അമ്മമാരുടെ മനസ് നിറഞ്ഞ അനുഗ്രഹവുമായി നിരഞ്ജനയും സംഗീതും കൈപിടിച്ച് ജീവിതത്തിലേക്ക് .... മുന്‍ നിയമസഭ സ്പീക്കറും നോര്‍ക്ക റൂട്ട്‌സ് ചെയര്‍മാനുമായ പി. ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകള്‍ നിരഞ്ജനയാണ് ഇന്നലെ തവനൂര്‍ വയോജനമന്ദിരത്തിലെ അമ്മമാരുടെ സാന്നിദ്ധ്യത്തില്‍ വിവാഹിതയായത്

കുഞ്ഞുനാള്‍ മുതല്‍ കണ്ടുപരിചയമുള്ള തവനൂര്‍ വയോജനമന്ദിരത്തിലെ അമ്മമാരുടെ കണ്‍മുന്നില്‍, അവരുടെ മനസ് നിറഞ്ഞ അനുഗ്രഹവുമായി നിരഞ്ജനയും സംഗീതും ജീവിതത്തിലേക്ക് കൈപിടിച്ചു. മുന്‍ നിയമസഭ സ്പീക്കറും നോര്‍ക്ക റൂട്ട്‌സ് ചെയര്‍മാനുമായ പി. ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകളാണ് നിരഞ്ജന.
തിരുവനന്തപുരം പി.ടി.പി നഗര്‍ 'വൈറ്റ്പേളി' ല്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകനാണ് സംഗീത്. സാമൂഹികനീതി വകുപ്പിനു കീഴിലുള്ള തവനൂര്‍ വയോജന മന്ദിരത്തില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു ശ്രീരാമകൃഷ്ണനും കുടുംബവും. ഓണമുള്‍പ്പെടെ പ്രധാന ആഘോഷങ്ങളെല്ലാം ഇവിടെയായിരുന്നു ഇവര്‍ ആഘോഷിച്ചിരുന്നത്. ഇവിടെയുള്ള അമ്മമാരുമായുള്ള മാനസിക അടുപ്പമാണ് അവര്‍ക്കുമുന്നില്‍ വിവാഹിതയാവാമെന്ന തീരുമാനത്തിലേക്ക് നിരഞ്ജനയെ എത്തിച്ചത്.
കൊട്ടും കുരവയുമില്ലാതെയായിരുന്നു താലിചാര്‍ത്തല്‍. ഇരുവര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാല കൈമാറി. വധൂവരന്മാരുടെ കൈകള്‍ ചേര്‍ത്തുവച്ച് ശ്രീരാമകൃഷ്ണന്‍ ഇരുവരെയും അനുഗ്രഹിച്ചതോടെ ചടങ്ങ് പൂര്‍ത്തിയായി.
കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്. ആര്‍ വിഭാഗത്തിലാണ് നിരഞ്ജന ജോലി ചെയ്യുന്നത്. എം.ബി.എയ്ക്ക് പഠിക്കുമ്പോള്‍ നിരഞ്ജനയുടെ സീനിയറായിരുന്നു സംഗീത്. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹം. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി. അബ്ദുറഹിമാന്‍, എം.എല്‍.എമാരായ കെ.ടി.ജലീല്‍, പി.നന്ദകുമാര്‍, പി. മമ്മിക്കുട്ടി, മുന്‍ മന്ത്രി വി. എസ് സുനില്‍കുമാര്‍ , മുന്‍ എം.എല്‍.എമാരായ വി. ശശികുമാര്‍, വി.കെ.സി. മമ്മദ് കോയ, മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, സിനിമാതാരം വി.കെ. ശ്രീരാമന്‍, സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് എന്നിവരും പങ്കെടുത്തു.
അതേസമയം മക്കളുടെ സ്‌നേഹത്തണലില്ലാതെ വയോജന മന്ദിരത്തില്‍ കഴിയുന്നവരുടെ സാന്നിദ്ധ്യത്തില്‍ വിവാഹം നടത്തണമെന്ന നിരഞ്ജനയുടെ ആഗ്രഹമാണ് ഇന്നലെ സഫലമായി തീര്‍ന്നത്.
"
https://www.facebook.com/Malayalivartha