കേരള മെഡിക്കൽ സർവീസസ് കോർപറേഷന് സർക്കാർ സഹായമായി 100 കോടി രൂപകൂടി അനുവദിച്ചു

കേരള മെഡിക്കൽ സർവീസസ് കോർപറേഷന് സർക്കാർ സഹായമായി 100 കോടി രൂപകൂടി അനുവദിച്ചു. ഈ വർഷം ആകെ 606 കോടി രൂപയാണ് കോർപറേഷന് സഹായമായി നൽകിയത്. ബജറ്റ് വിഹിതത്തിന് പുറമെ 250 കോടി രൂപ നൽകി.
356 കോടി രൂപയായിരുന്നു ബജറ്റ് വകയിരുത്തൽ. ഇതും അധികമായി 150 കോടി രൂപയും നേരത്തെ നൽകിയിരുന്നു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ ആശുപത്രികൾക്കായി മരുന്നുകൾ വാങ്ങിയതിന്‍റെ ബിൽ തുക നൽകുന്നതിനാണ് പണം അനുവദിച്ചത്.
അതേസമയം, കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡി(കെപിപിഎൽ)ന് സംസ്ഥാന സർക്കാർ സഹായമായി 25 കോടി രൂപ കൂടി അനുവദിച്ചതായി കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കമ്പനി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതത്തിൽനിന്നാണ് തുക ലഭ്യമാക്കുന്നത്.
കമ്പനിക്കായി ഈ വർഷം ബജറ്റിൽ വകയിരുത്തിയിരുന്ന തുകയിൽ ബാക്കിയുള്ള നാലു കോടിയും, അധിക ധനാനുമതിയായി 21 കോടി രൂപയുമാണ് ഇപ്പോൾ അനുവദിച്ചത്.
https://www.facebook.com/Malayalivartha