മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി: 1000 രൂപ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച പ്രതിമാസം 1000 രൂപയുടെ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് അപേക്ഷ നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. നിലവില്‍ മറ്റ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ പദ്ധതികളിലൊന്നും അംഗമല്ലാത്ത, 35നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ അവസരം. ട്രാന്‍സ് വുമണ്‍ അടക്കമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
അര്‍ഹതാ മാനദണ്ഡങ്ങള്‍
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷകര്‍ പാലിക്കേണ്ട പ്രധാന വ്യവസ്ഥകള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷിക്കുന്നവര്‍ മറ്റ് സാമൂഹ്യക്ഷേമ പദ്ധതികളിലെ ഗുണഭോക്താക്കള്‍ ആകരുത്. കൂടാതെ, റേഷന്‍ കാര്‍ഡ് മാനദണ്ഡപ്രകാരം അന്ത്യോദയ അന്നയോജന (അഅഥ – മഞ്ഞ കാര്‍ഡ്) അല്ലെങ്കില്‍ മുന്‍ഗണനാ വിഭാഗത്തില്‍ (ജഒഒ – പിങ്ക് കാര്‍ഡ്) ഉള്‍പ്പെടുന്നവരായിരിക്കണം. 60 വയസ്സ് പൂര്‍ത്തിയാകുന്നതോടെ ഗുണഭോക്താവ് പദ്ധതിയില്‍ നിന്ന് പുറത്താകും. പദ്ധതിക്ക് അര്‍ഹതയുള്ളവര്‍ സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ളവരായിരിക്കണം.
അയോഗ്യതകള്‍
വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ തുടങ്ങിയ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍, സര്‍വീസ് പെന്‍ഷനുകള്‍, കുടുംബ പെന്‍ഷനുകള്‍, ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷനുകള്‍, ഇ.പി.എഫ്. പെന്‍ഷന്‍ എന്നിവ ലഭിക്കുന്നവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. സംസ്ഥാനത്തിനകത്ത് നിന്ന് താമസം മാറുകയോ, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളില്‍ (സ്ഥിരം/കരാര്‍) നിയമനം ലഭിക്കുകയോ ചെയ്താല്‍ ആനുകൂല്യത്തിനുള്ള അര്‍ഹത ഇല്ലാതാകും. അന്ത്യോദയ അന്നയോജന/മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നീല, വെള്ള റേഷന്‍ കാര്‍ഡുകളായി തരം മാറ്റപ്പെടുന്ന പക്ഷവും അര്‍ഹത നഷ്ടപ്പെടും.
അപേക്ഷയും മറ്റു നടപടിക്രമങ്ങളും
പ്രായം തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, െ്രെഡവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഹാജരാക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കില്‍, അപേക്ഷകരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് പ്രായം തെളിയിക്കുന്ന രേഖയായി ഉപയോഗിക്കാം. എല്ലാ ഗുണഭോക്താക്കളും പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയില്‍ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന നല്‍കണം. ഗുണഭോക്താവ് ഒരു മാസമോ അതിലധികമോ കാലം റിമാന്‍ഡ് ചെയ്യപ്പെടുകയോ ജയിലില്‍ അടക്കപ്പെടുകയോ ചെയ്യുന്ന പക്ഷം ആ കാലയളവിലെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. കൂടാതെ, ഗുണഭോക്താക്കള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക മസ്റ്ററിങ് ഉണ്ടായിരിക്കും. അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റുന്നവരില്‍ നിന്ന് തുക 18% പലിശ സഹിതം തിരികെ ഈടാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























