ഒന്‍പത് വയസുകാരനെയും രണ്ടര വയസുകാരനെയും കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി പിതാവ്

കര്‍ണാടകയിലെ യാദ്ഗിരി ജില്ലയിലെ ജലസേചന കനാലില്‍ രണ്ട് കുഞ്ഞുങ്ങളെ തള്ളിയിട്ടുകൊലപ്പെടുത്തി പിതാവ്. ഒന്‍പത് വയസുള്ള പെണ്‍കുട്ടിയും രണ്ടര വയസുള്ള ആണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ശാന്തപ്പയെ പൊലീസ് അറസ്റ്റുചെയ്തു. കുട്ടികള്‍ക്ക് അമ്മയോടുള്ള അമിത സ്‌നേഹമാണ് പിതാവിന്റെ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് വിവരം.
കഴിഞ്ഞദിവസം വൈകുന്നേരം 3.30 ഓടെയാണ് യാദ്ഗിരി ജില്ലയിലെ ജലസേചന കനാലില്‍ നിന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതക വിവരം പ്രതി തന്നെയാണ് പൊലീസിനെ അറിയിച്ചത്. സംഭവദിവസം ഉച്ചയ്ക്ക് മൂന്ന് മക്കളുമായി വീട്ടില്‍നിന്നിറങ്ങിയ ഇയാള്‍ സൈക്കിളില്‍ അവരെ കനാലിന്റെ കരയിലേക്ക് കൊണ്ടുപോയി. ശേഷം മകനെയും മകളെയും കനാലിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് ആറുവയസുള്ള മകളുമായി യാദ്ഗിരി ടൗണിലെത്തിയ ഇയാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
രാത്രി ഏറെ വൈകിയതിനാല്‍ പൊലീസിന് തെരച്ചില്‍ നടത്താന്‍ സാധിച്ചില്ല. പിറ്റേദിവസം രാവിലെ ആറരയോടെ അഗ്‌നിശമനസേനയുടെ സഹായത്തോടെ തെരച്ചില്‍ പുനരാരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച രണ്ടുമക്കള്‍ക്കും ഭാര്യയോടായിരുന്നു സ്‌നേഹമെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























