സ്വര്‍ണ്ണക്കടത്തില്‍ പുതിയ രീതി, സ്വര്‍ണ മിശ്രിതം ഒപ്പിയെടുത്ത തോര്‍ത്തുകളുമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ

സ്വർണ്ണക്കടത്തിന് പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസ് വലയിലായി യാത്രക്കാരൻ. തൃശ്ശൂർ സ്വദേശിയായ ഫഹദ് (26) ആണ് സ്വർണ്ണം കടത്താൻ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത്. ഈ മാസം 10ന് ദുബായിൽ നിന്നും (എസ് ജി 54) സ്‌പൈസ് ജെറ്റിലാണ് ഇയാൾ നെടുമ്പാശ്ശേരിയിൽ എത്തിയത്. ദ്രാവക രൂപത്തിലുള്ള സ്വര്‍ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്ത ശേഷം ഇവ നന്നായി പായ്ക്ക് ചെയ്ത് സ്വര്‍ണം കടത്താനാണ് ഫഹദ് ശ്രമിച്ചത്.
പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി ചോദിച്ചപ്പോള്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുമ്പ് കുളിച്ചതാണെന്നും തോര്‍ത്ത് ഉണങ്ങാന്‍ സമയം ലഭിച്ചില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി.
ഫഹദിന്റെ മറുപടിയില്‍ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധന നടത്തിയതോടെ സമാന രീതിയിലുള്ള കൂടുതല്‍ തോര്‍ത്തുകള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ച പുതിയ മാര്‍ഗത്തിന്റെ ചുരുളഴിഞ്ഞത്. ആദ്യമായിട്ടാണ് ഇത്തരത്തില്‍ സ്വര്‍ണ്ണം കടത്തുന്നതെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























