വ്യാജരേഖ ചമച്ച് ബാങ്കുകളെ കബളിപ്പിച്ച് അമേരിക്കന്‍ മലയാളി തട്ടിച്ചത് 20 കോടിയോളം രൂപ; തട്ടിപ്പിന് കൂട്ടുനിന്ന ബാങ്ക് അധികൃതരും കുടുങ്ങും

കള്ളന്‍മാരുടെ കള്ളനായ റോബിന്‍ഹുഡ് ബാങ്കുകളില്‍ വന്‍ കവര്‍ച്ച നടത്തുക രാത്രിയിലാണെങ്കില്‍ ഇവിടെ ബിജു എന്ന തട്ടിപ്പുകാരന്‍ പട്ടാപ്പകല്‍ ബാങ്കില്‍ നേരിട്ട് എത്തിയാണ് പണം തട്ടിക്കുന്നത്. സാധാരണക്കാരന്‍ ചെറിയ ഒരു ലോണിനായി ബാങ്കിലെത്തിയാല്‍ നൂറു തവണ നടത്തിച്ച് നൂറ്റമ്പത് കടലാസും ചോദിച്ച് അവസാനം മുട്ടാപോക്ക് പറഞ്ഞ് ലോണ്‍ കൊടുക്കാതെ മടക്കി അയക്കുന്നവരാണ് മിക്കബാങ്കുകളും. എന്നാല്‍ ബാങ്കുകളെ കുടുക്കിലാക്കിയ ഈ അമേരിക്കന്‍ മലയാളിയുടെ തട്ടിപ്പ് കേട്ടാലും പറഞ്ഞാലും ആരും വിശ്വസിക്കില്ല. അത്രയ്ക്കും വൈദഗ്ധ്യത്തോടെയും തന്ത്രങ്ങളിലൂടെയുമാണ് ഇയാള്‍ എല്ലാവരെയും പറ്റിച്ചത്. വ്യാജരേഖ കാട്ടി ബിജു മാത്യുവെന്ന അമേരിക്കന്‍ മലയാളി ഇതേ ബാങ്കുകളില്‍നിന്ന് തട്ടിയെടുത്തത് 18.50 കോടി. ഇതിന്റെ പലിശ കൂടി കണക്കാക്കിയാല്‍ മൊത്തം തട്ടിപ്പ് 23 കോടിയെന്ന് വായിക്കാം. തട്ടിപ്പിന് കൂട്ടു നിന്ന ബാങ്ക് മാനേജര്‍മാരും കുടുങ്ങും.
സംസ്ഥാനത്തിന് അകത്തും പുറത്തുമായി വ്യാജ ആധാരങ്ങള്‍ ചമച്ച് അഞ്ചു ബാങ്കുകളെ കബളിപ്പിച്ചാണ് കോഴഞ്ചേരി നാനാവീട്ടില്‍ പുത്തന്‍പറമ്പില്‍ ബിജു മാത്യു ഏബ്രഹാം (43) 18.50 കോടി തട്ടിയെടുത്തത്. റാന്നി സ്വദേശി എം.കെ. ജോയി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ ചുരുളഴിച്ചുവന്നപ്പോള്‍ പൊലീസിന് മുന്നില്‍ പരാതിക്കാരന്‍ ജോയിയും വായ്പ നല്‍കിയ ബാങ്കുകളുടെ മാനേജര്‍മാരും സംശയിക്കപ്പെടുന്നവരാണ്. പൊലീസ് പറയുന്ന തട്ടിപ്പ് കഥകളില്‍ ഒരു പാട് ലൂപ്‌ഹോളുകളുണ്ട്. 18.50 കോടി തട്ടിച്ച കണക്ക് പൊലീസ് പറയുമ്പോള്‍ തന്നെ അതൊക്കെ എങ്ങനെ, ഇത്രയും കാലം ഇതെങ്ങനെ രഹസ്യമായി ഇരുന്നു, ബാങ്കുകളുടെ ലീഗല്‍ സെല്‍ പരിശോധിക്കാതെ വന്‍ തുക വായ്പ കിട്ടിയത് എങ്ങനെ എന്നീ ചോദ്യങ്ങള്‍ക്കും ഉത്തരമില്ല.
അമേരിക്കയിലായിരുന്നു ബിജു തട്ടിപ്പ് ആരംഭിച്ചത്. എട്ടുവര്‍ഷമാണ് ഇയാള്‍ അമേരിക്കയില്‍ ഉണ്ടായിരുന്നത്. അവിടെയും ഭൂപണയ തട്ടിപ്പ് നടത്തിയാണ് ഇയാള്‍ അകത്തു പോയത്. പിന്നീട് ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ബിജു ഇന്ത്യയില്‍ എത്താനും വളഞ്ഞ വഴിയാണ് സ്വീകരിച്ചത്. കാഠ്മണ്ഡുവില്‍ വിമാനമിറങ്ങിയ ബിജു അവിടെ നിന്ന് റോഡ് മാര്‍ഗം ഇന്ത്യയിലേക്ക് കടന്നു. തട്ടിപ്പിനുള്ള താവളം കോട്ടയമാക്കി മാറ്റുകയായിരുന്നു പിന്നീട്. ഒരു പഞ്ചാബി വനിതയെ വിവാഹം കഴിച്ച് ഇവിടെ തന്നെ കൂടിയ ബിജുവിന്റെ പുതിയ തട്ടിപ്പ് വസ്തു ബ്രോക്കറുടെ റോളിലായിരുന്നു.
ബാങ്കുകള്‍ ജപ്തിക്ക് വയ്ക്കുന്നതോ കേസില്‍പ്പെട്ടതോ ആയിട്ടുള്ള കണ്ണായ സ്ഥലങ്ങള്‍ വിലയ്ക്കു വാങ്ങാമെന്നോ സംയുക്തമായി കൃഷി ഇറക്കാമെന്നോ പറഞ്ഞ് ഇരകളെ വീഴ്ത്തും. ഇതിനായി കരാറും തയാറാക്കും. ഇങ്ങനെ തയാറാക്കുന്ന കരാറില്‍ കാണുന്ന രണ്ടാം കക്ഷിയുടെ ഒപ്പ് സ്‌കാന്‍ ചെയ്ത് കമ്പ്യൂട്ടറിലാക്കും. പിന്നെ മുദ്രപത്രത്തിലേക്ക് വില്‍പനക്കരാര്‍ തയാറാക്കി കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന ഒപ്പ് അതിലേക്ക് പ്രിന്റും ചെയ്യും. ഇങ്ങനെ വ്യാജമായി തയാറാക്കിയ കരാറുമായി ബാങ്കിനെ വായ്പയ്ക്കായി സമീപിക്കും. ബിജുവിന്റെ നടപ്പും എടുപ്പും കണ്ട് വിശ്വസിക്കുന്ന മാനേജര്‍മാര്‍ ഇയാളുടെ വാക്ചാതുരിയില്‍ മയങ്ങി വന്‍തുക തന്നെ വായ്പ നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. വായ്പ കൈയില്‍ കിട്ടിയാല്‍ പിന്നെ ബിജുവിന്റെ പൊടിപോലുമുണ്ടാകില്ല കണ്ടുപിടിക്കാന്‍.
ഇപ്പോള്‍ അറസ്റ്റിന് കാരണമായ പരാതിക്കാരനായ ജോയിയുടെ കുമളിയിലുള്ള 48 ഏക്കറിന്റെയും ഇദ്ദേഹം പാട്ടത്തിനെടുത്ത 75 ഏക്കറിന്റെയും വ്യാജ ആധാരം ഉണ്ടാക്കിയാണ് എസ്.ബി.ഐ മടുക്കേരി ബ്രാഞ്ചില്‍ നിന്നും 18.50 കോടി രൂപ വായ്പയ്ക്ക് അപേക്ഷിച്ചത്. 14 കോടി ബാങ്ക് അനുവദിച്ചു. ഇതിനായി ബിജു വ്യാജരേഖയാണ് സമര്‍പ്പിച്ചതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ജോയി പറയുന്നു. ജോയിയുടെ ഈ മൊഴിയാണ് പൊലീസിന് സംശയത്തിന് വഴി നല്‍കുന്നത്. ഒരു ഈടുമില്ലാതെ ബിജുവിന് 14 കോടി വായ്പ കിട്ടിയെന്ന് വിശ്വസിക്കാനും മാത്രം മണ്ടനായിരുന്നില്ല വ്യവസായിയായ ജോയി. മാത്രവുമല്ല, ജോയിക്ക് പത്തനംതിട്ട യുക്കോ ബാങ്ക് ശാഖയില്‍ ഏഴു കോടി രൂപയുടെ ബാധ്യതയുമുണ്ടായിരുന്നു.
വായ്പ കിട്ടിയ 14 കോടിയില്‍ 6.75 കോടി രൂപ ജോയിക്ക് ബാധ്യത തീര്‍ക്കുന്നതിന് ബിജു നല്‍കി. യൂക്കോ ബാങ്കിന്റെ പത്തനംതിട്ട ശാഖയിലെ ജോയിയുടെ അക്കൗണ്ടിലാണ് തുക നിക്ഷേപിച്ചത്. പിന്നീട്, ഇദ്ദേഹത്തിന്റെ കടങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കലില്‍ അവസാനിപ്പിക്കാനാണെന്ന് പറഞ്ഞ് ഒപ്പിട്ടു വാങ്ങിയ രണ്ടുചെക്ക് ലീഫുകള്‍ ഉപയോഗിച്ച് ഈ പണം ബിജു അന്നു തന്നെ മാറിയെടുത്തുവെന്നും ജോയി പറയുന്നു. ഇതും സംശയത്തിനിട നല്‍കുന്നു. ഇത്രയും വലിയ തുക ഒരിക്കലും ബാങ്കുകാര്‍ ക്രോസ് ചെക്ക് ചെയ്യാതെ നല്‍കില്ല. ഒന്നുകില്‍ മാനേജരുടെ സഹായം ഇതിനുണ്ടാകണം. രണ്ടാമതായി പണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചപ്പോള്‍ തന്റെ മൊബൈല്‍ ഫോണിലേക്ക് ബാങ്കിന്റെ സന്ദേശം വന്നിരുന്നില്ലെന്നും ജോയി പറയുന്നു. മൊബൈല്‍ സന്ദേശം ബാങ്കിന്റെ കേന്ദ്രസെര്‍വറില്‍ നിന്നു പുറപ്പെടുന്നതാണ്. ഇതു തടയാന്‍ ലോക്കല്‍ ബ്രാഞ്ച് മാനേജര്‍മാര്‍ക്ക് കഴിയുമോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്.
ബാധ്യത തീര്‍ന്നുവെന്ന് വിശ്വസിച്ചിരുന്ന ജോയിക്ക് വായ്പാ കുടിശിക അടയ്ക്കാനുള്ള നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് മടുക്കേരി ബ്രാഞ്ചില്‍ അന്വേഷിച്ചതിനു പിന്നാലെ രേഖകള്‍ മംഗലാപുരം ബ്രാഞ്ചിലേക്ക് മാറ്റുകയും ബാങ്ക് അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. 14 കോടി രൂപ ബാങ്ക് അനുവദിച്ചതില്‍ ഒരു പൈസ പോലും തിരിച്ചടച്ചിരുന്നില്ല. ഇപ്പോള്‍ പലിശ സഹിതം 18.50 കോടി തിരിച്ചടയ്‌ക്കേണ്ടതായുണ്ട്. തിങ്കളാഴ്ച രാത്രിയില്‍ കുമളിയിലെ എസ്‌റ്റേറ്റില്‍ ബിജു എത്തിയെന്ന വിവരം അറിഞ്ഞ പൊലീസ് അവിടെയെത്തി. പൊലീസിനെ കണ്ട ബിജു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് നാല് വ്യാജ കരാറും 50 രൂപയുടെ മുതല്‍ 25000 രൂപയുടെ വരെയുള്ള 31 മുദ്രപത്രങ്ങളും ചെക്കുബുക്കുകളും ലഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha