കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസ് വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളില്‍ നിന്നും വിന്റര്‍ സീസണ്‍ വിമാന സര്‍വീസുകള്‍ മംഗലാപുരം, ലക്‌നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലേയ്ക്ക് മാറ്റിയ നടപടി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നോര്‍ക്ക പ്രൊഫഷണല്‍ ആന്‍ഡ് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റിനോട് അനുബന്ധിച്ച് മെല്‍ബണ്‍ എയര്‍പോര്‍ട്ട് പ്രോജക്ട് മാനേജരായ ആഷിഖ് അഹമ്മദിന്റെ കേരള എയര്‍ടെക് കോറിഡോര്‍ എന്ന ആശയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികള്‍ക്ക് സഹായകരമായി ഉയര്‍ന്നുവന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള വിമാനങ്ങളാണ് വഴിതിരിച്ചുവിടുന്നത്. ഇത് ഇവിടെത്തന്നെ പുനഃസ്ഥാപിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം.
ഫ്‌ലൈറ്റുകള്‍ ഏറ്റവും കൂടുതല്‍ ഇല്ലാതാകുന്നത് കണ്ണൂര്‍ എയര്‍പോര്‍ട്ടിനാണെന്നും, പോയിന്റ് ഓഫ് കോള്‍ സൗകര്യം ലഭിക്കാത്തതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തെ ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഒറ്റ ഡിജിറ്റല്‍ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാനുള്ള 'കേരള എയര്‍ടെക് കോറിഡോര്‍' എന്ന ആശയം സംസ്ഥാനത്തിന് കരുത്തുപകരുന്ന ഒന്നാണ്. ടയര്‍ ടു, ടയര്‍ ത്രീ നഗരങ്ങളിലേക്കുള്ള വളര്‍ച്ച സാദ്ധ്യമാക്കുന്ന ഈ ആശയം ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha