ബിസിസിഐ അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 17കാരി ക്രിക്കറ്റ് താരം മരിച്ച നിലയിൽ; രണ്ട് യുവാക്കൾ നിരന്തരം ശല്യം ചെയ്തിരുന്നെന്ന് കുടുംബം

ബിസിസിഐ അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 17കാരിയായ ക്രിക്കറ്റ് താരം നന്ദിനി റാത്തോഡിനെ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ വികാരാബാദിലാണ് സംഭവം. പഠനത്തിനും ക്രിക്കറ്റ് പരിശീലനത്തിനുമായി മുത്തശ്ശിയുടെ വീട്ടിൽ താമസിച്ചിരുന്ന നന്ദിനിയെ വീട്ടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് യുവാക്കളുടെ നിരന്തര ശല്യമാണ് മകളുടെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. അനിൽ എന്ന യുവാവ് പ്രണയം നടിച്ച് നന്ദിനിയെ പിന്തുടർന്നിരുന്നുവെന്നും കൃഷ്ണ ഇയാൾക്ക് പിന്തുണ നൽകിയിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നന്ദിനിയുടെ മൊബൈൽ ഫോണും സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. ആരോപണവിധേയരായ അനിലിനെയും കൃഷ്ണയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുമുണ്ടായി. ഒരു ക്രിക്കറ്റ് താരമാകാനുള്ള സ്വപ്നങ്ങളുമായി മുന്നോട്ടുപോയ പതിനേഴുകാരിയുടെ മരണത്തിന് പിന്നിലെ യഥാർഥ കാരണമെന്തെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി അന്വേഷണത്തിലൂടെ പുറത്തുവരേണ്ടത്.
https://www.facebook.com/Malayalivartha

























