കുഴഞ്ഞ് മറിഞ്ഞ് സിപിഎം; മുതലെടുത്ത് ബിജെപി... ബാര്‍ കോഴയില്‍ മുങ്ങിത്തപ്പിയ യുഡിഎഫ് വീണ്ടും സടകുടഞ്ഞെഴുന്നേറ്റു

തദ്ദേശ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ആകെ കുഴഞ്ഞ് മറിഞ്ഞ് സിപിഎം. ചക്കിട്ടപ്പാറയും വിഎസിന്റെ മകന്റെ അഴിമതിയുമെല്ലാം സിപിഎമ്മിന് നേരെ തിരിഞ്ഞിരിക്കുകയാണ്. ബാര്‍ കോഴയില്‍ മുങ്ങിത്തപ്പിയ യുഡിഎഫ് വീണ്ടും സടകുടഞ്ഞെഴുന്നേറ്റു കഴിഞ്ഞു.
ചക്കിട്ടപ്പാറ അഴിമതിയില്‍ എളമരം കരീമിന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ ബിജെപിയ്ക്ക് നല്ലൊരു ആയുധം കിട്ടി. വെള്ളാപ്പള്ളിയുമായുള്ള ചങ്ങാത്തം ബിജെപിയ്ക്ക് നേട്ടമായെങ്കിലും പിന്നീടുവന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണ കോലാഹലത്തില്‍ അവരും പിന്നോട്ട് പോയിരുന്നു. മുഖ്യ എതിരാളികളായ സിപിഎമ്മിനെ തല്ലാന്‍ കിട്ടിയ അവസാന വടിയായി ചക്കിട്ടിപ്പാറ ബിജെപി തെരഞ്ഞെടുത്തു കഴിഞ്ഞു.
ബാര്‍ വിഷയത്തില്‍ പല മന്ത്രിമാരും കോഴ വാങ്ങിയെന്നിരിക്കേ കെ.എം. മാണിയെ സിപിഎം ഒറ്റ തിരിഞ്ഞാക്രമിച്ചതിനാല്‍ മധ്യ കേരളത്തിലെ നല്ലോരു ക്രിസ്ത്യന്‍ സമൂഹം സിപിഎമ്മിനെതിരെ തിരിഞ്ഞു കഴിഞ്ഞു. വെള്ളാപ്പള്ളിയെ അടിച്ചാക്ഷേപിച്ചതിലൂടെ ന്യൂനപക്ഷ വോട്ടും സിപിഎമ്മിന് നഷ്ടമാകും.
ഇവിടേയും താരമായത് ഉമ്മവ് ചാണ്ടിയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയും നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുത്ത് രാഷ്ട്രീയ കേരളത്തെ അമ്പരപ്പിക്കുകയാണ് ഉമ്മന്‍ ചാണ്ടി. ഒന്ന്, വെള്ളാപ്പള്ളി നടേശനെതിരെ ആരോപണം ഉയര്‍ന്ന സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ച നടപടി ആണ്. രണ്ട്, ചക്കിട്ടപ്പാറ ഖനനാനുമതി കേസില്‍ മുന്മന്ത്രി എളമരം കരീം അഞ്ച് കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തെളിവില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസ് എഴുതിത്തള്ളിയെന്ന വാര്‍ത്ത പുറത്തുവന്നതാണ്. മൂന്ന് വിഎസിന്റെ മകന്‍ അരുണ്‍ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ തീരുമാനിച്ചു.
ഈ രണ്ട് വാര്‍ത്തകളും പുറത്തുവന്ന ടൈമിങ് തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ്. ബാര്‍ കോഴ കേസില്‍ മാണിയെയും സര്‍ക്കാറിനെയും പ്രതിരോധിക്കാന്‍ വേണ്ടിയാണ് ഇതെന്ന കാര്യം വ്യക്തമാണ്.
ചക്കിട്ടപ്പാറ ഖനനത്തിന് അനുമതി നല്‍കിയെന്ന കേസില്‍ എളമരം കരീമിനെതിരെ തെളിവില്ലെന്ന കണ്ടെത്തല്‍ ഫലത്തില്‍ ഇടതുമുന്നണിയെയും സിപിഎമ്മിനെയും സന്തോഷിപ്പിക്കുമ്പോഴും ബാര്‍കോഴ കേസില്‍ മാണിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ നിന്നും ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. കാരണം, ഈ രണ്ട് കേസുകളും തമ്മില്‍ യാദൃശ്ചികമായിട്ടെങ്കിലും ഏറെ സാമ്യതകള്‍ ഉണ്ട്. രണ്ട് കേസിലും അഞ്ച് കോടി രൂപയാണ് കൈക്കൂലി വാങ്ങിയതെന്ന ആരോപണം ഉയര്‍ന്നത്. ഖനനത്തിന് അനുമതി നല്‍കാന്‍ വേണ്ടി കര്‍ണ്ണാടകത്തിലെ ഖനികമ്പനി കരീം മന്ത്രിയായിരിക്കുമ്പോള്‍ പണം നല്‍കി എന്നതാണ് ആരോപണം. ബാര്‍കോഴ കേസില്‍ ആകട്ടെ പൂട്ടിയ ബാറുകള്‍ തുറക്കാനാണ് മാണിക്ക് കോഴ നല്‍കിയതെന്നതും. രണ്ട് കേസുകളും അന്വേഷിച്ചതാകട്ടെ വിജിലന്‍സ് എസ് പി സുകേശനും.
രണ്ട് ആരോപണങ്ങളിലും പണം കൊടുത്തവര്‍ക്ക് ഗുണം കിട്ടിയില്ലെന്ന പ്രത്യേകത കൂടിയുണ്ട്. ബാര്‍ തുറക്കാന്‍ പണം കൊടുത്തെങ്കിലും ബാര്‍ തുറക്കാന്‍ സാധിച്ചില്ല. ചക്കിട്ടപ്പാറയില്‍ ഖനനത്തിന് അവസരം ലഭിച്ചതുമില്ല. രണ്ട് നേതാക്കളുടെയും വീട്ടില്‍ കോഴപ്പണം എത്തി എന്ന ആരോപണവും ഉയര്‍ന്നിരുന്നു. അന്വേഷണത്തിന് ഒടുവില്‍ വിജിലന്‍സ് കരീമിനും മാണിക്കും ക്ലീന്‍ചിറ്റ് നല്‍കുകയാണ് ഉണ്ടായത്. എന്നാല്‍ മാണിയുടെ കാര്യത്തില്‍ ആകട്ടെ കോടതിയുടെ ഇടപെടാലാണ് കുരുക്കായി മാറിയതും.
നാളെ ഏഴ് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബാര്‍കോഴ കേസ് എല്‍ഡിഎഫ് കൂടുതല്‍ പ്രചരണായുധമാക്കാന്‍ ഉദ്ദേശിച്ചിരുന്നത് രണ്ടാം ഘട്ടത്തിലാണ്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥനും തനിക്ക് മേല്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനിയും ഈ വിഷയം പറഞ്ഞ് കൊണ്ട് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാന്‍ സിപിഎമ്മിന് കഴിയില്ല. ഇങ്ങനെ രംഗത്തെത്തിയാല്‍ തന്നെ എളമരത്തിന്റെ കേസിലെ അന്വേഷണം സത്യസന്ധമായിരുന്നില്ലേ എന്ന മറുചോദ്യമാകും യുഡിഎഫ് ചോദിക്കുക.
അതേസമയം വിജിലന്‍സിന്റെ അന്വേഷണം സത്യസന്ധമല്ലെന്നും രണ്ട് മുന്നണികളും തമ്മല്‍ ഒത്തുകളിക്കുകയാണെന്ന വാദവുമായി ബിജെപി ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു. ബാര്‍ കോഴ കേസില്‍ പ്രതിഷേധം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് എളമരം കരീമിന് ക്ലീന്‍ചിറ്റ് നല്‍കിയതെന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറയുന്നത്. മാത്രമല്ല അരുണ്‍ കുമാറിന്റെ അഴിമതിയും പ്രധാനമാണ്. ഇതെല്ലാം കൂടിയായതോടെ സിപിഎം ദുര്‍ബലാവസ്ഥയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha