ഉമ്മന്‍ചാണ്ടിയുടേത് കടല്‍ക്കൊള്ള 'എന്റേത് സ്വപ്‌ന പദ്ധതി' പിണറായി വിഴിഞ്ഞത്തിന്റെ യഥാര്‍ത്ഥ കഥ

അന്തരിച്ച മുന്‍ മുഖ്യമന്ത്രി അദാനി ഗ്രൂപ്പുമായി വിഴിഞ്ഞം തുറമുഖ കരാര്‍ ഒപ്പിട്ടപ്പോള്‍ 5000 കോടി രൂപയുടെ കടല്‍ക്കൊള്ളയാണെന്ന് ആരോപണം ഉന്നയിച്ച സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു. കാലത്തിന്റെ കാവ്യനീതി അല്ലാതെ എന്ത് പറയാന്‍. റിയല്‍ എസ്റ്റേറ്റ് ഇടപാടിലൂടെ ഭൂമി തട്ടിപ്പ് നടത്താന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് ദേശാഭിമാനിയും കൈരളിയും ഇല്ലാക്കഥകള്‍ മെനഞ്ഞു. ഇന്ന് ദേശാഭിമാനിയും കൈരളിയും വിഴിഞ്ഞം എല്‍.ഡി.എഫിന്റെ സ്വപ്‌ന പദ്ധതിയായും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തിയായും അവതരിപ്പിക്കുന്നു. പണ്ട് എഴുതിയതും പറഞ്ഞതുമെല്ലാം വെറും നുണകളായിരുന്നെന്ന് അവര്‍ തന്നെ പറയാതെ പറയുന്നു. അന്ധമായ രാഷ്ട്രീയ വിരോധനത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കാന്‍ സി.പി.എം ശ്രമിച്ചതിന്റെയും അധികാരത്തിലേറിയപ്പോള്‍ പദ്ധതി തങ്ങളുടെ പേരിലാക്കുകയും ചെയ്യുന്നു. ഇരട്ടത്താപ്പിന് ക്ലാസിക് ഉദാഹരണമാണിത്.
1995 ല്‍ തുടക്കമിട്ട പദ്ധതിയായിരുന്നെങ്കിലും വിവാദങ്ങളിലും പ്രശ്‌നങ്ങളിലും പെട്ട് മുടങ്ങിക്കിടന്നിരുന്ന വിഴിഞ്ഞം പദ്ധതിക്ക് വീണ്ടും പുതുജീവന്‍ വെക്കുന്നത് 2011 ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായതോടെയാണ്. തുറമുഖ നിര്‍മ്മാണത്തിനായി ഉമ്മന്‍ചാണ്ടി കേന്ദ്ര സര്‍ക്കാറില്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തി. ഒടുവില്‍ 2015 ല്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ആരംഭിച്ചു. പ്രതിപക്ഷമായ സിപിഎമ്മില്‍ നിന്ന് മാത്രമല്ല സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ നിന്ന് വരെ അന്ന് ഉമ്മന്‍ചാണ്ടിക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. അങ്ങനെ ഉമ്മന്‍ചാണ്ടി നേരെ ഡല്‍ഹിക്ക് പറന്നു. സോണിയാ ഗാന്ധിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഗൗതം അദാനിയോടുള്ള എതിര്‍പ്പുകൊണ്ട് പദ്ധതിക്ക് തടസ്സം വരാന്‍ പാടില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്.
സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ വെച്ച് 2015ലാണ് വിഴിഞ്ഞം തുറമുഖ കരാര്‍ ഒപ്പിട്ടത്. അദാനിയുമായി ഒപ്പിട്ട 5550 കോടി രൂപയുടെ കരാറില്‍ 5000 കോടി രൂപയുടെ അഴിമതി ആരോപണം ആദ്യം ഉന്നയിച്ചത് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്. ഒറ്റ ടെന്‍ഡറിലൂടെയാണ് അദാനി ഗ്രൂപ്പിനെ തിരഞ്ഞെടുത്തത്. വി.എസ് സര്‍ക്കാറിന്റെ കാലത്തെ വ്യവസ്ഥകളും മാറ്റി. അതിനാല്‍ എല്‍.ഡി.എഫ് അഴിമതി ആരോപണം ഉന്നയിച്ചു. 6000 കോടി രൂപയുടെ ഭൂമി അദാനി ഗ്രൂപ്പിന് കൈക്കലാക്കാനുള്ള അവസരമാണ് കരാറിലൂടെ നല്‍കിയതെന്ന് പിണറായി അന്ന് ആരോപിച്ചു. 2015 മെയ് 16നായിരുന്നു അത്. കേന്ദ്ര മന്ത്രിയായിരുന്ന കെ.വി. തോമസിന്റെ ഡല്‍ഹിയിലെ വീട്ടില്‍ വെച്ച് ഉമ്മന്‍ചാണ്ടിയും ഗൗതം അദാനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ക്വട്ടേഷന്‍ നല്‍കിയ മൂന്ന് കമ്പനികളെ ഒഴിവാക്കി ഒറ്റ ടെന്‍ഡര്‍ നല്‍കിയതിന് പിന്നില്‍ പല താല്‍പര്യങ്ങളുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. ഇതേ പിണറായി പിന്നീട് അധികാരത്തിലേറിയ ശേഷം കേന്ദ്രസര്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കെ.വി തോമസിനെ ഡല്‍ഹിയിലെ കേരളാഹൗസില്‍ നിയമിച്ചു. ആരൊക്കെ എതിര്‍ത്താലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഉമ്മന്‍ചാണ്ടി അന്ന് വ്യക്തമാക്കി. ആ ഇച്ഛാശക്തിയാണ് വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകാന്‍ കാരണമായത്.
ഉദ്ഘാടനത്തിന് ശേഷം പദ്ധതിക്കായി ഡ്രഡ്ജിംഗ് ആരംഭിച്ചതോടെ അത് മുടക്കാനും സി.പി.എം ശ്രമിച്ചു. വിഴിഞ്ഞം മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെട്ടുവെന്നും മത്സ്യലഭ്യത കുറഞ്ഞതായും ദേശാഭിമായി വാര്‍ത്ത എഴുതി. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച സഹായങ്ങളും തൊഴില്‍ പുനരധിവാസവും സര്‍ക്കാര്‍ മറന്നു. കടല്‍ വിദേശ കപ്പലുകള്‍ക്കും കര വിഴിഞ്ഞം വാണിജ്യ പോര്‍ട്ടിനായി അദാനിക്കും നല്‍കിയതോടെ തീരദേശവാസികളുടെ മത്സ്യബന്ധനം അസാധ്യമായി എന്നും ആരോപിച്ചു. പിണറായി അധികാരത്തിലേറിയപ്പോള്‍ ഇതേ മത്സത്തൊഴിലാളികളെ തീവ്രവാദികളും രാജ്യദ്രോഹികളും വികസനവിരുദ്ധരുമായി ചിത്രീകരിക്കുന്നതാണ് കേരളം കണ്ടത്. പള്ളി വികാരികള്‍ അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പദ്ധതി പ്രദേശത്തിനടുത്തുള്ള കുരിശടി സ്ഥാപിക്കാന്‍ സ്ഥലം നല്‍കാമെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഇതുവരെ അനുവദിച്ചിട്ടില്ല. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന ഏഴ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. ഈ ഏഴ് കാര്യങ്ങളും പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചെങ്കിലും ഇതുവരെ അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
യു.ഡി.എഫ് കാലത്ത് അദാനി വിഴിഞ്ഞം പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പുവെച്ച 7525 കോടി രൂപയുടെ തുറമുഖ നിര്‍മ്മാണ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങാന്‍ പിണറായി സര്‍ക്കാരിന് കഴിയില്ലായിരുന്നു. കാരണം നഷ്ടപരിഹാരവും കേസും താങ്ങാവുന്നതിലും അധികമാകും. അതുകൊണ്ട് തന്നെ കഴിയുന്നത്ര വേഗത്തില്‍ പദ്ധതി പൂര്‍ത്തിയാക്കി അതിന്റെ നേട്ടം സംസ്ഥാനത്തിന് ലഭ്യമാക്കുക എന്ന പ്രായോഗിക സമീപനമാണ് മുഖ്യമന്ത്രി പിണറായി സ്വീകരിച്ചത്. 1000 ദിവസത്തിനകം പൂര്‍ത്തീകരിക്കുമെന്നാണ് 2015 ആഗസ്റ്റില്‍ കരാര്‍ ഒപ്പിടുമ്പോള്‍ ഗൗതം.എസ്. അദാനി പ്രഖ്യാപിച്ചത്. ഇതുപ്രകാരം 2018 സെപ്തംബര്‍ ഒന്നിന് പൂര്‍ത്തിയാകേണ്ടതായിരുന്നു. സമയപരിധി പാലിക്കാനും അദാനിക്കായില്ല. സമയപരിധി ലംഘിച്ചാല്‍ ദിവസം 12 ലക്ഷം രൂപവെച്ച് നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥ അനുസരിച്ച് സംസ്ഥാനം നോട്ടീസ് നല്‍കി. പക്ഷേ, ഓഖി, പാറകള്‍ ലഭിക്കാത്തത് എന്നിവ ചൂണ്ടിക്കാട്ടിയ അദാനി ഗ്രൂപ്പ് ആര്‍ബിട്രേഷന് പോകുമെന്ന് വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ പിന്നാക്കം പോയി.
അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട മാനദണ്ഡങ്ങളായ അന്താരാഷ്ട്ര കപ്പല്‍പാതയുടെ സാമീപ്യം, തീരത്തുനിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ അകലംവരെ 24 മീറ്റര്‍ സ്വാഭാവിക ആഴം തുടങ്ങിയവയെല്ലാം വിഴിഞ്ഞം തുറമുഖത്തിന്റെ സവിശേഷതകളാണ്. നിര്‍മ്മാണം പൂര്‍ത്തിയായി പൂര്‍ണസജ്ജമാകുന്നതോടെ കേരളത്തിന്റെ സാമ്പത്തികരംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ സാദ്ധ്യതയുള്ള തുറമുഖമായി മാറും. വിഴിഞ്ഞത്തുനിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് അന്താരാഷ്ട്ര കപ്പല്‍ചാലുള്ളത്. ഈ ദൂരം തന്നെയാണ് വിഴിഞ്ഞത്തിന്റെ പ്ലസ് പോയിന്റ്. കേരളത്തിലെ പ്രധാന തുറമുഖമായ കൊച്ചിക്ക് പോലും ഈയൊരു മുന്‍തൂക്കമില്ല. ഇങ്ങിനെ അനന്തമായ സാധ്യതകളുള്ളപ്പോഴാണ് ഇടതു മുന്നണി തുടക്കത്തില്‍ ഈ പദ്ധതിയെ എതിര്‍ത്തതും ഇപ്പോള്‍ അതിന്റെ രാഷ്ട്രീയ ലാഭം കൊയ്യാന്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കുന്നത്. ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ, ഭരണാധികാരിയുടെ നിശ്ഛയദാര്‍ഢ്യത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും ഫലമാണ് വിഴിഞ്ഞം തുറമുഖം. പക്ഷെ, അതിന്റെ ക്രഡിറ്റ് കീശയിലാക്കാനാണ് ഇടത് മുന്നണിയും സി.പി.എമ്മും നോക്കുന്നത്.
https://www.facebook.com/Malayalivartha

























