സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

സിറോ മലബാര്‍ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. കേസില്‍ ഹൈക്കോടതി സ്വീകരിച്ച തുടര്‍നടപടികള്‍ ജൂഡീഷ്യല്‍ ആക്ടവിസത്തിന്റെ എല്ലാ പരിധികളും ലംഘിച്ചെന്ന് കോടതി നീരീക്ഷിച്ചു.
ഹൈക്കോടതിയുടെ തുടര്‍ ഉത്തരവ് ജുഡീഷ്യല്‍ ഇടപെടലിന്റെ എല്ലാ പരിധികളും ലംഘിച്ചെന്ന് സുപ്രീം കോടതി വിധിയില്‍ പരാമര്‍ശിക്കുന്നു. അനാവശ്യ ജുഡീഷ്യല്‍ ആക്ടിവിസം ഭരണകര്‍ത്താക്കളിലും നിയമരംഗത്തും ആശയക്കുഴപ്പമുണ്ടാക്കും റോസ്റ്റര്‍ മാറ്റിയിട്ടും ഹൈക്കോടതി ജഡ്ജി ഈ കേസ് തന്റെ കൈയില്‍ വച്ചെന്നും കോടതി വിമര്‍ശിച്ചു. കര്‍ദ്ദിനാളിന് സമന്‍സ് അയച്ച വിചാരണക്കോടതി നടപടി നിയമവിധേയമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലുള്ള ഭൂമി ഇടപാട് കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണഅടക്കം നേരിടണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. എന്നാല്‍ കര്‍ദ്ദിനാളിന്റെ ആവശ്യം കോടതി പൂര്‍ണ്ണമായി തള്ളി. ഹൈക്കോടതി ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിന്റെ പ്രധാനഭാഗം സുപ്രീം കോടതി ശരിവച്ചു.
ഹൈക്കോടതി വിധിയില്‍ രൂപത സ്വത്തുകളുടെ അവകാശത്തെ കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. പള്ളിയുടെ സ്വത്ത് പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും ഇവ കൈമാറ്റം ചെയ്യാന്‍ ബിഷപ്പുമാര്‍ക്ക് പൂര്‍ണ്ണ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് അടക്കം കര്‍ദ്ദിനാളിനെതിരായ കേസ് മാത്രം മുന്നിലുള്ളപ്പോള്‍ ഹൈക്കോടതി മറ്റു നടപടികളിലേക്ക് കടന്നതില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha























