തലയ്ക്ക് അടിയേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണം.... ബന്ധുക്കളായ രണ്ട് പാസ്റ്റര്‍മാരടക്കം മൂന്നു പ്രതികള്‍ക്ക് ജാമ്യമില്ല, ജയിലില്‍ കഴിയുന്ന മൂവര്‍ സഹോദരങ്ങളായ ഡേവിഡ് രാജ്, സാം രാജ്, സമ്പത്ത് രാജ് എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്

വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ഇരുമ്പ് കമ്പി കൊണ്ടു തലയ്ക്കടിയേറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ബന്ധുക്കളായ രണ്ട് പാസ്റ്റര്‍മാരടക്കം മൂന്നു പ്രതികള്‍ക്ക് ജാമ്യമില്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളുടെ ജാമ്യഹര്‍ജി തള്ളിയത്.
ജയിലില്‍ കഴിയുന്ന മൂവര്‍ സഹോദരങ്ങളായ ഡേവിഡ് രാജ്, സാം രാജ്, സമ്പത്ത് രാജ് എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്. കൃത്യത്തില്‍ പ്രതികളുടെ ഉള്‍പ്പെടല്‍ പ്രഥമ ദൃഷ്ട്യാ കേസ് റെക്കോര്‍ഡുകളില്‍ കാണുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതികളെ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.വി.ബാലകൃഷ്ണന്‍ പ്രതികള്‍ക്ക് ജാമ്യം നിരസിച്ചത്.
പ്രതികളായ നെല്ലിമൂടിനു സമീപം ചരുവിള കനാന്‍ മെലഡിയില്‍ സഹോദരങ്ങളായ ഡേവിഡ് രാജ് (45) , സാം രാജ് (47), സമ്പത്ത് രാജ് (37) എന്നിവര്‍ക്കാണ് ജാമ്യം നിരസിച്ചത്. സമ്പത്ത് രാജും സാം രാജും ഗോല്‍ഗുല്‍ത്ത മിഷന്‍ പെന്തക്കോസ്ത് സഭയിലെ പാസ്റ്റര്‍മാരാണ്.
കാട്ടാക്കട തൂങ്ങാംപാറ മാവുവിള സീയോന്‍ മന്ദിരത്തില്‍ സാം ജെ.വത്സലന്‍ (സൂസന്‍ 44) ആണ് കൊല്ലപ്പെട്ടത്. ഡേവിഡിന്റെ ഭാര്യ ലീനയുടെ ബന്ധുവാണ് സാം.
2023 ആഗസ്റ്റ് 12 ശനിയാഴ്ച രാത്രി പതിനൊന്നരയോടെ നെല്ലിമൂടിനു സമീപം ഡേവിഡ് രാജിന്റെ വസതിയായ ചരുവിള കനാന്‍ മെലഡിയില്‍ വച്ചാണ് സാമിന് അടിയേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു. ഡേവിഡ് രാജ്, ശ്യാം രാജ് എന്നിവരെ ആഗസ്റ്റ് 13 ന് കാഞ്ഞിരംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.14 നാണ് സമ്പത്ത് രാജിനെ പിടികൂടിയത്.
ഡേവിഡിന്റെ ഭാര്യ ലീനയുടെ ബന്ധുവായ സാം ജെ.വത്സലനു ബാലരാമപുരം തേമ്പാമുട്ടത്തു ലീനയുടെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്കു നല്‍കിയിരുന്നു. തന്നെ മാറ്റി വീട് മറ്റൊരാള്‍ക്കു വാടകയ്ക്കു നല്‍കിയതു മൂലം സാമിനു വൈരാഗ്യമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഒന്‍പതരയോടെ ഡേവിഡിന്റെ വീട്ടില്‍ എത്തി സാം വീടിന്റെ ജനാലച്ചില്ലുകളും മറ്റും അടിച്ചു തകര്‍ത്തു മടങ്ങി.
രാത്രി പതിനൊന്നരയോടെ വീണ്ടും സാം എത്തിയതോടെ സംഘര്‍ഷമുണ്ടാവുകയും തലയ്ക്ക് അടിയേല്‍ക്കുകയുമായിരുന്നുവെന്നാണ് പോലീസ് കേസ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മാറനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ കൊറ്റംപള്ളി വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു സാം പരാജയപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























