നിയമന തട്ടിപ്പ് കേസ്... എല്ലാം സമ്മതിച്ച് ഹരിദാസന്റെ സുഹൃത്ത്

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ നിയമന തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്ന് സമ്മതിച്ച് ഹരിദാസന്റെ സുഹൃത്ത് ബാസിത്. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞത് ഹരിദാസനില്‍ നിന്ന് പണം തട്ടാനാണെന്നും ബാസിത് പൊലീസിനോട് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ പരാതിയില്‍ അഖില്‍ മാത്യുവിന്റെ പേര് എഴുതിച്ചേര്‍ത്തത് താനാണെന്നും ബാസിത് സമ്മതിച്ചു.
എ.ഐ.എസ്.എഫിന്റെ മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയാണ് ബാസിത്. ഹരിദാസനില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് ബാസിതിനെതിരെ പൊലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഹരിദാസന്റെ മരുമകള്‍ക്ക് നിയമന വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ബാസിതിന്റെ പേരില്‍ പൊലീസ് ഗൂഢാലോചന കുറ്റവും ചുമത്തി.
കേസില്‍ ബാസിതിന്റെ പങ്ക് നേരത്തെ തന്നെ ഹരിദാസ് പറഞ്ഞിരുന്നു. അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് പറഞ്ഞത് ബാസിതിന്റെ ഭീഷണി കാരണമാണെന്നും ഹരിദാസ് മൊഴി നല്‍കിയിരുന്നു. ഇത് ശരി വയ്ക്കുന്ന രീതിയിലാണ് ബാസിതിന്റെ ഇപ്പോഴത്തെ മൊഴി. കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കും. ഹരിദാസന്റെ രഹസ്യമൊഴിയും ഇന്ന് രേഖപ്പെടുത്തിയിരുന്നു. കേസില്‍ ഹരിദാസനെ സാക്ഷിയാക്കണോ പ്രതിയാക്കണോ എന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി.
അതേസമയം ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്ന നിലപാടിലാണ് ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിച്ചതെന്തിനെന്ന് വ്യക്തത വരാനുള്ള സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ തുടരേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. രാഷ്ട്രീയ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങള്‍ സംഭവത്തിന് പിന്നിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha


























