ശബരിമല സ്വര്‍ണപ്പാളി വിവാദം: ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം. ദേവസ്വം ബോര്‍ഡിന്റെ മിനിട്‌സ് പിടിച്ചെടുക്കാനും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. നിലവിലെ അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി.
എസ്‌ഐടിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാമര്‍ശങ്ങളുണ്ട്. 2019ല്‍ വീഴ്ചകള്‍ അറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുവെന്ന് സൂചിപ്പിക്കുന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതിയില്‍ നിന്ന് വന്നിരിക്കുന്നത്.
ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ക്രമിനില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 2019ല്‍ സ്വര്‍ണപ്പാളി കൊണ്ടുപോയി തിരിച്ചെത്തിച്ചപ്പോള്‍ അത് തൂക്കിനോക്കാത്തത് സംശയം ജനിപ്പിക്കുന്നതായാണ് ഹൈക്കോടതി വിലയിരുത്തുന്നത്.
2025ല്‍ സ്വര്‍ണപ്പാളി കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് മുന്‍ നിലപാടില്‍ നിന്ന് ദേവസ്വം കമ്മിഷണര്‍ ഏഴ് ദിവസം കൊണ്ട് പിന്നോട്ട് പോയതെന്തിനെന്നാണ് കോടതിയുടെ മറ്റൊരു സംശയം. 2025ല്‍ സ്‌പെഷ്യല്‍ കമ്മിഷണറെ അറിയിക്കാതെ സ്വര്‍ണപ്പാളി കൊണ്ടുപോയതിന് പിന്നില്‍ കള്ളത്തരം മറച്ചുവയ്ക്കാനുള്ള ശ്രമമുണ്ടെന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു.
അടച്ചിട്ട കോടതി മുറിയിലാണ് കേസ് നടന്നത്. എസ്‌ഐടിയുടെ എസ്പി എസ് ശശിധരനെ വിളിച്ച് കോടതി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. നിലവിലെ അന്വേഷണ പുരോഗതി ഉദ്യോഗസ്ഥര്‍ കോടതിയ്ക്ക് കൈമാറി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു. കേസ് നവംബര്‍ 15ന് പരിഗണിക്കാനായി മാറ്റി. ശബരിമല സ്വര്‍ണക്കൊളളയില്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് നടന്നത്.
https://www.facebook.com/Malayalivartha