മാസപ്പടി കേസില്‍ വീണയ്ക്ക് ബുധനാഴ്ച ഹാജരാകാന്‍ സമന്‍സ് ഇ.ഡി

മാസപ്പടി കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ്. ബുധനാഴ്ച ഹാജരാകണം എന്നാണ് നിര്‍ദേശം. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വെള്ളിയാഴ്ച ഹാജരാകാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥരെ ഇമെയിലിലൂടെ വീണ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും സമന്‍സ് നല്‍കിയത്.
നേരത്തെ, ഇ.ഡി. കൊച്ചി യൂണിറ്റില്‍ നേരിട്ടു ഹാജരാകാനുള്ള സമന്‍സിന് മറുപടിയായി വീണ അവധി അപേക്ഷ നല്‍കിയിരുന്നു. അധികൃതര്‍ ആവശ്യപ്പെട്ട രേഖകള്‍ കൈമാറാമെന്നും അഭിഭാഷകര്‍ ഹാജരായി രേഖകള്‍ കൈമാറുമെന്നുമാണ് അറിയിച്ചത്. എന്നാല്‍, വീണ നേരിട്ട് ഹാജരാകണമെന്ന നിലപാടിലാണ് ഇ.ഡി.
വീണയെ ചോദ്യംചെയ്തതിനുശേഷം സി.എം.ആര്‍.എല്‍. അധികൃതരിലേക്ക് കടക്കാനാണ് ഇ.ഡി.നീക്കം. കരിമണല്‍ കമ്പനിയില്‍നിന്ന് എന്തിന് പണം ലഭിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം. ഇല്ലാത്ത ചെലവുകള്‍ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സി.എം.ആര്‍.എലുമായി ബന്ധപ്പെട്ട് നടന്നെന്നാണ് എസ്.എഫ്.ഐ.ഒ. കണ്ടെത്തല്‍.
കമ്പനിയില്‍നിന്ന് വീണയ്ക്ക് 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 2.78 കോടി രൂപയും എംപവര്‍ ഇന്ത്യ ക്യാപിറ്റലില്‍നിന്ന് 50 ലക്ഷം വായ്പയും ലഭിച്ചു. നേരത്തേ 12 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 242 അക്കൗണ്ടുകളിലായി 18 കോടിയിലേറെ രൂപ മരവിപ്പിച്ചിരുന്നു. എക്‌സാലോജിക്കും കരിമണല്‍ കമ്പനിയും തമ്മിലുള്ള എല്ലാ ഇടപാടുകളുടെയും രേഖകള്‍ ഇ.ഡി.ക്കു കൈമാറാന്‍ നേരത്തേ കോടതി നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha



























