വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ അർജുന്റെ വൃക്ക മുഴപ്പിലങ്ങാട് സ്വദേശിയായ രോഗിക്ക് വിജയകരമായി മാറ്റിവച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ വളക്കൈയിലെ അർജുന്റെ വൃക്ക മുഴപ്പിലങ്ങാട് സ്വദേശിയായ രോഗിക്ക് വിജയകരമായി മാറ്റിവച്ചു.
കണ്ണൂർ ആസ്റ്റർ മിംസിലായിരുന്നു ഉത്തര മലബാറിലെ ആദ്യ കഡാവറിക് ട്രാൻസ്‌പ്ലാന്റ് ശസ്‌ത്രക്രിയ. ദീർഘകാല രോഗം മൂലം കടുത്ത സാമ്പത്തിക പ്രയാസത്തിലായ മുപ്പത്തിയേഴുകാരനാണ് അർജുന്റെ വൃക്കയിലൂടെ പുതുജീവിതമായത്.
അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ദൗത്യം പൂർത്തിയാക്കിയത്. അവയവമാറ്റത്തിനായുള്ള സർക്കാർ സംവിധാനമായ കെ - സോട്ടോയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു യുവാവ്. അമ്മമാത്രം ആശ്രയമായുള്ള യുവാവിന് അർജുന്റെ കുടുംബത്തിന്റെ തീരുമാനം ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനാണ് വഴിയൊരുക്കുന്നത്.
അതേസമയം വളക്കൈ മാടത്താനിക്കുന്നിലെ ഗണേശൻ–തങ്കമണി ദമ്പതികളുടെ മകനാണ് ഇരുത്തിമൂന്നുകാരനായ അർജുൻ. മെയ് 27ന് രാത്രി വളക്കൈ പാലത്തിനു സമീപമായിരുന്നു വാഹനാപകടം. അർജുൻ സഞ്ചരിച്ച ബൈക്കിൽ പിക്കപ് വാൻ ഇടിക്കുകയായിരുന്നു. കണ്ണൂർ ആസ്‌റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 31ന് മസ്‌തിഷ്കമരണം സംഭവിക്കുകയായിരുന്നു. അർജുന്റെ മറ്റൊരു വൃക്കയും ഹൃദയവും കരളും കൊച്ചിയിലെയും കോഴിക്കോട്ടെയും ആശുപത്രികളിൽ മറ്റു മൂന്നുപേർക്കും പുതുജീവനേകുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























