെ വഴങ്ങിയ അപ്രതീക്ഷിത ഗോളിനു ശേഷവും തളരാതെ പൊരുതി. എക്‌സ്ട്രാ ടൈമിലെ ചടുലമായ നീക്കങ്ങളിലൂടെ നെഞ്ചിടിപ്പേറ്റി. ഒടുവില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനു മുന്നില്‍ തലകുനിച്ചു.
വീരോചിത പോരാട്ടത്തിനൊടുവില്‍ മൂന്നാം വട്ടവും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മടക്കം ഐഎസ്എല്‍ റണ്ണര്‍ അപ്പുകളായി. കന്നി കിരീടവുമായി ഹൈദരാബാദിനു നാട്ടിലേക്കു മടങ്ങി.
വല്ലാത്തൊരു ഫലമായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും 1–1 സമനിലയില്‍ അവസാനിച്ച മത്സരത്തിന്റെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3–1നാണു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ഷൂട്ടൗട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ 3 കിക്കുകള്‍ രക്ഷപ്പെടുത്തിയ ഗോള്‍ കീപ്പര്‍ ലക്ഷ്മീകാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശില്‍പി. മാര്‍ക്കോ ലെസ്‌കോവിച്ചിന്റെ ആദ്യ കിക്ക്, നിഷു കുമാറിന്റെ 2–ാം കിക്ക്, ജീക്‌സന്‍ സിങ്ങിന്റെ 4–ാം കിക്ക് എന്നിവയാണ് കട്ടിമണി രക്ഷപ്പെടുത്തിയത്. ആയുഷ് അധികാരിക്കു മാത്രമാണു ഷൂട്ടൗട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കാണാനായത്.
68–ാം മിനിറ്റില്‍ മലയാളി താരം കെ.പി. രാഹുലിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയെങ്കിലും, പ്രതിരോധ നിരയുടെ പിഴവു മുതലെടുത്ത് സബ്സ്റ്റിറ്റിയൂട്ട് താരം സാഹില്‍ തവോറ (88') ഹൈദരാബാദിനായി ഗോള്‍ മടക്കി. പന്തടക്കത്തിലും, പാസിങ്ങിലും അവസരങ്ങള്‍ ഒരുക്കുന്നതിലും മികച്ചു നിന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ ഷോട്ട് മത്സരത്തിനിടെ 2 തവണയാണ് ക്രോസ് ബാറിലിടിച്ചത്. ആദ്യ പകുതിയില്‍ ആല്‍വാരാ വാസ്‌കസിന്റെ ബുള്ളറ്റ് ഷോട്ടാണു ക്രോസ്ബാറിലിടിച്ചു മടങ്ങിയതെങ്കില്‍, എക്‌സ്ടാ ടൈമിന്റെ ആദ്യ പകുതിയില്‍ ബോക്‌സിനുള്ളിലേക്ക് അഡ്രിയന്‍ ലൂണ തിരിച്ചുവിട്ട പന്തില്‍ ജീക്‌സന്‍ സിങ്ങിന്റെ ഹെഡറാണു പോസ്റ്റില്‍ തട്ടിത്തെറിച്ചത്.
ആദ്യ പകുതിയുടെ ഇന്‍ജറി സമയത്ത് ഹൈദരാബാദ് മത്സരത്തിലെ ആദ്യ ഗോളിനു തൊട്ടരികിലെത്തിയെങ്കിലും ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ കേരളത്തിന്റെ രക്ഷകനായി. പരുക്കിന്റെ പിടിയിലായ ജോയല്‍ ചിയാനെസെക്കു പകരം 39–ാം മിനിറ്റില്‍ കളത്തിലിറങ്ങിയ ഹവിയര്‍ സിവേറിയോയുടെ തകര്‍പ്പന്‍ ഡൈവിങ് ഹെഡര്‍ ഗില്‍ പണിപ്പെട്ടാണു തട്ടിയകറ്റിയത്. ഫ്രീകിക്കില്‍നിന്നു ലഭിച്ച പന്ത് ലക്ഷ്യമാക്കി ബോക്‌സിലേക്കു കുതിച്ചു കയറിയ സിവേറിയോ ഡൈവിങ് ഹെഡറിലൂടെ പന്ത് പോസ്റ്റിലേക്കു തിരിച്ചുവിട്ടെങ്കിലും ഗില്ലിന്റെ അവിസ്മരണീയ സേവ്!
ബ്ലാസ്‌റ്റേഴ്‌സ് പകുതിയില്‍നിന്നുള്ള മുന്നേറ്റങ്ങളെ ബോക്‌സിനു പുറത്തു തടുത്തു നിര്‍ത്തിയ പ്രതിരോധ നിരയുടെ മികവില്‍, ഹൈദരാബാദ് 2–ാം പകുതിയിലാണ് ആക്രമണങ്ങള്‍ രൂപപ്പെടുത്തിത്തുടങ്ങിയത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിരയുടെ ജോലിയും കൂടി. ആശയക്കുഴപ്പത്തിനിടെ ബോക്‌സിനു സമീപവും പുറത്തും സിവേറിയോയ്ക്ക് അപകടകരമാം വിധം പന്തു വിട്ടുനല്‍കിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. പിന്നാലെ, 68–ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഏറെ കാത്തിരുന്ന ആ നിമിഷവും വന്നെത്തി. മധ്യവരയ്ക്കു സമീപം ഹൈദരാബാദിന്റെ മുന്നേറ്റം ബ്ലോക്ക് ചെയ്ത ജീക്‌സണ്‍ സിങ് പന്ത് പിടിച്ചെടുത്ത് കെ.പി. രാഹുലിന് മറിച്ചു.
പന്തുമായി ഒറ്റയ്ക്കു മുന്നേറിയ രാഹുല്‍ തൊടുത്ത ഷോട്ട് ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയുടെ കൈകളില്‍ത്തട്ടി വലയില്‍. ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍ (1–0).
ജയത്തിലേക്കെന്ന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഉറപ്പിച്ചിരുന്ന നിമിഷങ്ങളില്‍ ഹൈദരാബാദിന്റെ സമനില ഗോളും വന്നു. ഹൈദരാബാദിന്റെ ഫ്രീ കിക്ക്, ലെസ്‌കോവിച്ച് ഹെഡ് ചെയ്ത് അകറ്റിയെങ്കിലും പന്തു വന്നു വീണത് ബോക്‌സിനു പുറത്തു മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സാഹില്‍ തവോറയുടെ മുന്നിലേക്ക്. തവോറയുടെ കിടിലന്‍ ഹാഫ് വോളി ഗില്ലിനെ മറികടന്ന് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വലയിലേക്ക് (1–1). മത്സരം അധിക സമയത്തേക്കും.
പെനല്‍റ്റിയില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കു കൂട്ടത്തോടെ പിഴച്ചപ്പോള്‍ ലക്ഷ്മീകാന്ത് കട്ടിമണിയുടെ കരങ്ങളാല്‍ ഹൈദരാബാദ് സിറ്റി എഫ്‌സി കന്നി ഐഎസ്എല്‍ കിരീടം ചേര്‍ത്തു പിടിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് കണ്ണീരോടെ മടങ്ങി.
"
https://www.facebook.com/Malayalivartha