പകല്‍ കൊള്ളയെന്നു മാത്രം പറഞ്ഞാല്‍ തീരുന്നതല്ല കരുവന്നൂരിലെ ബാങ്ക് കൊള്ള. ഏതൊക്കെ വഴിക്ക് പൊതുജനത്തിന്റെ പണം കീശയിലാക്കാമെന്ന് ഗവേഷണം നടത്തിയ ഒരു കൂട്ടം ജീവനക്കാരും രാഷ്ട്രീയക്കാരും നടത്തിയ കൊടുപാതകം എന്നു തന്നെ പറയാം

പകല്‍ കൊള്ളയെന്നു മാത്രം പറഞ്ഞാല്‍ തീരുന്നതല്ല കരുവന്നൂരിലെ ബാങ്ക് കൊള്ള. ഏതൊക്കെ വഴിക്ക് പൊതുജനത്തിന്റെ പണം കീശയിലാക്കാമെന്ന് ഗവേഷണം നടത്തിയ ഒരു കൂട്ടം ജീവനക്കാരും രാഷ്ട്രീയക്കാരും നടത്തിയ കൊടുപാതകം എന്നു തന്നെ പറയാം. കരുവന്നൂരില്‍ ബാങ്കില്‍ ഒന്നും അവശേിപ്പിക്കരുതെന്ന ഉദ്ദേശ്യത്തോടെ കറന്നെടുക്കുകയായിരുന്നു. ഓരോ ദിവസവും പുറത്തു വരുന്ന വിവരങ്ങളില്‍ നിന്നും ആസൂത്രിത കൊള്ളയുടെ കഥകള്‍ ഞെട്ടിക്കുന്നതാണ്. എന്നിട്ടും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇതൊന്നും കണ്ടെത്താത്തതെന്തെന്ന ചോദ്യം അവശേഷിക്കുകയാണ്.
കരുവന്നൂര്‍ സഹകരണബാങ്കില്‍ 17.41 ലക്ഷം നിക്ഷേപം പെരുപ്പിച്ചുകാണിച്ച് പലിശ നല്‍കിയത് 1.74 കോടി. വീട്ടമ്മമാരില്‍നിന്ന് മക്കളുടെ വിവാഹസമയത്ത് പിന്‍വലിക്കുന്നതിനായി ചെറിയ ഗഡു നിക്ഷേപങ്ങളായി സ്വീകരിച്ച മംഗല്യനിധിയിലെ 17.41 ലക്ഷം രൂപയ്ക്കാണ് 2018-19 സാമ്പത്തികവര്‍ഷം പലിശയിനത്തില്‍ 1.74 കോടി നല്‍കാനുണ്ടെന്ന് കാണിച്ചന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവാഹാവശ്യത്തിന് നല്‍കുന്ന വായ്പകൂടി മംഗല്യനിധിയാണെന്നു കാണിച്ചാണ് ഈ തട്ടിപ്പ് നടത്തിയത്. പലിശയിനത്തില്‍ വന്ന അധികതുക തട്ടിപ്പിന് നേതൃത്വം നല്‍കിയവര്‍ പങ്കിട്ടെടുക്കുകയും ചെയ്തു.
ഈ തുകയിലെ അസാധാരണ അന്തരം ചൂണ്ടിക്കാണിച്ച് സഹകരണ ഓഡിറ്റ് വിഭാഗം കണക്കുകള്‍ അവസാനിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയപ്പോള്‍ മുതലും പലിശയും നല്‍കിത്തീര്‍ത്തതായി കാണിച്ച് മംഗല്യനിധി ഇടപാട് ഉടനെ അവസാനിപ്പിച്ചു. 2013-14 സാമ്പത്തികവര്‍ഷം റബ്കോ ഉത്പന്നങ്ങള്‍ വിറ്റതിലൂടെ രണ്ടു സ്ഥാപനങ്ങളില്‍നിന്ന് 83.05 ലക്ഷം കിട്ടാനുണ്ടെന്ന് കണക്കുകാണിച്ചെങ്കിലും സഹകരണവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇത് 83,598 രൂപ മാത്രമാണെന്ന് കണ്ടെത്തി. പത്തിരട്ടിയാണ് അധികമായി കാണിച്ച് കള്ളക്കണക്കുണ്ടാക്കിയത്.സ്വര്‍ണാഭരണം മാത്രമേ സ്വര്‍ണപ്പണയത്തിന് ഈടായി വാങ്ങാവൂ എന്ന വ്യവസ്ഥ നിലനില്‍ക്കേ 2016-17-ല്‍ സ്വര്‍ണക്കട്ടികള്‍ പണയത്തിന് സ്വീകരിച്ചു.
സാധാരണയായി ബാങ്കുകള്‍ മൊത്തം നിക്ഷേപത്തിന്റെ ഏതാണ്ട് 70 ശതമാനം മാത്രം സ്ഥിരനിക്ഷേപമായി നിലനിര്‍ത്തി ലാഭം വര്‍ധിപ്പിക്കുന്പോള്‍ കരുവന്നൂര്‍ ബാങ്കില്‍ സ്ഥിരനിക്ഷേപം 95 ശതമാനമായിരുന്നു. സ്ഥിരനിക്ഷപം കാലാവധിയാകുമ്പോള്‍ മാത്രമാണ് പിന്‍വലിക്കുക എന്നതിനാല്‍ തട്ടിപ്പുകാര്‍ ഈ തുക അവരുടെ അക്കൗണ്ടിലേക്ക് മാറ്റി ഉപയോഗിക്കുകയായിരുന്നു പതിവ്.സാധാരണഗതിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കാണ് അര ശതമാനം അധികപലിശ നല്‍കുകയെന്നിരിക്കെ കരുവന്നൂര്‍ ബാങ്ക്, സ്ഥാപനങ്ങളുടെ പേരിലുള്ള നിക്ഷേപങ്ങളും മുതിര്‍ന്ന പൗരന്മാരുടെ അക്കൗണ്ടിലേക്ക് മാറ്റി ഉയര്‍ന്നപലിശ നല്‍കി.
2018-19-ല്‍ ജില്ലാ സഹകരണബാങ്കില്‍നിന്ന് 4.25 കോടി വായ്പയെടുത്ത് ഇത് വായ്പ നല്‍കാനായി വിനിയോഗിച്ചുവെന്ന് കാണിച്ചെങ്കിലും യഥാര്‍ഥത്തില്‍ 2.22 കോടി മാത്രമാണ് വായ്പ നല്‍കിയത്. ബാക്കി തുക ബാങ്കിലെ തട്ടിപ്പുകാര്‍ മുക്കി. 2019-20-ല്‍ ബാങ്കിന്റെ റിസര്‍വ് തുകയില്‍ 60 കോടിയാണ് കുറവു കാണിച്ചത്.
തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ചാക്കോള ഫെയര്‍നെസ് ഓയില്‍ കമ്പനി പൂട്ടിയപ്പോള്‍ ബാക്കിവന്ന ഉത്പന്നങ്ങള്‍ കരുവന്നൂര്‍ ബാങ്ക് വാങ്ങിയത് കോടികളുടെ തട്ടിപ്പിലൂടെയെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സൗന്ദര്യവര്‍ധകവസ്തുക്കള്‍ നിര്‍മിച്ചിരുന്ന കന്പനി 2012-ലാണ് പൂട്ടിയത്. അപ്പോള്‍ അവിടെയുണ്ടായിരുന്ന സ്റ്റോക്ക് കരുവന്നൂര്‍ ബാങ്ക് 2.34 കോടിയ്ക്ക് വാങ്ങിയെന്ന് രേഖയുണ്ടാക്കി. കേവലം 25 ലക്ഷത്തിന് നല്‍കാമെന്ന് കമ്പനി അറിയിച്ച വസ്തുക്കളാണ് ഉദ്യോഗസ്ഥരും ഭരണസമിതിയിലെ ചിലരും രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് 2.34 കോടിയ്ക്ക് വാങ്ങിയത്. ഇടപാടില്‍ ഒന്നരക്കോടി കമ്മിഷനായി കൈക്കലാക്കിയെന്നാണ് ആരോപണം.
ഇവയില്‍ രണ്ടു കൊല്ലം കൊണ്ട് ന്യായവിലസ്റ്റോറിലൂടെയും സൂപ്പര്‍മാര്‍ക്കറ്റിലൂടെയും വിറ്റത് 13,400 രൂപയുടെ വസ്തുക്കള്‍ മാത്രം. കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായ ഉത്പന്നങ്ങള്‍ രാത്രി കരുവന്നൂര്‍പ്പുഴയിലൊഴുക്കി. ബാങ്കിന്റെ പുതിയ കെട്ടിടത്തിനായി മണ്ണെടുക്കുകയാണെന്ന വ്യാജേന കുഴിയെടുത്ത് കുറേ അവിടെ മൂടുകയും ചെയ്തു. 2,000 മുതല്‍തന്നെ കന്പനിയുടെ ഉത്പന്നങ്ങള്‍ കരുവന്നൂര്‍ബാങ്ക് വാങ്ങി ന്യായവില സ്റ്റോറിലൂടെയും സൂപ്പര്‍മാര്‍ക്കറ്റിലൂടെയും വില്‍ക്കുന്നുണ്ടായിരുന്നു. ഇതില്‍ വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്ന് 2003-ല്‍ സഹകരണവകുപ്പ് കണ്ടെത്തിയിരുന്നു. 2003-04 സാമ്പത്തികവര്‍ഷം മാത്രം ചാക്കോളയുടെ 2,33,401 രൂപയുടെ ഉത്പന്നങ്ങള്‍ കാലാവധിയെത്തി വിറ്റഴിക്കാനാകാത്തതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കമ്പനിയുടെ ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍നിന്ന് കരുവന്നൂര്‍ബാങ്കിനെ സഹകരണ രജിസ്ട്രാര്‍ വിലക്കിയിരുന്നു.
കള്ളക്കണക്കുകളും പെരുപ്പിച്ച കടബാധ്യതയും കാരണം ഇനി ഒരു ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടാകാന്‍ കരുവന്നൂര്‍ ബാങ്കിന് കഴിയില്ലെന്നാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha

























