കേരളത്തിൽ പൊതു വിദ്യാഭാസ വകുപ്പിന്റെ കീഴിലെ ഹയർ സെക്കൻഡറി വിഭാഗം പ്ലസ് വൺ കോഴ്‌സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് ജൂൺ മൂന്നുവരെ അപേക്ഷിക്കാം...

കേരളത്തിൽ പൊതു വിദ്യാഭാസ വകുപ്പിന്റെ കീഴിലെ ഹയർ സെക്കൻഡറി വിഭാഗം പ്ലസ് വൺ കോഴ്‌സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് ജൂൺ മൂന്നുവരെ hscap.kerala.gov.in വഴി അപേക്ഷിക്കാവുന്നതാണ്.
രണ്ടുവർഷമാണ് കോഴ്‌സ് ദൈർഘ്യം. മൊത്തം ആറ് വിഷയങ്ങളാണ് പഠിക്കേണ്ടത് - ഇംഗ്ലീഷ്, ഒരു ഭാഷാ വിഷയം (സെക്കൻഡ് ലാംഗ്വേജ്), നാല് ഓപ്ഷണൽ വിഷയങ്ങൾ.
ഭാഷാവിഷയങ്ങളിൽ മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, കന്നട, ഉറുദു, തമിഴ്, സിറിയക്, ലാറ്റിൻ, ജർമൻ, റഷ്യൻ, ഫ്രഞ്ച് എന്നിവയുണ്ട്.
വിവിധ ഓപ്ഷണൽ വിഷയങ്ങൾ ഉൾപ്പെടുന്ന 45 കോമ്പിനേഷനുകൾ തിരഞ്ഞെടുക്കാൻ ലഭ്യമാണ്. വിഷയങ്ങളുടെ സ്വഭാവമനുസരിച്ച്, ഈ 45 കോമ്പിനേഷനുകളെ സയൻസ് (ഒൻപത് എണ്ണം), ഹ്യുമാനിറ്റീസ് (32) കൊമേഴ്‌സ് (നാല്) ഗ്രൂപ്പുകളായി തിരിച്ച് പ്രോസ്െപക്ടസിൽ നൽകിയിട്ടുണ്ട് (ക്ലോസ് 18, പേജ് 21).
സയൻസ് ഗ്രൂപ്പിൽ, വിവിധ കോമ്പിനേഷനുകളിലായി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, ഹോം സയൻസ്, ജിയോളജി, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി എന്നീ വിഷയങ്ങളുണ്ട്.
ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യോളജി, ജിയോളജി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽ വർക്ക്, ഇസ്ലാമിക് ഹിസ്റ്ററി, സൈക്കോളജി, ആന്ത്രോപ്പോളജി, മലയാളം, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സാൻസ്‌ക്രിറ്റ് സാഹിത്യ, സാൻസ്‌ക്രിറ്റ് ശാസ്ത്ര, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നിവയാണ് വിവിധ വിഷയങ്ങൾ.
കൊമേഴ്‌സ് ഗ്രൂപ്പിൽ, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ വിഷയങ്ങൾ.
സയൻസ്/ഹ്യുമാനിറ്റീസ്/കൊമേഴ്‌സ് വിഭാഗങ്ങളിൽ ഓരോന്നിലും ഉൾപ്പെടുന്ന വിഷയങ്ങളിൽ നാലെണ്ണം വിവിധ കോമ്പിനേഷനുകളിലായി വരാം.
എല്ലാ രണ്ടാം ഭാഷാ വിഷയങ്ങളും, ഓപ്ഷണൽ വിഷയ കോമ്പിനേഷനുകളും എല്ലാ സ്‌കൂളുകളിലും ഉണ്ടാകില്ല. ഓരോ സ്‌കൂളിലും ഉള്ള രണ്ടാംഭാഷാ വിഷയങ്ങൾ, ഓപ്ഷണൽ കോമ്പിനേഷനുകൾ എന്നിവ ജില്ല തിരിച്ച്, വെബ് സൈറ്റിൽ നിന്നും മനസ്സിലാക്കാം (പ്രോെസ്പക്ടസ് > അനുബന്ധം 7 നോക്കുക)
പ്രവേശനയോഗ്യത
എസ്.എസ്.എൽ.സി. (കേരള സിലബസ്), ടി.എച്ച്.എസ്.എൽ.സി., സി.ബി.എസ്.ഇ./സി.ഐ.എസ്.സി.ഇ. ബോർഡുകളുടെ തത്തുല്യ പത്താംക്ലാസ് പരീക്ഷ തുടങ്ങിയവയിലൊന്ന് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ജയിച്ചവർക്ക് അപേക്ഷിക്കാം.
പൊതു പരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി + ഗ്രേഡോ തത്തുല്യ മാർക്കോ നേടി ഉന്നതപഠനത്തിന് യോഗ്യത നേടിയിരിക്കണം.
സി.ബി.എസ്.ഇ.യിൽ പഠിച്ചവരിൽ, മാത്തമാറ്റിക്‌സ് സ്റ്റാൻഡാർഡ് പാസ്സായവർക്കേ ഹയർ സെക്കൻഡറിയിൽ മാത്തമാറ്റിക്സ് ഉൾപ്പെടുന്ന കോംബിനേഷൻ തിരഞ്ഞെടുക്കാൻ അർഹത ലഭിക്കൂ.
അർഹതയില്ലാത്തവർ
സാക്ഷരതാ മിഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ്, മറ്റ് ഓപ്പൺ സ്‌കൂൾ സംവിധാനങ്ങൾ എന്നിവയുടെ അനൗപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ പത്താംതരം യോഗ്യത നേടിയവർക്ക് ഹയർ സെക്കൻഡറി റഗുലർ സ്ട്രീമിൽ അപേക്ഷിക്കാൻ അർഹതയില്ല. (ഈ സംവിധാനങ്ങളിലൂടെ പത്താംതരം യോഗ്യത നേടുകയും തുടർന്ന് കേരള സിലബസ് എസ്.എസ്.എൽ.സി.ക്ക് തുല്യമെന്ന, കേരള പരീക്ഷാഭവൻ തുല്യതാ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് സ്‌കോൾ - കേരള വഴി, മാനദണ്ഡങ്ങൾക്കു വിധേയമായി തുടർപഠനം സാധ്യമാണ്)
"
https://www.facebook.com/Malayalivartha


























