കരമന കൂടത്തില് തറവാട്ടിലെ ജയമാധവന് നായരുടെ മരണത്തില് അന്വേഷണം ഊര്ജിതമാക്കി

തിരുവനന്തപുരം കരമന കാലടിയില് കൂടത്തില് തറവാടിലെ ജയമാധവന് നായര് (63) 2017 ഏപ്രില് 2നു കൊല്ലപ്പെട്ട കേസില് മൂന്ന് പ്രതികളുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ കാര്യസ്ഥന് കരമന കോവില്വിളാകം രവീന്ദ്രന് നായര്ക്കു പുറമേ ജഗതി കണ്ണേറ്റുമുക്ക് സ്വദേശി സാജു, കരമന സ്വദേശി അനില്കുമാര് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്. കൊലപാതകത്തിന് ഇവര് സഹായം നല്കിയെന്നാണ് കണ്ടെത്തല്. ഇതില് അനില്കുമാര് 3 വര്ഷംമുന്പ് മരിച്ചു. രവീന്ദ്രന്റെ അടുത്ത സഹായിയായ സാജു വിദേശത്താണ്. ഇയാളെ പിടികൂടാനുള്ള നടപടികള് പുരോഗമിക്കുകയാണ്. തലയ്ക്കടിച്ചാണോ തള്ളിയിട്ടാണോ കൊലപാതകമെന്ന കാര്യത്തില് വ്യക്തത വരുത്താനുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.
കേസിലെ മറ്റു പ്രതികളുടെ പങ്ക്, തെളിവുകള് നശിപ്പിക്കാന് ശ്രമിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില് കൂടുതല് വ്യക്തത വരുത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതിനിടെ, സ്വത്തുകൈമാറ്റത്തിന് വ്യാജ വില്പത്രവും ആധാരവും ഉണ്ടാക്കിയ സംഭവത്തില്, കൂടത്തില് തറവാട്ടിലെ ബന്ധുക്കള് കേസില് കക്ഷിചേര്ന്നു.
റിമാന്ഡിലുള്ള രവീന്ദ്രന് നായരെ 2 ദിവസത്തിനകം കസ്റ്റഡിയില് വാങ്ങി തെളിവെടുപ്പ് നടത്തും. കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും മറ്റു പ്രതികളുടെ പങ്കും വ്യക്തമാക്കുന്നതിനൊപ്പം ശാസ്ത്രീയ തെളിവുകള് ഉള്പ്പെടെ പരിശോധിച്ച് അന്വേഷണം പൂര്ത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. രവീന്ദ്രന് നായരെ കര്ണാടക മഡിവാളയിലെ ഫൊറന്സിക് സയന്സ് ലബോറട്ടറിയില് എത്തിച്ചാണ് ബ്രെയിന് മാപ്പിങ് നടത്തിയത്. അതുവരെ നല്കിയ മൊഴികള് എല്ലാം കള്ളമാണെന്നാണ് പരിശോധനയില് വ്യക്തമായത്. വീട്ടുജോലിക്കാരി ലീല തെളിവുകള് നശിപ്പിക്കാന് ശ്രമിച്ചെന്നു പൊലീസ് സംശയിക്കുന്നു. ജയമാധവന് നായരുടെ കട്ടിലിലെ രക്തംപുരണ്ട ബെഡ്ഷീറ്റ്, തലയണ എന്നിവ ഇവര് നശിപ്പിച്ചുവെന്നാണു വിവരം.
https://www.facebook.com/Malayalivartha

























