1500 കോടിയുടെ ഹെറോയിന്‍ വേട്ട; പ്രതികളെ റവന്യു ഇന്റലിജന്‍സ് ചോദ്യം ചെയ്യും, നിര്‍ണായ നീക്കത്തിനൊരുങ്ങി എന്‍ഐഎ; പ്രതികളുടെ പാകിസ്ഥാന്‍ - ഇറാന്‍ ബന്ധവും അന്വേഷിക്കും..

ഇന്നലെ 1500 കോടിയുടെ ഹെറോയിനുമായി പിടിയിലായ പ്രതികളെ റവന്യൂ ഇന്റലിജന്‍സ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. വന്‍ വേട്ടയില്‍ 20 പ്രതികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും എന്നാണ് വിവരം.
ലക്ഷദ്വീപിലെ അഗത്തിക്കടുത്ത് പുറങ്കടലില്‍ നിന്നാണ് 218 കിലോ ഹെറോയിനുമായി കഴിഞ്ഞ ദിവസം ഇവരെ പിടികൂടിയത്. ഇവര്‍ക്ക് പാകിസ്ഥാന്‍ ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
എന്നാല്‍ ഹെറോയിന്‍ എത്തിയത് ഇറാന്‍ ബോട്ടിലായതിനാല്‍ രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായി പ്രതികള്‍ക്ക് ബന്ധം എങ്ങനെയുണ്ടായെന്നാണ് പരിശോധിക്കുന്നത്. അതിനാല്‍ തന്നെ കേസ് എന്‍ഐഎ ഏറ്റെടുക്കും. മലയാളികളും തമിഴ്‌നാട് സ്വദേശികളും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട് എന്നാണ് വിവരം.
ഇപ്പോള്‍ അറസ്റ്റിലുള്ളവരെ കന്യാകുമാരിയിലടക്കം കൊണ്ടുപോയി തെളിവെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മയക്കുമരുന്ന് ബോട്ടുകള്‍ ലക്ഷ്യം വച്ചത് ഇന്ത്യന്‍ തീരത്തെയാണെന്നുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. മാത്രമല്ല പാകിസ്ഥാന്‍ ബന്ധം സൂചിപ്പിക്കുന്ന ചില എഴുത്തുകള്‍ ഹെറോയിന്‍ നിറച്ച ചാക്കിന് പുറത്തുണ്ട്. പാക്കിസ്ഥാനിലെ പഞ്ചസാരമില്ലിന്റെ മേല്‍വിലാസത്തിലാണ് ഹെറോയിന്‍ കൊണ്ടുവന്നത് എന്നും അന്വേഷണ സംഘത്തിന് മനസിലായിട്ടുണ്ട്.
എന്നാല്‍ അഗത്തിയുടെ പുറങ്കടലില്‍ ഹെറോയിന്‍ എത്തിച്ചത് ഇറാന്‍ ബോട്ടാണ്. തുടര്‍ന്ന് ഇവിടെ നങ്കൂരമിട്ട രണ്ട് മത്സ്യബന്ധന ബോട്ടുകളിലേക്ക് ലഹരി മരുന്ന് കൈമാറുകയാണ് ഉണ്ടായത്. പിടിയിലായ ബോട്ടില്‍ നിന്ന് സാറ്റലൈറ്റ് ഫോണും കണ്ടെടുത്തിട്ടുണ്ട്. മാത്രമല്ല ഈ ഫോണിലേക്ക് നിരവധി രാജ്യാന്തര കോളുകള്‍ വന്നിട്ടുണ്ടെന്നും അറബിക്കടലില്‍ ഹെറെയിന്‍ കൈമാറ്റത്തിനുളള ലൊക്കേഷന്‍ നിശ്ചയിച്ചതും ഈ സാറ്റലൈറ്റ് ഫോണിലൂടെയാണെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ കന്യാകുമാരിയടക്കം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തി. ഇത്തരത്തില്‍ നേരത്തെയും മയക്കുമരുന്ന് സംഘങ്ങള്‍ പിടിയിലായിട്ടുണ്ട്. പാകിസ്ഥാന്റെ ബന്ധവും അന്വേഷണ സംഘം ഇതിനകം അന്വേഷിച്ചുവരികയാണ്.
https://www.facebook.com/Malayalivartha