തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 79കാരി മരിച്ചു

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 79കാരി മരണത്തിന് കീഴടങ്ങി. പോത്തന്‍കോട് വാവറ അമ്പലം സ്വദേശിനിയായ ഹബ്‌സാ ബീവി (79) ആണ് മരിച്ചത്. കഴിഞ്ഞ 16നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു മരണം. രണ്ടാഴ്ച മുമ്പ് പനിയെ തുടര്‍ന്ന് പോത്തന്‍കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇവര്‍ക്ക്, മുഖത്തെ നീരും പനിയും കുറയാത്തതിനാല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. നാല് ദിവസത്തിന് ശേഷം സ്‌ട്രോക്കിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് എസ്.യു.ടി. ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വൃക്കകള്‍ തകരാറിലാവുകയും മൂന്ന് തവണ ഡയാലിസിസ് നടത്തുകയും ചെയ്തു. പനി കുറയാതിരുന്നതിനാല്‍ വീണ്ടും വിശദമായ രക്തപരിശോധന നടത്തിയപ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ്. കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയത്വം, അസാധാരണമായ പ്രതികരണങ്ങള്‍ എന്നിവയും കണ്ടേക്കാം. രോഗം ഗുരുതരമായാല്‍ ഓര്‍മ്മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവയും ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടേണ്ടതാണ്.
രോഗം പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
* കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ തലമുങ്ങിക്കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക.
* ശുദ്ധമല്ലാത്ത വെള്ളത്തില്‍ മുഖവും വായും കഴുകുന്നത് ഒഴിവാക്കണം.
* നീന്തുന്നവരും നീന്തല്‍ പഠിക്കുന്നവരും മൂക്കില്‍ വെള്ളം കയറുന്നത് തടയാന്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
* വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധിയാണെന്ന് ഉറപ്പാക്കുക.
* കിണറുകള്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക. ഇത് അമീബയെ നശിപ്പിക്കാനും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) തടയാനും സഹായിക്കും.
* നീന്തല്‍ കുളങ്ങളിലെ വെള്ളം ആഴ്ചയില്‍ ഒരിക്കല്‍ പൂര്‍ണ്ണമായും ഒഴുക്കിക്കളയുക. വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകണം. ഫില്‍ട്ടറുകള്‍ വൃത്തിയാക്കി ഉപയോഗിക്കുക. പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്യണം.
https://www.facebook.com/Malayalivartha