ചാലയിലെ സ്വർണക്കവർച്ച കേസിലെ പ്രതികൾ ഒളിപ്പിച്ചുവച്ച സ്വർണം അന്വേഷകസംഘം കണ്ടെത്തി... വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ

ചാലയിലെ സ്വർണക്കവർച്ച കേസിലെ പ്രതികൾ ഒളിപ്പിച്ചുവച്ച സ്വർണം അന്വേഷകസംഘം കണ്ടെത്തി. വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ക്വട്ടേഷൻ ഏറ്റെടുത്ത അനൂപ് രാജാണ് ഇവിടെ കുഴിച്ചിട്ടത്.
അനൂപ് തന്നെയാണ് സ്വർണം എടുത്ത് നൽകിയത്. 1.7 കിലോയോളം കണ്ടെടുത്തതായാണ് പ്രാഥമിക നിഗമനത്തിലുള്ളത്. കൂടുതൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് അറിയാനായി അനിൽ പ്രസാദ് (ഷാഡോ അനിൽ), അനൂപ്, വിനോദ് ആന്റണി, ശ്രാവൺ എന്നിവരെ ചോദ്യം ചെയ്തു വരുന്നു.
പ്രതികളെ വയനാട്ടിൽ നിന്ന് പിടികൂടുമ്പോൾ പൊലീസ് 488 ഗ്രാം സ്വർണം കണ്ടെത്തിയിരുന്നു. രണ്ട് കിലോ സ്വർണം നഷ്ടപ്പെട്ടതായാണ് വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ പരാതിയിലുള്ളത്. ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതികൾ സ്വർണം ഒളിപ്പിച്ചതെന്നാണ് വിവരം. സ്വർണക്കവർച്ചയിൽ മുഖ്യസൂത്രധാരൻ ആറ്റുകാൽ ഗോൾഡ് സിൽവർ ടെസ്റ്റിങ് ഉടമ അമൂൽ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. സുഹൃത്തായ ദിലീപും മാളവിക ജ്വല്ലറി ഉടമ ജയറാമുമായി ചേർന്നാണ് അമൂൽ കവർച്ചയ്ക്ക് പദ്ധതിയിട്ടത്. പ്രതികളെ അമൂലിനൊപ്പമിരുത്തി ചോദ്യംചെയ്യുകയാണ്. ജയറാമും പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ മറ്റ് ചില സാമ്പത്തിക തട്ടിപ്പ് പരാതികളും ലഭിച്ചിട്ടുണ്ട്.
കണക്കിൽപ്പെടാത്ത സ്വർണമായതിനാൽ നന്ദകുമാർ പൊലീസിനെ സമീപിക്കില്ലെന്നാണ് കരുതിയതെന്ന് പ്രതികൾ പറഞ്ഞു. എന്നാൽ, കവർച്ച നടന്ന രാത്രിതന്നെ നന്ദകുമാർ പൊലീസിലറിയിച്ചു.
"
https://www.facebook.com/Malayalivartha

























