കപ്പലിലെ കള്ളനെ രക്ഷിക്കാന്‍ സി.എം...പാളയത്തില്‍ ക്രിമിനലുകള്‍...ക്യാപ്‌സ്യൂളായി പച്ചക്കള്ളം

സി.പി.എം പലതരത്തിലുള്ള ക്യാപ്‌സ്യൂളുകള്‍ പുറത്തിറക്കാറുണ്ടെങ്കിലും സ്വന്തം പാളയത്തിലുള്ള ക്രിമിനലുകളെ രക്ഷിക്കാനായി പച്ചക്കള്ളം പടച്ചുവിടുന്നത് കേട്ട് പാര്‍ട്ടിക്കാര്‍ തന്നെ അന്തംവിട്ടു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ ഓഫീസിനെതിരായ കൈക്കൂലി വിവാദത്തില്‍ ഇതുവരെ കാണാത്ത വളവുകളും തിരിവുകളുമാണ് സംഭവിക്കുന്നത്. ആരോപണം ഉന്നയിക്കുകയും പരാതി നല്‍കുകയും ചെയ്ത ഹരിദാസന് പെട്ടെന്ന് അള്‍ഷൈമേഴ്‌സ് പിടിപെട്ടിരിക്കുകയാണ്. ഒന്നും ഓര്‍മയില്ലെന്നാണ് അയാള്‍ പൊലീസിന് മൊഴി നല്‍കിയത്. കിലുക്കം സിനിമയില്‍ ഇന്നസെന്റിന്റെ കഥാപാത്രമായ കിട്ടുണ്ണി തിലകന്‍ അഭിനയിച്ച ജഡ്ജിനെ തെറിവിച്ച് പോയ ശേഷം തിരിച്ച് വന്നിട്ട് പറയുന്നത് പോലെ ' എന്നാ ഞാനൊരു സത്യം പറയട്ടെ, എനിക്കൊന്നും ഓര്‍മയില്ല'.
സിനിമയില്‍ കിട്ടുണ്ണിയോട് ജഡ്ജി ക്ഷമിച്ചത് പോലെ ഇവിടെ ഹരിദാസിനോടും പിണറായി പോലീസ് ക്ഷമിച്ചിരിക്കുന്നു. സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയുടെ ഓഫീസിനെതിരെയാണ് അതീവഗുരുതരമായ ആരോപണം ഉന്നയിച്ചത്, പിന്നീടത് വ്യാജമാണെന്ന് മലക്കംമറിഞ്ഞു. എന്നിട്ടും ആ മാന്യനായ പരാതിക്കാരനോട് ക്ഷമിക്കാന്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായിയുടെ പോലീസിന് മാത്രമേ കഴിയൂ. ഇതാണ് ശെരിക്കും ജനമൈത്രീ പോലീസ്. സ്വന്തം ജനതയെ രക്ഷിക്കുന്ന പോലീസ്. അറസ്റ്റിലായ അഖില്‍ സജീവും ബാസിതും സി.പി.എം പാളയത്തില്‍ തന്നെയുള്ള ക്രിമിനലുകളാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചത് ചുമ്മാതല്ല. സി.ഐ.ടി.യു പത്തനംതിട്ട ഓഫീസ് സെക്രട്ടറിയായിരുന്നു അഖില്‍ സജീവ്.
സി.ഐ.ടി.യു ഓഫീസ് കേന്ദ്രീകരിച്ചും ഇയാള്‍ തട്ടിപ്പ് നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞുകാണും. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിലെ ഫണ്ട് തട്ടിയെടുത്തെന്ന് നേതാക്കള്‍ പരാതിപ്പെട്ടിരുന്നു. എന്നിട്ടും പിണറായി പൊലീസ് അയാളെ അറസ്റ്റ് ചെയ്തില്ല. സി.ഐ.ടി.യു നല്‍കിയ പരാതിയില്‍ പോലും നടപടിയെടുത്തില്ലെങ്കില്‍ അഖില്‍ സജീവ് ചില്ലറക്കാരനല്ലെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് പത്തനംതിട്ടയില്‍ നിന്നും മുങ്ങി കോഴിക്കോട് കേന്ദ്രീകരിച്ച് ഇത്രകാലവും തട്ടിപ്പ് നടത്താന്‍ അഖില്‍ സജീവിന് അവസരമൊരുക്കിയത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പും പൊലീസുമാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചത്.
അഖില്‍ സജീവിനൊപ്പമുള്ള മറ്റൊരു പ്രതി എ.ഐ.എസ്.എഫിന്റെ മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയാണ്. ഇതും മുഖ്യമന്ത്രി മറന്നു പോയോ? മഞ്ചേരി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച തലാപ്പില്‍ സജീറിന്റെ വീട്ടില്‍ വച്ചാണ് ബാസിതിനെ പൊലീസ് ചോദ്യം ചെയ്തതും പിന്നീട് അറസ്റ്റ് ചെയ്തതും. എന്നിട്ടും ആരോഗ്യമന്ത്രിക്കെതിരെ ഗൂഡാലോചന നടത്തിയ പ്രതിക്ക് അഭയം നല്‍കിയ തലാപ്പില്‍ സജീറിനെതിരെ പൊലീസ് കേസെടുത്തില്ല. അതാണ് ജനമൈത്രി പോലീസിന്റെ കരുതല്‍.
'ഞാന്‍ നിങ്ങളുടെ പി.എസിനെ കണ്ട് കാര്യങ്ങള്‍ സംസാരിക്കാന്‍ പോകുകയാണ്.' എന്ന എസ്.എം.എസ് ബാസിത് അയച്ചത് ആരോഗ്യമന്ത്രിയുടെ പി.എ അഖില്‍ മാത്യുവിന്റെ മൊബൈല്‍ നമ്പറിലേക്കാണ്. അത് ബാസിത് പുറത്ത് വിട്ടിട്ടുമുണ്ട്. കൈക്കൂലി ആരോപണത്തില്‍ നിരപരാധിയാണെങ്കില്‍ അന്ന് തന്നെ മന്ത്രിയുടെ പി.എ ഇതിനെതിരെ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണ്? അതെല്ലാം മൂടി വച്ച് അന്വേഷണം വഴിതിരിച്ച് വിടാനാണെന്ന് സംശയിക്കുന്നു. ഇപ്പോള്‍ അറസ്റ്റിലായ ബാസിത് ആണ് തട്ടിപ്പിന് പിന്നിലെങ്കില്‍ അയാള്‍ തന്നെ പി.എയ്ക്ക് എതിരെ മന്ത്രി ഓഫീസില്‍ പരാതി നല്‍കാന്‍ തയാറുമോയെന്ന സംശയവുമുണ്ട്. അതുകൊണ്ടാണ്, പ്രിയപ്പെട്ട മുഖ്യമന്ത്രീ, നിങ്ങളുടെ പൊലീസ് പുറത്തുവിട്ട വിവരങ്ങള്‍ ഇപ്പോഴും സംശയകരമാണ്. പല കണ്ണികളും തമ്മില്‍ ചേരുന്നില്ല. ഒരു കള്ളം പറഞ്ഞാല്‍ അതിനെ മറയ്ക്കാന്‍ പല കള്ളങ്ങള്‍ വേണ്ടി വരുമെന്നാണല്ലോ- എന്ന് പ്രതിപക്ഷനേതാവ് പറഞ്ഞത്.
മന്ത്രിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത അഖില്‍ സജീവും ബാസിതും ഇടതുപക്ഷക്കാരാണ്. സി.പി.എമ്മും സി.പി.ഐയും ചെല്ലും ചെലവും നല്‍കി തട്ടിപ്പുകാരാക്കി വളര്‍ത്തിയെടുത്തവര്‍ എന്നാണ് പ്രതിപക്ഷനേതാവ് ആരോപിക്കുന്നത്. കിഫ്ബിയുടെ പേരില്‍ അഖില്‍ സജീവ് നടത്തിയ തട്ടിപ്പില്‍ ഒക്കച്ചങ്ങായിമാരായി യുവമോര്‍ച്ചാക്കാരുമുണ്ട്. അതേക്കുറിച്ചും മുഖ്യമന്ത്രി ഒന്നും പറഞ്ഞു കേട്ടില്ല. എന്നിട്ടും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പഴിയ്ക്കുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടിക്ക് മുന്നില്‍ നല്ല നമസ്‌ക്കാരം. ഉള്ളത് പറയുമ്പോള്‍ മറ്റെയാള്‍ക്കല്ല മുഖ്യമന്ത്രീ താങ്കള്‍ക്ക് തന്നെയാണ് തുള്ളല്‍. തുള്ളലിനെ കുറിച്ച് വി.ഡി സതീശന്‍ കുറച്ചുകൂടി വിശദമായി വ്യക്തമാക്കിയിട്ടുണ്ട്.
'ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണ്. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍, പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തല്ല മുഖ്യമന്ത്രി കസേരയിലാണ് ഇരിക്കുന്നതെന്ന് പിണറായി വിജയന്‍ ഓര്‍ക്കണം. ഇരിക്കുന്ന സ്ഥാനത്തിന്റെ വില കളയുന്ന തരത്തില്‍ ആവര്‍ത്തിച്ച് പച്ചക്കള്ളം വിളിച്ചു പറയുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധഃപതിക്കരുത്' എന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. മാധ്യമങ്ങള്‍ ഉള്ളത് പറയുമ്പോള്‍ മറ്റെയാള്‍ക്ക് തുള്ളല്‍ എന്നതു തന്നെയാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ അവസ്ഥയെന്നും അദ്ദേഹം പരിഹസിച്ചു.
അടിക്കടിയുണ്ടാകുന്ന ആരോപണങ്ങളിലും വിവാദങ്ങളില്‍ നിന്നും എങ്ങനെയും രക്ഷപെടുക എന്നതാണ് ഇടത് സര്‍ക്കാരിന് മുന്നിലുള്ള വഴി. അതിന് വേണ്ടിയാണ് കോഴ ആരോപണം എല്ലാം കോംപ്ലിമെന്റാക്കിയതെന്ന് കരക്കമ്പിയുണ്ട്. അത് ശെരിവയ്ക്കുന്ന രീതിയിലുള്ളതാണ് പോലീസിന്റെ അന്വേഷണവും സര്‍ക്കാരിന്റെ തണുപ്പന്‍ രീതിയും. അതും പോരാഞ്ഞ് എല്ലാം പ്രതിപക്ഷത്തിന്റെ പുറത്ത് ചാരി വെച്ചുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും കൂടിയാകുമ്പോള്‍ മൊത്തത്തിലൊരു ഉടായിപ്പ് മണക്കുന്നുണ്ട്. കാരണം പ്രതികള്‍ക്കോ, പരാതിക്കാരനോ പ്രതിപക്ഷ പാര്‍ട്ടികളുമായി യാതോരു ബന്ധവുമില്ല. അറസ്റ്റിലായ അഖില്‍ സജീവ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനായ അഖില്‍ മാത്യുവിനെ പുണ്യാളനാക്കുന്ന പ്രതികരണവും നടത്തി. എല്ലാം എഴുതിത്തയ്യാറാക്കിയ തിരക്കഥ പോലെയാണെന്ന് തോന്നുകേയില്ല, അത്രയ്ക്ക് സ്വാഭാവിമായാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. എന്നൊക്കെ നാട്ടുകാര്‍ പറയുന്നുണ്ടെങ്കില്‍ എന്താണ് നടന്നതെന്ന് അവര്‍ക്ക് മനസ്സിലായെന്ന് അര്‍ത്ഥം. എന്നിട്ടും ഒന്നും അറിയാത്ത പോലെ മുഖ്യമന്ത്രിയും ഭൂതഗണങ്ങളും വാര്‍ത്താസമ്മേളനങ്ങളില്‍ തകര്‍ത്ത് അഭിനയിക്കുന്നു.
https://www.facebook.com/Malayalivartha

























