വന്യജീവി പ്രശ്നം വനം വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമായി കാണാതെ കൃഷി, റവന്യൂ വകുപ്പുകളുടെ സംയോജിത ഇടപെടലിലൂടെ പരിഹരിക്കും; ഉറപ്പ് നൽകി മന്ത്രി ഷിബു ബേബി ജോൺ

വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന ജീവഹാനികൾക്കും കൃഷി നാശത്തിനുമുള്ള നഷ്ടപരിഹാര തുകയിൽ 100 ശതമാനം വർധനവ് വരുത്താൻ സർക്കാർ തീരുമാനിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ . കൃഷി വകുപ്പുമായി സഹകരിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ചർച്ച് പാരിഷ് ഹാളിൽ സംഘടിപ്പിച്ച 'കർഷക സുരക്ഷ - വന്യജീവി സംഘർഷ ലഘൂകരണം' സംസ്ഥാനതല കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി പ്രശ്നം വനം വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമായി കാണാതെ കൃഷി, റവന്യൂ വകുപ്പുകളുടെ സംയോജിത ഇടപെടലിലൂടെ പരിഹരിക്കുമെന്നും, തദ്ദേശീയ അനുഭവങ്ങളും ആധുനിക സാങ്കേതികവിദ്യകളും കോർത്തിണക്കി കർഷകരുടെ ജീവനും സ്വത്തിനും പൂർണ്ണ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
കാർഷിക നാശനഷ്ടങ്ങൾക്കുള്ള ധനസഹായ വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. മുഖ്യമന്ത്രി, കൃഷി മന്ത്രി, ധനകാര്യ മന്ത്രി എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാര തുക ഇരട്ടിയാക്കാൻ തീരുമാനിച്ചത്.
ഇതനുസരിച്ച് കുരങ്ങ് ഉൾപ്പെടെയുള്ള വന്യജീവികൾ നശിപ്പിക്കുന്ന ഒരു തേങ്ങയ്ക്ക് 15 രൂപ നിരക്കിലും, കൊക്കോ കൃഷിനാശത്തിന് തടമൊന്നിന് 30 രൂപ നിരക്കിലും നഷ്ടപരിഹാരം നൽകും. എക്കോ സെൻസിറ്റീവ് സോൺ അല്ലെങ്കിൽ ഇ.എഫ്.എൽ നടപടികളുടെ പേരിൽ അർഹമായ നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുന്ന രീതി ഇനി അനുവദിക്കില്ലെന്നും തറവില നിശ്ചയിച്ച് അർഹമായ കോമ്പൻസേഷൻ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























