വീടിന് സമീപത്തെ കിണറ്റില്‍ വീണ വയോധികയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

മകളുടെ വീട്ടില്‍ പോയി തിരികെ വരുന്നതിനിടെ കാണാതായ വയോധികയെ വീടിനടുത്തുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്ന പുനലൂര്‍ പേപ്പര്‍മില്‍ പള്ളിത്താഴേതില്‍ വീട്ടില്‍ ലീലാമ്മയെയാണ് (78) കഴിഞ്ഞ ദിവസം രാത്രിയോടെ കണ്ടെത്തിയത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് അത്ഭുതകരമായി ഇവരെ രക്ഷപ്പെടുത്താനായത്.
കഴിഞ്ഞ വ്യാഴാഴ്ച കുണ്ടറയിലുള്ള മകളുടെ വീട്ടില്‍ പോയ ലീലാമ്മ ട്രെയിനില്‍ തിരികെ പുനലൂരില്‍ എത്തിയിരുന്നു. എന്നാല്‍, പിന്നീട് അമ്മയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടാതെ വന്നതോടെ മകള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, പുനലൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ ലീലാമ്മ ട്രെയിനില്‍ നിന്നിറങ്ങി നടന്നുപോകുന്നതായി കണ്ടിരുന്നു.
തിരച്ചിലിനിടെയാണ് ലീലാമ്മയുടെ വീടിന് സമീപത്ത് നിന്നും ഇവരുടെ ആഭരണങ്ങളും മറ്റും അടങ്ങിയ കവറും ഒരു കുറിപ്പും ബന്ധുക്കള്‍ക്ക് ലഭിച്ചത്. തുടര്‍ന്ന്, പോലീസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് വീട്ടില്‍ നിന്നും ഏകദേശം 200 മീറ്ററോളം താഴെയായി ഉപയോഗശൂന്യമായ കിണറ്റില്‍ ഇവരെ കണ്ടെത്തിയത്. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി ലീലാമ്മയെ കിണറ്റില്‍ നിന്ന് സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.
കിണറ്റില്‍ നിന്ന് പുറത്തെടുത്ത ലീലാമ്മയെ ഉടന്‍ തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും, തുടര്‍ന്ന് കൂടുതല്‍ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയിലായതിനാല്‍ കിണറ്റില്‍ വീണതിനെക്കുറിച്ച് ലീലാമ്മയുടെ മൊഴിയെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മൊഴിയെടുത്താല്‍ മാത്രമേ, ഇവര്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണതാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതില്‍ വ്യക്തത വരികയുള്ളൂ എന്ന് പുനലൂര്‍ പോലീസ് അറിയിച്ചു. സീനിയര്‍ ഫയര്‍ ഓഫിസര്‍ എസ്.ശ്യാംകുമാര്‍, ഡ്രൈവര്‍ മനോജ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ സതീഷ്, മിഥുന്‍, അരുണ്‍ ജി. നാഥ്, എം.ആര്‍.ശരത്, ആര്‍.ശരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വിജയകരമായ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
https://www.facebook.com/Malayalivartha