സ്‌കൂട്ടറിലെത്തി മാല പിടിച്ചുപറിച്ച സംഘത്തെ ജനം പിടികൂടി

സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം കാല്‍നട യാത്രക്കാരിയുടെ സ്വര്‍ണമാല പിടിച്ചുപറിച്ചു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പിന്‍തുടര്‍ന്നു മോഷ്ടാക്കളെ തൊണ്ടിസഹിതം പൊക്കി പൊലീസില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടു മലയിന്‍കീഴ്- ഊരൂട്ടമ്പലം റോഡില്‍ ഊറ്റുപാറ ബൈബിള്‍ കോളജിനു സമീപമായിരുന്നു സംഭവം.
മലയിന്‍കീഴ് അമ്പാടി നഗറില്‍ ശിവശക്തി വീട്ടില്‍ ജയന്തി(44)യുടെ 22 ഗ്രാം വരുന്ന താലിമാലയാണു പിടിച്ചുപറിച്ചത്. സ്‌കൂട്ടറിലെത്തിയ സംഘം മലയിന്‍കീഴുനിന്നു വീട്ടിലേക്കു നടന്നു പോകുകയായിരുന്ന ജയന്തിയുടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പിന്‍സീറ്റില്‍ ഇരുന്നയാളാണു മാല പൊട്ടിച്ചെടുത്തത്. ജയന്തിയുടെ നിലവിളികേട്ട് അതുവഴി പോയ വാഹനയാത്രക്കാരും നാട്ടുകാരും സ്‌കൂട്ടറിനെ പിന്‍തുടര്‍ന്നു.
മലയിന്‍കീഴ് ജംക്ഷനില്‍ വച്ചു സ്‌കൂട്ടറിനെ തടഞ്ഞുനിര്‍ത്തി നാട്ടുകാര്‍ മോഷ്ടാക്കളെ പിടികൂടിയപ്പോള്‍ കൈയില്‍ ഉണ്ടായിരുന്ന കത്തിയും ഹെല്‍മറ്റും ഉപയോഗിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു മോഷ്ടാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വിട്ടില്ല. കിട്ടിയ അവസരം മുതലെടുത്തു നാട്ടുകാര്‍ പിടിച്ചുപറിക്കാരെ കാര്യമായി പെരുമാറി.
മാറനല്ലൂര്‍ അഴകം നെല്ലിക്കാട് ചിറത്തലയ്ക്കല്‍ വീട്ടില്‍ വിജി എന്ന വിജയകാന്ത്(27), തിരുമല പുന്നയ്ക്കാമുകള്‍ സബ്‌സ്‌റ്റേഷനു സമീപം വാടകയ്ക്കു താമസിക്കുന്ന ഷിബു സൈമന്‍(31) എന്നിവരെയാണു നാട്ടുകാര്‍ പിടികൂടി മലയിന്‍കീഴ് പൊലീസിനു കൈമാറിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതിന്റെ നമ്പര്‍ വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മുളകുപൊടി, കത്തി തുടങ്ങിയ സന്നാഹങ്ങളുമായാണു പ്രതികള്‍ മാല പിടിച്ചുപറിക്കാന്‍ ഇറങ്ങിത്തിരിച്ചത്. കാട്ടാക്കട, മാറനല്ലൂര്‍, കിള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ കാല്‍നടക്കാരായ വീട്ടമ്മമാരുടെ മാല പിടിച്ചുപറിക്കാന്‍ പ്രതികള്‍ ഇതേദിവസം തന്നെ ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു. ഇതില്‍ കാട്ടാക്കടയില്‍ പ്രതികളുടെ ആക്രമണത്തിന് ഇരയായ വീട്ടമ്മയ്ക്കു സാരമായ പരുക്കേല്‍ക്കുകയും ചെയ്തു. ഒന്നാം പ്രതിയായ വിജയകാന്ത് ഒട്ടേറെ പിടിച്ചുപറി കേസില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha