പൊല്ലാപ്പിലായി കോണ്‍ഗ്രസ്... സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് സൂചന നല്‍കി ശശി തരൂര്‍; സോണിയ ഗാന്ധിയെ കണ്ട ശേഷം അന്തിമ തീരുമാനം; ദേശീയ തലത്തില്‍ സിപിഎമ്മിനെ പിണക്കിയാല്‍ സോണിയാ ഗാന്ധിക്ക് ദോഷം ചെയ്യും; സിപിഎം നിലപാട് മാറിയാല്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ പോകും

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആകെ ധര്‍മ്മ സങ്കടത്തിലാണ്. കേരളത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലില്ലതാനും ദേശീയ തലത്തില്‍ പിന്തുണയ്ക്കുന്ന സിപിഎമ്മിനെ പിണക്കുകയും ചെയ്യുകയാണ് ഇവിടത്തെ നേതാക്കള്‍.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ അനാവശ്യ വിഷയമാക്കിയത് കോണ്‍ഗ്രസ് നേതാക്കളാണ്. ദേശീയ തലത്തില്‍ സിപിഎമ്മിനെ പിണക്കിയാല്‍ സോണിയാ ഗാന്ധിക്ക് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും. പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം നിലപാട് മാറിയാല്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ പോകും. ഒരു സെമിനാര്‍ കാരണം സിപിഎമ്മുമായുള്ള നല്ല ബന്ധം ഇല്ലാതാക്കാന്‍ സോണിയയ്ക്കും താത്പര്യമില്ല.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുവാദം തേടുമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വ്യക്തമാക്കി. സോണിയ ഗാന്ധിയുമായി സംസാരിച്ചശേഷം തീരുമാനമെടുക്കും. സിപിഎമ്മിനും കോണ്‍ഗ്രസിനും അഭിപ്രായ വ്യത്യാസമില്ലാത്ത വിഷയത്തിലാണ് സെമിനാര്‍. പാര്‍ട്ടിക്കൊപ്പം നില്‍ക്കാനാണ് താല്‍പര്യമെന്നും തരൂര്‍ പറഞ്ഞു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിലക്കുണ്ടെന്നും ഇതു ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കില്‍ ശശി തരൂര്‍ സെമിനാറില്‍ പങ്കെടുക്കട്ടെയെന്നും അത് അദ്ദേഹത്തിന്റെ സൗകര്യമാണെന്നും സുധാകരന്‍ പറഞ്ഞു.
ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അനുബന്ധ സെമിനാറുകളില്‍ ശശി തരൂരിനു പുറമേ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയാല്‍ സോണിയ ഗാന്ധിയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് കഴിഞ്ഞ ദിവസം ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.
ബിജെപി പങ്കെടുക്കാത്തതു കൊണ്ടാണ് കോണ്‍ഗ്രസും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇടതുപക്ഷവിരുദ്ധ ചേരി ഉണ്ടാക്കാന്‍ ആര്‍എസ്എസ് സഹായം ഉറപ്പിക്കലാണ് ലക്ഷ്യം. കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്താല്‍ സ്വാഗതം, അല്ലെങ്കില്‍ രാഷ്ട്രീയ പാപ്പരത്തമെന്നും കോടിയേരി പറഞ്ഞു.
അതേസമയം, സെമിനാറില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിലക്കുണ്ടെന്നും ഇതു ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ആവര്‍ത്തിച്ചു. സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കില്‍ ശശി തരൂര്‍ സെമിനാറില്‍ പങ്കെടുക്കട്ടെ, അത് അദ്ദേഹത്തിന്റെ സൗകര്യമാണ്. സിപിഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കള്‍ പങ്കെടുത്താല്‍ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസ്സിലാക്കിയാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറുകളില്‍ പങ്കെടുക്കുന്നതിനു പാര്‍ട്ടിയുടെ വിലക്കില്ലെന്നു കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആരും എന്നെ വിലക്കിയിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയ സമ്മേളനമാണ്. അതില്‍ ചിന്തകള്‍ പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല. ജനാധിപത്യത്തില്‍ വിരുദ്ധ ചേരികളിലുള്ളവര്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടണം എന്നും തരൂര്‍ പറഞ്ഞു. വിലക്കിയാല്‍ സോണിയാ ഗാന്ധിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ശക്തമായ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സിപിഎം വേദികളിലെ കോണ്‍ഗ്രസ് സാന്നിധ്യം ജനങ്ങള്‍ക്കു തെറ്റായ സന്ദേശം നല്‍കുമെന്നാണു കെപിസിസി നേതൃത്വം കരുതുന്നത്. അതിനെ എതിര്‍ത്താണ് ശശി തരൂര്‍ സോണിയയെ കാണുന്നത്.
https://www.facebook.com/Malayalivartha