ക്യാപ്റ്റന്‍ വിളി വേണ്ട, കട്ടകലിപ്പില്‍ മുതിര്‍ന്ന നേതാക്കള്‍; കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക്!

തൃക്കാക്കരയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയച്ചതിന് ശേഷവും കോണ്‍ഗ്രസിനകത്ത് പൊട്ടിത്തെറികള്‍ രൂക്ഷമാവുകയാണ്. നമുക്കറിയാം കോണ്‍ഗ്രസിനകത്തെ പടലപിണക്കങ്ങളും പിളര്‍പ്പും പരസ്പരമുള്ള പഴിചാരലുകളും തന്നെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുന്നത്. അതുതന്നെയാണ് പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന ചരിത്ര നേട്ടവും ഉണ്ടാക്കിക്കൊടുത്തത്.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ഇന്നലെ തൃക്കാക്കര ഉമ തോമസ് കരതൊട്ടത്. എന്നാല്‍ ഇപ്പോഴിതാ വീണ്ടും കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.
തൃക്കാക്കര വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ക്യാപ്റ്റനെന്ന് വിളിക്കുന്ന പ്രവണത കാണുന്നുണ്ട്. പ്രചാരണ വേളയിലടക്കം രാത്രി പകലെന്നില്ലാതെ സതീശന്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചതാണ് വിജയത്തിന് പിന്നിലെന്ന് കോണ്‍ഗ്രസിലെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ പറയുന്നുമുണ്ട്. എന്നാല്‍ അതിനെ എതിര്‍ത്ത് സതീശന്റെ എതിര്‍വിഭാഗം രംഗത്ത് വന്നിരിക്കുകയാണ്. അതായത് സതീശനെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നത് പിളര്‍പ്പിന്റെ സൂചനയാണെന്നാണ് കെ മുരളീധരന്‍ എംപി പറയുന്നത്..
കൂട്ടായ്മയുടെ വിജയമാണ് തൃക്കാക്കരയില്‍ കണ്ടത്. സ്വന്തം ജില്ലയിലായതിനാല്‍ വി ഡി സതീശന്‍ കൂടുതല്‍ ഉത്തരവാദിത്വം കാട്ടി. ഉപതെരഞ്ഞെടുപ്പ് തോറ്റാല്‍ മുഖ്യമന്ത്രി മാറേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഹൈബി ഈഡന്‍ എംപിയാണ് ഫേസ്ബുക്ക് പേജിലൂടെ വിഡി സതീശനെ ക്യാപ്റ്റന്‍ എന്ന പരാമര്‍ശം നടത്തിയത്. പിന്നില്‍ ചേര്‍ന്നു നില്‍ക്കാന്‍ ഇഷ്ടമാണ്... ഓറിജിനല്‍ ക്യാപ്റ്റന്‍ എന്നാണ് ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതാണ് മുരളീധരനെ ചൊടിപ്പിച്ചത്.
മാത്രമല്ല തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് കാരണമായേക്കുമെന്നുള്ള സൂചന കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളും നല്‍കുന്നുണ്ട്.
തെരഞ്ഞെടുപ്പ് വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും വിഡി സതീശന്റെ നേതൃത്വത്തിന് മാത്രം നല്‍കേണ്ടതില്ലെന്നാണ് ചിലരുടെ അഭിപ്രായം. വിജയത്തിന് ഒറ്റ അവകാശി, അത് വിഡി സതീശന്‍ മാത്രമേന്ന് സ്ഥാപിക്കാന്‍ സതീശന്‍ അനുകൂലികള്‍ നടത്തുന്ന ശ്രമമാണ് മുതിര്‍ന്ന നേതാക്കളെ അലോസരപ്പെടുത്തിയിരിക്കുന്നത്. ഈ മുതിര്‍ന്ന നേതാക്കള്‍ എന്ന് പറയുമ്പോള്‍ അത് മറ്റാരുമല്ല ഉമ്മന്‍ചാണ്ടി, ചെന്നിത്തല സഖ്യം തന്നെയാണ്. പുതിയ നേതൃത്വത്തെ വാനോളംപുകഴ്ത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അമ്പെയ്യുമ്പോള്‍ അത് ചെന്ന് തറക്കുന്നത് പഴയ നേതൃത്വത്തിന്റെ ചങ്കില്‍തന്നെയാണ്.
സുധാകരന്റെ വാക്കുകള്‍ തിരുത്തി കൂട്ടായ വിജയമാണ് ഉണ്ടായതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞെങ്കിലും അത് അംഗീകരിക്കാന്‍ വിഡി സതീശന്‍ അനുകൂലികള്‍ തയ്യാറായില്ല എന്നതാണ് സത്യം. മുതിര്‍ന്ന നേതാക്കള്‍ പറയുന്നതിന് ചെവികൊടുക്കാതെ ദി റിയല്‍ ലീഡര്‍ എന്ന തലക്കെട്ടില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറയ്ക്കുന്ന തിരക്കിലാണ് പുതിയ നേതാക്കള്‍.
ഇതെല്ലാം മുതിര്‍ന്ന നേതാക്കളില്‍ വലിയ ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല വിജയം തന്റെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് മാറ്റാണ് സതീശന്റെ ശ്രമെന്നും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പോലും മുതിര്‍ന്ന നേതാക്കളെ അടുപ്പിക്കാതെ ഒരു ഏകാധിപതിയെ പോലെ സതീശന്‍ പ്രവര്‍ത്തിച്ചെന്നുമുള്ള ആരോപണങ്ങള്‍ പൊതപസമൂഹത്തില്‍ ഉയരുന്നുണ്ട്.
അതിനിടയിലാണ് പുതിയ ഗ്രൂപ്പിനുള്ള കളം തെളിയുന്നു എന്നുള്ള സൂചന കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ ഇപ്പോള്‍ വരുന്നത്. എന്തായാലും തൃക്കാക്കര കോണ്‍ഗ്രസിന്റെ കൈവെള്ളയിലായി എന്നാല്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അടുത്ത പൊതു തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കോണ്‍ഗ്രസ് ശൂന്യമാകും. തൃക്കാക്കര കിട്ടിയതിന്റെ ആശ്വാസത്തിലിരിക്കുന്ന കോണ്‍ഗ്രസുകാര്‍ വര്‍ഷങ്ങളോളം മാണിസാറിന്റെ കുത്തകയായിരുന്ന പാലാ സീറ്റ് കൈവിട്ടുപോയത് ഒന്ന് മനസില്‍ കരുതിക്കോളൂ..
https://www.facebook.com/Malayalivartha