തന്നെ മര്‍ദിച്ച പൊലീസുകാരന്റെ വിവരങ്ങള്‍ പങ്കുവച്ച് ഷാഫി പറമ്പില്‍

പേരാമ്പ്രയില്‍ പൊലീസ് ആസൂത്രിത അക്രമമാണ് നടത്തിയതെന്ന് ഷാഫി പറമ്പില്‍ എംപി. സംഘര്‍ഷത്തില്‍ തന്നെ മര്‍ദിച്ച പൊലീസുകാരന്റെ വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഷാഫി പറമ്പില്‍. പൊലീസിന് ഇപ്പോഴും കണ്ടെത്താനാകാത്ത ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ സഹിതം ഷാഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിന്റെ തിരക്കഥയ്ക്കനുസരിച്ചാണ് പൊലീസ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിലിന്റെ വാക്കുകള്‍:
'സമരകാലത്തെപ്പറ്റി പറയുന്നവരും സമരവീര്യത്തെപ്പറ്റി പ്രസംഗിച്ചവരും ഇപ്പോള്‍ ഭരണത്തിന്റെ സുഖലോലുപതയ്ക്ക് അടിമകളാണ്. സമരമെന്ന് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് അലര്‍ജിയും പുച്ഛവുമാണ്. സമരരംഗത്ത് വീഴുന്ന ചോരയോട് അവര്‍ക്ക് പരിഹാസമാണ്. ഭരണം ആരുടെയും ഫിക്‌സഡ് ഡെപ്പോസിറ്റ് അല്ല. നാളെ ഏത് ഭരണം വന്നാലും പൊലീസ് സമരക്കാരുടെ മുഖത്തേക്ക് ഗ്രനേഡ് എറിയുന്നതും തലതല്ലി പൊളിക്കാന്‍ ശ്രമിക്കുന്നതിനും യോജിപ്പില്ലാത്ത യുവജന സംഘടനയില്‍ പ്രവര്‍ത്തിച്ചവരാണ് ഞങ്ങള്‍.
മൂക്ക് പൊട്ടിയാല്‍ സംസാരിക്കാന്‍ പറ്റുമോയെന്ന് ഏതെങ്കിലും സൈബര്‍ സഖാവ് ചോദിക്കുന്നത് മനസിലാക്കാം. പക്ഷേ, ഉത്തരവാദിത്തപ്പെട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇങ്ങനെ ചോദിക്കുന്നത് ശരിയാണോ. മൂക്കിന്റെ ചികിത്സയ്ക്ക് താടിയും മീശയും തടസമാകുമോ എന്ന് പരിചയമുള്ള ഏതെങ്കിലും ഡോക്ടറോട് ചോദിച്ചാല്‍ പറഞ്ഞുതരും. അതിനുള്ള പുതിയ ചികിത്സാ സംവിധാനങ്ങളെല്ലാം വന്നിട്ടുണ്ടെന്ന് മനസിലാക്കണം.
പേരാമ്പ്രയില്‍ പൊലീസ് ആസൂത്രിത അക്രമമാണ് നടത്തിയത്. അഭിലാഷ് ഡേവിഡ് എന്ന ഉദ്യോഗസ്ഥനാണ് എന്നെ മര്‍ദിച്ചത്. 2023 ജനുവരി 16ന് പെരുമാറ്റദൂഷ്യത്തെത്തുടര്‍ന്ന് ഇയാള്‍ സസ്‌പെന്‍ഷനിലായി. പിന്നീട് ഇയാളെ പിരിച്ചുവിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. വഞ്ചിയൂര്‍ സിപിഎം ഓഫീസിലെ നിത്യസന്ദര്‍ശകനാണ് ഇയാള്‍. പൊലീസ് സൈറ്റില്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങളില്ല. പക്ഷേ, നിലവില്‍ ഇയാള്‍ വടകര കണ്‍ട്രോള്‍ റൂം സിഐ ആണ്. സിപിഎമ്മിന്റെ തിരക്കഥയ്ക്കനുസരിച്ചാണ് പൊലീസുകാര്‍ പ്രവര്‍ത്തിക്കുന്നത്.'
https://www.facebook.com/Malayalivartha