13 വയസ്സുകാരനെ രണ്ടാനച്ഛൻ മർദിച്ച സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; 13 കാരനും സഹോദരങ്ങൾക്കും അമ്മയ്ക്കും സംരക്ഷണം; സി.ഡബ്ല്യു.സി ഹോമിലേക്ക് മാറ്റി

കൊല്ലം ചടയമംഗലത്ത് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിനിരയായ 13 വയസ്സുകാരനെയും സഹോദരങ്ങളെയും അമ്മയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഹോമിലേക്ക് മാറ്റി. വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടലിനെത്തുടർന്നാണ് കുടുംബത്തിന് അടിയന്തര സംരക്ഷണം ഉറപ്പാക്കിയത്. കുട്ടികളെയും അമ്മയെയും ഹോമിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകിയിരുന്നു.
കുടുംബത്തിന്റെ ദുരവസ്ഥ നേരിട്ട് മനസ്സിലാക്കുന്നതിനായി മന്ത്രി ബിന്ദു കൃഷ്ണ ഇന്നലെ കുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. അമ്മയോടും കുട്ടികളോടും സംസാരിച്ച മന്ത്രി കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകി. ഇവരുടെ സുരക്ഷയും തുടർജീവിതവും ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതിന്റെ തുടർച്ചയായാണ് സി.ഡബ്ല്യു.സിയുടെ ഇടപെടലിലൂടെ കുടുംബത്തെ ഹോമിലേക്ക് മാറ്റിയത്.
കുടുംബത്തിന് ആവശ്യമായ സംരക്ഷണവും പിന്തുണയും ഉറപ്പാക്കുന്നതിനൊപ്പം അമ്മയ്ക്ക് വരുമാനമാർഗം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി ഹോമിൽ അമ്മയ്ക്ക് താൽക്കാലിക ജോലി നൽകും. കുട്ടികൾക്ക് സുരക്ഷിതമായ താമസസൗകര്യവും ആവശ്യമായ മാനസിക പിന്തുണയും പരിചരണവും ഉറപ്പാക്കും.
https://www.facebook.com/Malayalivartha

























