കരൂരില്‍ വിജയ്‌യുടെ റാലിക്കിടെ ദുരന്തത്തില്‍ മരിച്ചവര്‍ക്കായി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കരൂരില്‍ നടനും ടി.വി.കെ നേതാവുമായ വിജയ്‌യുടെ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 38 ആയി. ഇതില്‍ ഏഴ് കുട്ടികളും 13 സ്ത്രീകളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. കുഴഞ്ഞുവീണ കുട്ടികളക്കം 67 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 12 പേരുടെ നില ഗുരുതരമാണെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍ അറിയിച്ചു. നടന്നത് വലിയ ദുഖകരമായ സംഭവമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവരില്‍ ഒമ്പത് പൊലീസുകാരുമുണ്ട്. സ്റ്റാലിന്‍ ഉടന്‍ ചെന്നൈയില്‍ നിന്ന് കരൂരിലേക്ക് പുറപ്പെടും. സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ട. ജഡ്ജി അരുണ ജഗദീശന്‍ അദ്ധ്യക്ഷയായ കമ്മിഷന്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. ഇതിനിടെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്നും സ്വകാര്യ വിമാനത്തില്‍ വിജയ് ചെന്നൈയിലേക്ക് പുറപ്പെട്ടു.
വിജയ്‌യുടെ പ്രസംഗത്തിനിടെ ജനക്കൂട്ടം നിയന്ത്രണാതീതമാകുകയായിരുന്നു. നിയന്ത്രിക്കാനാവാത്ത തിരക്കിനിടയില്‍ നിരവധി പേര്‍ ബോധരഹിതരായി വീണതോടെ വിജയ് പ്രസംഗം മുഴുമിപ്പിക്കാനാകാതെ മടങ്ങി. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും എം പി പ്രിയങ്ക ഗാന്ധിയും അനുശോചനം അറിയിച്ചു.
https://www.facebook.com/Malayalivartha