ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ വെടിവച്ച് വീഴ്ത്തി പൊലീസ്

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ വെടിവച്ച് കീഴ്‌പ്പെടുത്തി പൊലീസ്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനാണ് യുവതിയുടെ ഭര്‍ത്താവിനു നേരെ വെടിയുതിര്‍ത്തത്. കഴിഞ്ഞ ദിവസമാണ് നിക്കി (28) എന്ന യുവതി അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നിക്കിയുടെ ഭര്‍ത്താവ് വിപിനും മറ്റൊരു സ്ത്രീയും ചേര്‍ന്ന് നിക്കിയുടെ മുടിയില്‍ പിടിച്ച് വലിക്കുന്നതും ഉപദ്രവിക്കുന്നതുമാണ് ഒരു ദൃശ്യത്തിലുള്ളത്. ഷര്‍ട്ട് ധരിക്കാതെ നില്‍ക്കുന്ന വിപിന്റെ പുറത്തും വയറിലും ചോരപ്പാടുകളും കാണാം.
കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിപിനെ പിന്തുടര്‍ന്ന പൊലീസ് ഗ്രേറ്റര്‍ നോയിഡയിലെ സിര്‍സ റൗണ്ട്എബൗട്ടിന് സമീപത്തു വച്ച് കാലില്‍ വെടിവച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുറ്റബോധമില്ലെന്നും നിക്കി സ്വയം മരിച്ചതാണെന്നും ആശുപത്രിയില്‍ വച്ച് വിപിന്‍ പറഞ്ഞു. ''എനിക്ക് ഒരു കുറ്റബോധവുമില്ല. ഞാന്‍ അവളെ കൊന്നിട്ടില്ല. അവള്‍ സ്വയം മരിച്ചതാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ വഴക്കിടാറുണ്ട്. അത് വളരെ സാധാരണമാണ്.'' വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വിപിന്‍ പറഞ്ഞു.
വ്യാഴാഴ്ച ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് നിക്കി മരിച്ചത്. തുടര്‍ന്നാണ് വിപിനെ അറസ്റ്റ് ചെയ്തത്. വിപിനും അമ്മ ദയയും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ നിക്കിയെ തീകൊളുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. വിപിന്‍ അറസ്റ്റിലായെങ്കിലും, അമ്മ ദയ, അച്ഛന്‍ സത്യവീര്‍, സഹോദരന്‍ രോഹിത് എന്നിവര്‍ ഒളിവിലാണ്.
2016ലാണ് സിര്‍സ ഗ്രാമത്തിലുള്ള വിപിനെ നിക്കി വിവാഹം കഴിക്കുന്നത്. ആറുമാസത്തിനുശേഷം സ്ത്രീധനം ആവശ്യപ്പെട്ട് വിപിനും കുടുംബവും നിക്കിയെ പീഡിപ്പിക്കാന്‍ തുടങ്ങിയതായാണ് നിക്കിയുടെ സഹോദരി കാഞ്ചന്‍ പറയുന്നത്. കാഞ്ചനെയും ഈ കുടുംബത്തിലേക്കാണ് വിവാഹം ചെയ്തയച്ചത്. 36 ലക്ഷം രൂപ സ്ത്രീധനമായി വിപിന്റെ കുടുംബം ചോദിച്ചെന്നും കാഞ്ചന്‍ പറയുന്നു. വ്യാഴാഴ്ച രാത്രി വിപിന്റെ മുന്നില്‍വച്ച് അയാളുടെ മാതാപിതാക്കളാണ് നിക്കിയെ തീകൊളുത്തിയതെന്നും കാഞ്ചന ആരോപിക്കുന്നു.
https://www.facebook.com/Malayalivartha